തിരുവനന്തപുരം: നർത്തകനും ചലച്ചിത്ര നടനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ സത്യഭാമ ബിജെപി അംഗത്വം സ്വീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ബിജെപി. സത്യഭാമ പല തവണ നടത്തിയിട്ടുള്ള അധിക്ഷേപ പരാമർശങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ബിജെപി കേരളം ഫേസ്ബുക്ക് പേജിലുണ്ടായിരുന്ന പോസ്റ്റ് മുക്കിയിരിക്കുന്നത്.
മുന്‍ സംസ്ഥാന പ്രസിഡൻ്റും നിലവിൽ ഗോവ ഗവർണറുമായ പി.എസ്. ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്നും അംഗത്വം സ്വീകരിക്കുന്ന പോസ്റ്റാണ് ബിജെപി പിൻവലിച്ചിരിക്കുന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി,ഒ. രാജഗോപാല്‍ ,എം.ടി രമേഷ് ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ 2019 ൽ പാർട്ടി അംഗത്വം സ്വീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി കേരളം പേജ് പോസ്റ്റും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, സത്യഭാമക്കെതിരെ പ്രതിഷേധം ഉയർന്നതോടെ ബി.ജെ.പി പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു

ബിജെപിയുടെ ശബരിമല നിരാഹാര സമരപ്പന്തലിലും സത്യഭാമ സജീവമായി ഉണ്ടായിരുന്നു. ഇതിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബിജെപി നീക്കം ചെയ്തെങ്കിലും അതിന് മുന്‍പേ പോസ്റ്റിൻ്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു.
സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തെ സുരേഷ് ഗോപിയുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ പ്രമുഖര്‍ തള്ളിയിരുന്നില്ല. അതേസമയം സത്യഭാഭയെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ബി.ജെ.പി നേതാവ് കൃഷ്ണദാസും രംഗത്തെത്തിയിരുന്നു. തുടർന്നാണ് സോഷ്യൽ മീഡിയകളിൽ സത്യഭാമയുടെ ബിജെപി ബന്ധം ചർച്ചയായത്. ഫോട്ടോഷോപ്പാണെന്ന ന്യായീകരണമൊക്കെ അണികള്‍ തുടക്കത്തില്‍ നടത്തിയെങ്കിലും വീഡിയോ സഹിതം പുറത്ത് വന്നതോടെ ബിജെപി പ്രതിരോധത്തിലായി.

സത്യഭാമയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ബിജെപി അനുകൂല പോസ്റ്റുകളാണ് കൂടുതലായിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് സത്യഭാമ ഫേസ്ബുക്കില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ആര്‍എസ്എസ് വാരികയായ കേസരിയിലെ സ്ഥിരം എഴുത്തുകാരി കൂടിയാണ് സത്യഭാമ.
















