വീണ്ടും ടിപ്പറുകളുടെ മരണപ്പാച്ചിലില്‍ അപകടം. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് ഇന്ന് ടിപ്പര്‍ അപകടം ഉണ്ടായിരിക്കുന്നത്. സ്കൂട്ടര്‍ യാത്രികനായ യുവാവിനെ ഇടിച്ചിട്ട ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോവുകയായിരുന്നു. കാട്ടാക്കടയ്ക്കും പൂവച്ചലിനും ഇടയില്‍ നക്രാംചിറയിലാണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. മുഖത്തും കൈകളിലും കാലുകളിലും ഗുരുതര പരിക്കാണ് യുവാവിന് സംഭവിച്ചിരിക്കുന്നത്. ടിപ്പര്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്തിട്ടില്ല. പരാതി ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കൂ എന്നാണ് കാട്ടാക്കട പോലീസ് അറിയിച്ചത്.
യുവാവിന്റെ കൈക്കും കാലിനും ഒടിവുണ്ട്. മുഖത്ത് ഗുരുതര പരിക്ക് ആണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് രണ്ടരയോടെ ആണ് സംഭവം നടന്നത്. കാട്ടാക്കട പാലേലിയിലുള്ള ക്വാറിയില്‍ പാറ എടുക്കാന്‍ പോയ ടിപ്പര്‍ ആണ് സ്കൂട്ടറില്‍ ഇടിച്ചത്. സ്കൂട്ടര്‍, ടിപ്പര്‍ എന്നിവ സമാന്തരമായി പോകുകയായിരുന്നു. ഇതിനിടെ പലേലി റോഡിലേക്ക് ടിപ്പര്‍ തിരിക്കവെ വശത്ത് കൂടെ വന്ന സ്കൂട്ടറിനെ ഇടിച്ചിട്ടു. ശരീരമാസകലം പരിക്കേറ്റ പേയാട് സ്വദേശിയെ നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ തിരുവനന്തപരത്തെ പനവിള ജംഗ്ഷനിലുണ്ടായ ടിപ്പര്‍ അപകടത്തില്‍ അധ്യാപകന് ജീവന് നഷ്ടപ്പെട്ടിരുന്നു. ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ അനന്തു മരിച്ചത് നാലു ദിവസം മുമ്പാണ്. തലസ്ഥാനത്ത് ടിപ്പര്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. നഗരത്തില്‍ ടിപ്പറിന് നിയന്ത്രണമേര്‍പ്പെടുത്തിയതിന് ശേഷവും അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.
സ്കൂളുകളുടെയും കോളജുകളുടെയും സമയക്രമം പരിഗണിച്ച് നഗരത്തില്‍ ടിപ്പര്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നടപ്പാക്കാതെ പോകുന്നത്. നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി നഗരമധ്യത്തിലൂടെ ടിപ്പറുകള്‍ തലങ്ങും വിലങ്ങും ചീറി പായുകയാണ്. പൊലീസിനു തടയാനാകുന്നില്ല. പനവിള ജംക്ഷനില്‍ ടിപ്പര്‍ ഇടിച്ചു സ്കൂള്‍ അധ്യാപകന് ജി.എസ്. സുധീര്‍ മരിച്ചത് മലയിന്‍കീഴില്‍ നിന്നു മെറ്റല്‍ കയറ്റി ചീറി പാഞ്ഞ ടിപ്പറാണ് അധ്യാപകന്റെ ജീവനെടുത്തത്.
വൈകിട്ട് 3.30ന് സ്കൂള്‍ വിട്ട സമയം പനവിള സിഗ്നലില്‍ മറ്റു വാഹനങ്ങളെ മറികടന്നു പോകാനായി അമിത വേഗത്തില്‍ പാഞ്ഞ ടിപ്പറാണ് സുധീര്‍ ഓടിച്ച സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ചത്. ടിപ്പറിന്റെ പിന്‍ചക്രം ദേഹത്തു കയറിയറങ്ങി സുധീര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കാട്ടാക്കടയില്‍ ടിപ്പര്‍ അപകടം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
പല സ്കൂളുകള്‍ക്കും സമീപം റോഡ് കടക്കാന്‍ കുട്ടികളെ സഹായിക്കാന്‍ പൊലീസുകാര്‍ ഉണ്ടാകാറില്ല. സ്കൂള്‍ തുറന്നപ്പോള്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും 6 മാസം മുന്‍പ് ഇതു നിര്‍ത്തിവെച്ചു. വിദ്യാര്‍ഥികള്‍ക്ക് റോഡ് കുറുകെ കടക്കാനുള്ള അവസരം ചില ടിപ്പര്‍ ഡ്രൈവര്‍മാര്‍ നല്‍കാറില്ല. വേഗ നിയന്ത്രണങ്ങള്‍ പോലും പാലിക്കാതെ എത്തുന്ന ടിപ്പറുകളെ ഭയന്നാണ് കുട്ടികള്‍ റോഡിലൂടെ സഞ്ചരിക്കുന്നത്.