കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ്റെ ഭാര്യ പി.കെ. ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി.1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.കണ്ണൂർ സബ് കോടതിയുടേതാണ് ഉത്തരവ്.
വിവാദമായ സ്വർണ്ണക്കള്ളക്കടത്തിനെയും സ്വപ്ന സുരേഷിനെയും ബന്ധപ്പെടുത്തിയ വാർത്തക്കെതിരെയാണ് ഇന്ദിര കോടതിയെ സമീപിച്ചത്. രൂപ നഷ്ടപരിഹാരം നൽകുന്നതിന് പുറമെ കോടതി ചിലവും നൽകണമെന്ന് കണ്ണൂർ സബ്കോടതി ഉത്തരവിട്ടു. മലയാള മനോരമ പ്രിൻ്റ് ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റർ ഫിലിപ്പ് മാത്യു, റിപ്പോർട്ടർ കെ.പി സഫീന എതിർ കക്ഷികൾ.
കോവിഡ് ക്വാറൻ്റൈൻ ലംഘിച്ച് പി.കെ ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിൽ എത്തി ലോക്കർ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു മലയാള മനോരമയുടെ വാർത്തയുടെ ഉളളടക്കം. 2020 സെപ്റ്റംബർ 14 നാണ് വാർത്ത പ്രസിദ്ധീകരിച്ചത്.
കണ്ണൂരിലെ ബാങ്ക് ലോക്കറിലുണ്ടായിരുന്ന സ്വർണം പേരക്കുട്ടിയുടെ ജന്മദിനാവശ്യത്തിന് എടുക്കാനായിരുന്നു ഇന്ദിര ബാങ്കിലെത്തിയത്. ലൈഫ് മിഷൻ കമ്മീഷൻ കിട്ടിയത് മന്ത്രി പുത്രനും എന്ന തലക്കെട്ടിൽ 2023 ന് സെപ്റ്റംബർ 13 ന് മനോരമ മറ്റൊരു വാർത്തയും നൽകിയിരുന്നു.
തന്നേയും കുടുംബത്തേയും മനപൂർവം അവഹേളിക്കാൻ നൽകിയ വാർത്തയാണ് ഇതെന്ന് ഇന്ദിര നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.അഭിഭാഷകരായ എം. രാജഗോപാലൻ നായർ, പി.യു ശൈലജൻ എന്നിവർ മുഖേനയാണ് ഇന്ദിര മാനനഷ്ട കേസ് നൽകിയത്.
















