ന്യൂഡൽഹി: പ്രീമിയം കാറുകളുടെ മുൻനിര നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്സിഐഎൽ) ഇന്ത്യൻ നിർമ്മിത എസ് യു വി ഹോണ്ട എലിവേറ്റ് ഡബ്ല്യുആർ-വി എന്ന ബ്രാൻഡ് നാമത്തിൽ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ചു.
എച്ച്സിഐഎൽ ഇതാദ്യമായാണ് ഒരു മോഡൽ ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഇത് ഇന്ത്യയുടെ ഓട്ടോമോട്ടീവ് വ്യവസായത്തിലെ സുപ്രധാന കുതിച്ചുചാട്ടം മാത്രമല്ല, രാജ്യത്തിന്റെ വളരുന്ന ഉൽപാദന വൈദഗ്ധ്യവും ആഗോള മത്സരശേഷിയും എടുത്തുകാണിക്കുന്നു.
ജപ്പാനിൽ ഡബ്ല്യുആർ-വി ആയി ‘മെയ്ഡ്-ഇൻ-ഇന്ത്യ’ എലിവേറ്റ് അവതരിപ്പിക്കുന്നത് അഭിമാനകരമായ നിമിഷമാണെന്ന് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ ടാകുയ സുമുറ പറഞ്ഞു. ഇത് കമ്പനിയുടെ ഉൽപ്പാദന ശേഷിയും ഹോണ്ടയുടെ ആഗോള ബിസിനസ് തന്ത്രങ്ങളിൽ ഹോണ്ട കാർസ് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും വീണ്ടും ഊട്ടിയുറപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ വലിയ അംഗീകാരം നേടിയ പുതിയ ഹോണ്ട എലിവേറ്റ് കമ്പനിയുടെ ബിസിനസിന്റെ പ്രധാന സ്തംഭമായി മാറി. ഈ വിജയം ആവർത്തിക്കാനും മികച്ച നിലവാരവും കരകൗശലവിദ്യയും ഉപയോഗിച്ച് ആഗോള ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനും കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗോള തലത്തിൽ ഇന്ത്യ൯ വിപണിയിൽ ആദ്യമായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് എലിവേറ്റ് മോഡൽ പുറത്തിറങ്ങിയത്. ആറു മാസത്തിനുള്ളിൽ 30,000 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്.
ഡിസംബർ 2023-ന് ജപ്പാനിൽ ഹോണ്ട ഡബ്ല്യുആർ-വി എന്ന പേരിൽ പുറത്തിറങ്ങിയ മോഡലിന് ഉപഭോക്താക്കളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ശക്തമായ റോഡ് സാന്നിധ്യത്തോടെയുള്ള കരുത്തുറ്റ എസ്‌യുവി ഡിസൈ൯. മികച്ച സ്പെയ്സും കംഫ൪ട്ടും, നൂതന സുരക്ഷാ ഓഫറുകൾ, മികച്ച സവിശേഷതകൾ എന്നിവയാണ് ഉപഭോക്താക്കളെ ആക൪ഷിച്ചത്.
തുർക്കി, മെക്സിക്കോ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്കും നേപ്പാൾ, ഭൂട്ടാൻ, ദക്ഷിണാഫ്രിക്ക, എസ്എഡിസി രാജ്യങ്ങളിലെ റൈറ്റ് ഹാൻഡ് ഡ്രൈവ് വിപണികളിലേക്കും എച്ച്സിഐഎൽ മോഡലുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. ജപ്പാനിലേക്കുള്ള ഹോണ്ട എലിവേറ്റ് കയറ്റുമതി, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ബിസിനസ്സിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്.