ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തെ പ്രധാന ചർച്ച വിഷയായി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ഇടപാടായ ഇലക്ട്രൽ ബോണ്ട് (തെരഞ്ഞെടുപ്പ് കടപ്പത്രങ്ങൾ ) മാറുന്നതിനിടയിലാണ് ഡൽഹി മുഖ്യമന്ത്രിയും രാജ്യത്തെ ബിജെപി വിരുദ്ധരിൽ പ്രമുഖനുമായ അരവിന്ദ് കേജരിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ട്രൽ ബോണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ട് ക്വിഡ് പ്രോ ക്വിഡ് (ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ ) ആരോപണത്തിൽ മുങ്ങിത്താഴാൻ കേന്ദ്ര സർക്കാറും ഭരണത്തിന് നേതൃത്വവും മുങ്ങിത്താഴും പോകുന്നു എന്ന വിലയിരുത്തലിനിടയിലാണ് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. അഴിമതികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് വളർന്നു വന്ന എഎപിയുടെ തലതൊട്ടപ്പനെ തന്നെ അറസ്റ്റു ചെയ്തു കൊണ്ടാണ് കേന്ദ്ര സർക്കാർ തങ്ങൾക്കെതിരെ ഉയരാൻ പോകുന്ന വൻ കുംഭകോണത്തിൽ നിന്നും രാജ്യത്തിൻ്റെ ശ്രദ്ധയ തിരിച്ചു വിട്ടിരിക്കുന്നത്.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങൾക്കെതിരെ പ്രവർത്തനം ആരംഭിച്ചു കൊണ്ടാണ് അരവിന്ദ് കേജരിവാൾ റവന്യൂ സര്‍വീസില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. കേജരിവാളിൻ്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന അഴിമതി വിരുദ്ധ സംഘമായിരുന്ന ഇന്ത്യന്‍ എഗന്‍സ്റ്റ് കറപ്ഷന്‍ എന്ന കൂട്ടായ്മയാണ് 2011 ഗാന്ധി ജയന്തി ദിനത്തില്‍ ആംആദ്മി പാര്‍ട്ടിയായി മാറിയത്. പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം 2013ൽ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി മികച്ച നേട്ടമുണ്ടാക്കി. കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ ആം ആദ്മി പാർട്ടി ദേശീയ കൺവൻ തലസ്ഥാന നഗരത്തിൻ്റെ മുഖ്യ മന്ത്രിയായി. തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കാനായില്ലെന്നതിന്റെ പേരില്‍ 49 ശേഷത്തിന് ശേഷം മുഖ്യമന്ത്രി പദം കേജരിവാൾ രാജിവച്ചു.
2014 ന് ശേഷമുള്ള മോദി തരംഗത്തിനിടയിൽ 2015ല്‍ ഡല്‍ഹിയിലെ 70ല്‍ 67 സീറ്റും വിജയിച്ച് ആംആദ്മി ശക്തമായ തിരിച്ചുവരവ് നടത്തി. കേന്ദ്ര ഭരണ പാർട്ടിയായ ബിജെപി വെറും 3 സീറ്റില്‍ ഒതുങ്ങിയപ്പോൾ കോൺഗ്രസ് രാജ്യ തലസ്ഥാനത്ത് വട്ടപ്പൂജ്യമായി. 2020ല്‍ 62 സീറ്റുമായി വീണ്ടും വിജയം. തുടർന്ന് ആംആദ്മിയുടേയും കേജരിവാളിൻ്റെയും പടയോട്ടമായിരുന്നു. ചുരുങ്ങിയ നാളുകൾക്കുള്ളിൽ എഎഎപിയെ ദേശീയ പാര്‍ട്ടിയായി വളര്‍ത്തി. പഞ്ചാബിലും ഗുജറാത്തിലും ഗോവയിലും പാര്‍ട്ടി ശക്തമായ അടിത്തറയുണ്ടാക്കി. പഞ്ചാബിൽ പാർട്ടി അതികാരം പിടിച്ചു. ഇതിനിടയിൽ ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശക്തനായ വിമർശനായി ആം ആദ്മി പാർട്ടിയുടെ ഗോഡ്ഫാദർ മാറുകയായിരുന്നു. പിന്നിട് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയത്ത് ബിജെപി വിരുദ്ധ ഇൻഡ്യ മുന്നണിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി കേജരിവാൾ മാറി.
പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന കോൺഗ്രസിനേക്കാൾ ശക്തമായി ആംആദ്മി നടത്തിയ വിമർശനങ്ങൾ മോദിയുടെയും കൂട്ടരുടേയും കുറിക്കു കൊണ്ട്. ബിജെപിക്ക് ബദൽ രാഷ്ട്രീയം അവതരിപ്പിച്ച് കേജരിവാളും എഎപിയും മുന്നേറുന്നതിനിടയിലാണ് 2021 ൽ ഡൽഹിയിൽ സർക്കാരിൻ്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത്. 2021 നവംബറിലാണ് പുതിയ മദ്യനയം അനുസരിച്ച് സര്‍ക്കാര്‍ മദ്യവില്‍പനയില്‍ നിന്നും പൂര്‍ണമായും പിൻമാറി സ്വകാര്യ കമ്പനികള്‍ക്ക് നൽകി. ഡല്‍ഹിയെ 32 മേഖലകളാക്കി തിരിച്ച് തിരിച്ച് ഓരോയിടത്തും 27 കടകള്‍ ഉൾപ്പെടെ 864 ഔട്ട്‌ലെറ്റുകള്‍ക്ക് ടെന്‍ഡര്‍ വിളിച്ചായിരുന്നു സ്വകാര്യ കമ്പനികൾക്ക് മദ്യം വിൽക്കാൻ അനുമതി നൽകിയത്.
തുടർന്ന് പുതിയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റും എംപിയുമായ മനോജ് തിവാരി ലഫ്റ്റനന്റ് ഗവര്‍ണര്‍വി.കെ.സക്സേനയ്ക്ക് പരാതി നല്‍കുന്നതോടെയാണ് ഡൽഹി മദ്യനയ അഴിമതിക്കേസിന് തുടക്കമാകുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെയുണ്ടായ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങളിലെ പിഴവുകള്‍ക്കുമെതിരെ 2022 ജൂലൈ 22 ന് സിബിഐ അന്വേഷണത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്ര സർക്കാരിന് ശുപാര്‍ശ നൽകി. സംഭവം വിവാദമായതോടെ 2022 ജൂലായ് 30ന് പുതിയ മദ്യനയത്തില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പിൻമാറി.
2022 ഓഗസ്റ്റ് 17 ന് വഞ്ചന, കൈക്കൂലി എന്നീ കുറ്റങ്ങള്‍ ചുമത്തി എക്സൈസ് മന്ത്രിയായിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മദ്യ വ്യവസായികള്‍ക്കുമെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2022 ഓഗസ്റ്റ് 22 ന് സിബിഐയില്‍നിന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി ) കേസിന്റെ വിവരങ്ങൾ ശേഖരിക്കുകയും മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലിന് കേസെടുക്കുകയും ചെയ്തു. പിന്നീട് രാജ്യമൊട്ടാകെ ചർച്ച ചെയ്യുന്ന വിഷയമായി ഡൽഹി മദ്യനയം മാറി.
തുടർന്ന് അഴിമതിയെ തൂത്തെറിയാൻ ചൂലിനെ തെരഞ്ഞെടുപ്പ് ചിഹ്നമാക്കിയ പാർട്ടിയെ പിന്നെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അഴിമതിയുടെ നിഴലിൽ നിർത്തുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. നരേന്ദ്ര മോദിയുടെ രാജ്യത്തെ ഏറ്റവും വലിയ വിമർശകനായ അരവിന്ദ് കേജരിവാളിനെ പിന്നീട് സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതായിരുന്നു കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെല്ലാം. എഎപിയുടെ അഴിമതി വിരുദ്ധതയ്ക്ക് കളങ്കം ചാർത്തി ബിജെപി ഇഡി നീക്കങ്ങൾ ഉപയോഗിച്ച് വൻ പ്രചരണം അഴിച്ചുവിട്ടു.
ഒടുവിൽ കേന്ദ്ര ഭരണ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന, ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമായ ഭരണഘടനാവിരുദ്ധ മായ ഇലക്ട്രൽ ബോണ്ടുകൾ വഴി കേന്ദ്ര ഭരണ പാർട്ടി സഹസ്രകോടികൾ വാങ്ങിയെന്ന വിവരം പുറത്തായ ദിവസം തന്നെ അഴിമതി വിരുദ്ധതയുടെ ആൾരൂപമെന്ന വിശേഷണമുള്ള അരവിന്ദ് കേജരിവാളിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തു. ബിജെപിക്കെതിരെ അഴിമതി ആരോപണമുയർത്തി മോദിയുടെ ക്ലീൻ ഇമേജിന് ഭീഷണി ഉയർത്തിയ നേതാവിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതോടെ രാജ്യത്തിൻ്റെ ശ്രദ്ധ തൻ്റെ പാർട്ടിയുടെ ബോണ്ട് അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര ഏജൻസിയുടെ നടപടിക്കായി.
മദ്യ വ്യവസായികളെ മാപ്പുസാക്ഷിയാക്കി തെളിവുണ്ടാക്കി അരവിന്ദ് കേജരിവാളിനെയും പാർട്ടി നേതാക്കളെയും കുടുക്കാൻ ഇഡി ശ്രമിക്കുന്നു എന്ന ആരോപണം ഉയരുന്നതിനിടയിലാണ് ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പുറത്തു വരുന്നതും ഡൽഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യുന്നതും.കേസിൽ മാപ്പുസാക്ഷിയായ വ്യവസായി പി ശരത്ചന്ദ്ര റെഡ്ഡിയുടെ അരബിന്ദോ ഫാർമസ്യൂട്ടിക്കൽ കമ്പനി കോടികളാണ് ബിജെപിക്ക് ഇലക്ട്രൽ ബോണ്ടുകൾ വഴി സംഭാവന നൽകിയതെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
ഇഡി അറസ്റ്റ് ചെയ്തതിന് ശേഷമാണ് വ്യവസായി കോടികൾ കേന്ദ്ര ഭരണപ്പാർട്ടിക്ക് സംഭാവന ചെയ്തത് എന്നതും കഴിഞ്ഞ ദിവസം വെളിവായിരുന്നു. ഈ വിവരങ്ങൾ പുറത്താകുന്നതിന് മുമ്പ് തന്നെ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തത് മദ്യനയ അഴിമതിക്കേസ് ഡൽഹിയിലെ ലെഫ്.ഗവർണറെയും കേന്ദ്ര ഏജൻസികളെയും ഉപയോഗിച്ച് നടത്തിയ കെട്ടുകഥയാണെന്ന് പുറം ലോകമറിയാതിരിക്കാനാണ് എന്ന സൂചനകളുമുണ്ട്.
അരബിന്ദോ ഫാർമയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ശരത് ചന്ദ്ര റെഡ്ഡിയുടേയും ബിആർഎസ് നേതാവ് കെ കവിതയുടേയും നിയന്ത്രണത്തിലുള്ള ‘സൗത്ത് ഗ്രൂപ്പ്’ ഡൽഹിയിലെ മദ്യവ്യാപാരത്തിൻ്റെ നിയന്ത്രണം നേടാൻ ആംആദ്‌മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കൈക്കൂലി നൽകിയെന്നായിരുന്നു ഇഡിയുടെ ആരോപണം. തുടർന്ന് 2022 നവംബർ 10 നാണ് മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് വ്യവസായി പി ശരത് ചന്ദ്ര റെഡ്ഡിയെ അറസ്റ്റ് ചെയ്തു. പിന്നീട് ശതകോടികളാണ് (30 കോടി) റെഡ്ഡിയുടെ കമ്പനി ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് വഴി നൽകിയത്.ആകെ 52 കോടി രൂപയുടെ ഇലക്ട്രൽ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. ഇതിൽ 34.5 കോടി ബിജെപിക്കാണ്. ആകെ ബോണ്ട് മുല്യത്തിൻ്റെ 71 ശതമാനം വരുമിത്.
2023 ജൂൺ ഒന്നിനാണ് അറസ്റ്റിലായ ശരത്ചന്ദ്ര റെഡ്ഡിയെ മാപ്പുസാക്ഷിയായത്. ഇഡിയുടെ അപേക്ഷ ഡൽഹി റോസ് അവന്യൂ കോടതി അംഗീകരിക്കുകയായിരുന്നു. ശരതിനെ ഇഡി അറസ്റ്റ് ചെയ്തതിന് ശേഷം അഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ 5 കോടി രൂപയും മാപ്പുസാക്ഷിയാക്കിയതിന് ശേഷം 2023 നവംബറിൽ അരബിന്ദോ ഫാർമ ബിജെപിക്ക് ബോണ്ടുകൾ വഴി 25 കോടിയുമാണ് ഇലക്ട്രൽ ബോണ്ടുകൾ വഴി സംഭാവനയായി നൽകിയത്. ഇത് വിരൽ ചൂണ്ടുന്നതും എഎപി ആരോപിക്കുന്നത് പോലെ മദ്യ വ്യവസായികളെ മാപ്പുസാക്ഷികളാക്കി ഇഡിയും കേന്ദ്ര സർക്കാരും കേജരിവാളിനെയും മറ്റുള്ളവരെയും കുടുക്കി എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കേജരിവാളിൻ്റെ അറസ്റ്റ് ഒരു ദിവസം വൈകിയിരുന്നെങ്കിൽ പോലും ഇഡി കോടതിയിൽ മാപ്പുസാക്ഷികളാക്കിയ വ്യവസായികളും ബിജെപിയുമായുണ്ടായ അവിശുദ്ധ ബന്ധം പുറത്ത് കൊണ്ടുവരാൻ കേജരിവാളിനും ആം ആദ്മിക്കും കഴിയുമായിരുന്നത് മറ്റൊരു വസ്തുതയാണ്. അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റിന് നേരത്തെ ഇഡി കസ്റ്റഡിയിലെടുത്ത മദ്യവ്യവസായ ശരത്ചന്ദ്ര റെഡ്ഡിയുടെ ഫാർമ കമ്പനിയുടെ ഇലക്ടറൽ ബോണ്ട് സംഭാവനയുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിൽ വ്യക്തമാണ്. ഇലക്ട്രൽ ബോണ്ടുകൾ വഴി സ്വീകരിച്ച സംഭാവനയുടെ കണക്കുകൾ പുറത്തു വന്നാൽ കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ വേട്ടയാടുന്നത് എങ്ങനെയാണെന്ന രഹസ്യവും പുറത്താകുമായിരുന്നു.
ഇഡി എന്ന കേന്ദ്ര ഏജൻസി വിശ്വാസ്യത നഷ്ടപ്പെട്ട് തൊലിയുരിയുന്ന അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതിന് പിന്നിൽ എന്ന് സംശയിച്ചാലും അത്ഭുതപ്പെടാനില്ല. കേജരിവാളിൻ്റെ അറസ്റ്റിലൂലെ മാനം കാക്കാൻ ശ്രമിച്ചത് കേന്ദ്ര സർക്കാരിൻ്റെയും ബിജെപിയുടേയും ഒപ്പം ഇഡിയുടേതുമാണ് എന്നതാണ് യാഥാർത്ഥ്വം. ചൗക്കി ദാർ ചോർ ഹേ എന്ന വിളി ഇത്തവണ ഉയർന്നാൽ അത് നരേന്ദ്ര മോദിക്കും ബിജെപിക്കും തിരിച്ചടിയാവും എന്ന തിരിച്ചറിവിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഡൽഹി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് സാരം. അറസ്റ്റ് അല്പം വൈകിയിരുന്നെങ്കിൽ അഴിഞ്ഞ് വീഴുന്നത് മോഡിയുടെയും ബിജെപിയുടെയും മുഖം മൂടി മാത്രമല്ല കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ അഴിമതി വിരുദ്ധതത എന്ന ഉടുതുണി കൂടിയായേന്നെ എന്നതും ഇവിടെ കൂട്ടി വായിക്കുക.