മദ്യവും വേപ്പും നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

ടെക്‌സസ്∙ ടെക്‌സസിൽ  ഹൈസ്‌കൂൾ അധ്യാപിക പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി. ജേഡൻ ചാൾസി(24)നെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി മദ്യവും വേപ്പും അധ്യാപിക നൽകിയിരുന്നതായി അന്വേഷണസംഘം  കണ്ടെത്തി.

അഗുവ ഡൾസ് ഹൈസ്‌കൂളിലെ ഒരു വിദ്യാർഥിയുടെ രക്ഷിതാവാണ് ചാൾസിനെതിരെ പൊലീസിൽ പരാതി നൽകിയത്. തങ്ങളുടെ മകൻ അനുമതിയില്ലാതെ ഒരു അധ്യാപികയുടെ കൂടെ സ്കൂളിൽ നിന്ന് പുറത്ത് പോകുന്നു എന്നായിരുന്നു പരാതി. ഇതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. നിലവിൽ പരാതിയുമായി നാല് വിദ്യാർഥികൾ മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാൽ മൊത്തം 12 ഇരകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു. ആരോപണത്തെ തുടർന്ന് പ്രതി ജോലി രാജിവച്ചു. നാല് കുട്ടികളുടെ അമ്മയാണ് ജേഡൻ ചാൾസ്. 

ഗുരുതരമായ ലൈംഗികാതിക്രമ ആരോപണങ്ങളാണ് പ്രതി നേരിടുന്നത്. അധ്യാപികയായി ജോലി തുടങ്ങുന്നതിന് മുൻപ് തന്നെ പ്രതി ആൺകുട്ടികൾക്കായി വേപ്പ് വാങ്ങി തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. അഗുവ ഡൾസ് ഹൈസ്‌കൂളിൽ  ജോലി ചെയ്യുന്നതിന് മുൻപ് പ്രതി രണ്ട് വിദ്യാർഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. പ്രതി വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നതിന് തെളിവുണ്ടെന്ന് ആലീസ് പൊലീസ് ഡിപ്പാർട്ട്‌മെൻറിലെ ചീഫ് ഈഡൻ ഗാർഷ്യ പറഞ്ഞു. പ്രതി ഒരു ഹോട്ടലിൽ ഒരു വിദ്യാർഥിയുമായി നിൽക്കുന്ന വിഡിയോ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ ഇരകളുടെ അഭിമുഖം നടത്താൻ പൊലീസ് പദ്ധതിയിടുന്നുണ്ട്. 2021ൽ ടെക്‌സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി-കിങ്സ്‌വില്ലിൽ നിന്ന് പ്രതി ബിരുദം നേടി, അതേ വർഷം തന്നെ പ്രായപൂർത്തിയാകാത്തവരുമായി ബന്ധം ആരംഭിച്ചതായിട്ടാണ് പൊലീസ് പറയുന്നത്. പ്രതിയെ നിലവിൽ ജിം വെൽസ് കൗണ്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News