ആസ്റ്ററിന്റെ ഇന്ത്യ, ജിസിസി ബിസിനസുകളെ വേര്‍തിരിക്കുന്ന നടപടികളും, ഫജ്ര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന്റെ നിര്‍ദിഷ്ട നിക്ഷേപ നടപടികളും അന്തിമ ഘട്ടത്തില്‍

കൊച്ചി, 22 മാര്‍ച്ച്, 2024: ജിസിസിയിലും ഇന്ത്യയിലും ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളില്‍ ഒന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് (”കമ്പനി”) തങ്ങളുടെ ഇന്ത്യ, ജിസിസി ബിസിനസുകള്‍ വേര്‍തിരിച്ച് നിക്ഷേപ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു.

കമ്പനിയുടെ ജിസിസി ബിസിനസ്സില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരമാധികാര ഉടമസ്ഥതയിലുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഫജ്ര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള നിക്ഷേപകരുടെ കണ്‍സോര്‍ഷ്യം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്.

2023 നവംബറില്‍, ദീര്‍ഘകാല മൂല്യം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ഇന്ത്യ, ജിസിസി ബിസിനസുകളെ രണ്ട് വ്യത്യസ്തവും സ്വതന്ത്രവുമായ എന്റിറ്റികളായി വേര്‍തിരിക്കുന്നതിന് കോര്‍പ്പറേറ്റ് അനുമതികള്‍ ലഭിച്ചുകഴിഞ്ഞു.

വേര്‍തിരിക്കല്‍ പദ്ധതി പ്രകാരം, കമ്പനിയുടെ ജിസിസി ബിസിനസില്‍ 65% ഓഹരികള്‍ സ്വന്തമാക്കാന്‍ ഫജ്ര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു കണ്‍സോര്‍ഷ്യം ഒരു നിശ്ചിത കരാറില്‍ ഏര്‍പ്പെട്ടുകൊണ്ട് 2024 ജനുവരിയില്‍ കമ്പനിയുടെ ഓഹരി ഉടമകള്‍ ഇതുസംബന്ധിച്ച പ്ലാന്‍ അംഗീകരിച്ചു.

പൂര്‍ത്തീകരണ പ്രക്രിയയുടെ ഭാഗമായി, ഫജ്ര്‍ ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം കിംഗ്ഡം ഓഫ് സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഫോര്‍ കോമ്പറ്റീഷനില്‍ നിന്ന് (GAC) ആവശ്യമായ അനുമതികള്‍ നേടിയിട്ടുണ്ട്. ഇതിന്റെ SPA-യില്‍ പറഞ്ഞിരിക്കുന്ന എല്ലാ വ്യവസ്ഥകളും ഇപ്പോള്‍ സ്ഥാുപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

പ്രധാന പങ്കാളികളില്‍ നിന്ന് ആവശ്യമായ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയും ജിസിസിയിലെ പ്രാദേശിക, റെഗുലേറ്ററി അധികാരികള്‍ക്ക് ബിസിനസ്സ് വേര്‍തിരിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ച് ആവശ്യമായ അറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ FZC യുടെ ഇടപാട് പരിധിയിലേക്ക് ഖത്തറിലെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ സംയോജനവും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ബയര്‍ എന്റിറ്റിയില്‍ 35% ഓഹരി നിലനിര്‍ത്തിക്കൊണ്ട് മൂപ്പന്‍ കുടുംബം ജിസിസി ബിസിനസിനെ നയിക്കുകയും പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്യും. നിലവിലുള്ള ഓഹരിയുടമകള്‍ ലിസ്റ്റുചെയ്ത ഇന്ത്യന്‍ സ്ഥാപനമായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡില്‍ തുടരും. ഇടപാട് വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ നിയമപ്രകാരം ആവശ്യമായ അംഗീകാരങ്ങള്‍ക്ക് വിധേയമായി, ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതമായി വരുമാനത്തിന്റെ ഗണ്യമായ ഭാഗം പ്രഖ്യാപിക്കാനാണ് കമ്പനിയുടെ നീക്കം.

ഇന്ത്യയില്‍, പ്രൊമോട്ടര്‍മാര്‍ കമ്പനിയില്‍ അവരുടെ നിലവിലുള്ള ഓഹരി നിലനിര്‍ത്താനാണ് പദ്ധതിയിടുന്നത്. രണ്ട് കമ്പനികളായി മാറുന്നതോടെ ഇരു കമ്പനികള്‍ക്കും അതിന്റെ സ്ഥാപനപരമായ നിക്ഷേപക അടിത്തറ വിപുലീകരിക്കാന്‍ അവസരമൊരുക്കും. 2027 സാമ്പത്തിക വര്‍ഷത്തോടെ വിവിധ സ്ഥാപനങ്ങളിലായി 1500 കിടക്കകള്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും മികച്ച 3 ആശുപത്രി ശൃംഖലകളില്‍ ഒന്നാകാനും കമ്പനിക്ക് ലക്ഷ്യമുണ്ട്.

വിപുലീകരണ പദ്ധതിയില്‍ ബ്രൗണ്‍ഫീല്‍ഡ്, ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകളുടെ ഒരു സംയോജനം ഉള്‍ക്കൊള്ളുന്നു. ഇത് കമ്പനിയുടെ വളര്‍ച്ചാ തന്ത്രത്തിന് മുതല്‍ക്കൂട്ടാവും. ഈ വിപുലീകരണത്തിന് 850-900 കോടി രൂപയുടെ ശക്തമായ സാമ്പത്തിക സഹായം ഉറപ്പാക്കും. 2026 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തിയാകുന്നആദ്യഘട്ടത്തില്‍350 കിടക്കകളോടെ തിരുവനന്തപുരത്ത് വരാനിരിക്കുന്ന ആസ്റ്റര്‍ ക്യാപിറ്റലും, 200-ലധികം കിടക്കകളുള്ള ആസ്റ്റര്‍ മിംസ് കാസര്‍ഗോഡും ഈ വിപുലീകരണത്തില്‍ ഉള്‍ക്കൊള്ളുന്നു. തുടര്‍ന്ന് മെഡ്സിറ്റി, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള ആശുപത്രികളില്‍ 100 കിടക്കകള്‍ വീതവും, ആസ്റ്റര്‍ വൈറ്റ്ഫീല്‍ഡില്‍ 159 കിടക്കകളുമുള്ള ബെഡ് കപ്പാസിറ്റി കൂട്ടിച്ചേര്‍ക്കാനും കമ്പനി ശ്രമിക്കും.

”ആസ്റ്ററിന്റെ ഇന്ത്യ, ജിസിസി ബിസിനസുകളെ വേര്‍തിരിക്കുന്നത് രണ്ട് ബിസിനസുകളുടെയും മൂല്യവും സാധ്യതയും ഉറപ്പാക്കുന്നതിനും, രണ്ട് ഭൂമിശാസ്ത്രത്തിലും തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഈ നടപടികള്‍ കമ്പനിക്ക് ആവശ്യമായ പ്രചോദനം നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ഞങ്ങള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പുകള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുകൊണ്ടുപോലുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

”പദ്ധതിയുടെ മിക്ക പ്രക്രിയകളും അന്തിമ ഘട്ടത്തിലാണ്, ആവശ്യമായ അനുമതികള്‍ ലഭ്യമാതിനാല്‍ ഇടപാട് വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജിസിസി മാനേജിങ്ങ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ തയ്യാറാവുകയാണ് കമ്പനി. സൗദി അറേബ്യയിലെ ഞങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്നതിനും യുഎഇ, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ ഞങ്ങളുടെ കാല്‍പ്പാടുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയില്‍ ഫജ്ര്‍ ക്യാപിറ്റലും അതിന്റെ കണ്‍സോര്‍ഷ്യം പങ്കാളികളും ചേരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. തുടര്‍ച്ചയായ പിന്തുണയ്ക്ക് അധികാരികളോടും നന്ദി അറിയിക്കുന്നതായി അലീഷ മൂപ്പന്‍ വ്യക്തമാക്കി.

ജിസിസിയില്‍, സൗദി അറേബ്യയില്‍ ആസ്റ്റര്‍ ഫാര്‍മസി ബിസിനസ് വിപുലീകരിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്, ഇതിന്റെ ഭാഗമായി അടുത്ത 3-5 വര്‍ഷത്തിനുള്ളില്‍ 180 റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കും. കൂടുതല്‍ ജനങ്ങളിലേക്ക് സേവനമെത്തിക്കാന്‍ റിയാദിലെ ആസ്റ്റര്‍ സനദ് ഹോസ്പിറ്റലിന്റെ വിപുലീകരണത്തോടൊപ്പമായിരിക്കും ഇത് പൂര്‍ത്തിയാക്കുക. യുഎഇയില്‍, പ്രാദേശിക, അന്തര്‍ദേശീയ രോഗികള്‍ക്കായി ആഡംബര സംവിധാനങ്ങളോടെ ടേര്‍ഷ്വറി, ക്വാട്ടേണറി പരിചരണത്തിനുള്ള ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവരുന്ന അല്‍ ഖിസൈസില്‍ 126 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.