പാലക്കാട്: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ സാംസ്കാരിക പ്രവർത്തകർ എൻ. രാധാകൃഷ്ണൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ചു. മൃതദേഹം സംസ്കരിച്ചതിനു ശേഷം ചന്ദ്രനഗറിലെ വൈദ്യുതി ശ്മശാനത്തിൽ ചേർന്ന അനുശോചന യോഗത്തിൽ എ.കെ.ബാലൻ, അരുൺ കുമാർ, അഡ്വ: സി.പി. പ്രമോദ്, ഡോ: സി.പി.ചിത്രഭാനു, എ. വിനോദ്, ഡോ: പി.മുരളി, ജ്യോതിബായ് പരിയാടത്ത്, ആർ.ശാന്തകുമാരൻ മാസ്റ്റർ എന്നിവർ ഓർമ്മകൾ പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തി. പാലക്കാട്ടെയും, കേരളത്തിന്റെ ആകമാനവും സാംസ്കാരിക പ്രവർത്തനത്തിന്റെ, മാനവികതയിലൂന്നിയ അച്ചടക്കമുള്ള മുഖമുദ്രയായിരുന്നു രാധാകൃഷ്ണൻ നായർ എന്ന് എ.കെ.ബാലൻ പറഞ്ഞു.
കുടുംബാംഗങ്ങൾക്കൊപ്പം പാലക്കാട്ടെ സാംസ്കാരിക പ്രവർത്തരുടെ ഒരു വലിയ നിര തന്നെ ചന്ദ്രനഗറിൽ രാധാകൃഷ്ണൻ നായരെ യാത്രയാക്കാൻ എത്തിയിരുന്നു. വിശദമായ അനുസ്മരണ പരിപാടി ഉടൻ തന്നെ മറ്റൊരു ദിവസം വിപുലമായി സംഘടിപ്പിക്കുമെന്ന് സാഹിത്യ സംഘം അറിയിച്ചു.