കോഴിക്കോട്: ഇടതുപാർട്ടികൾ ചിഹ്നം സംരക്ഷിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുക എന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.എഫ്.ഇ.ഒ.യു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലാതല നേതൃശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിന്റെ ദേശീയപാർട്ടി പദവി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ എന്ത് ചിഹ്നമാകും നമുക്ക് ലഭിക്കുക? സൈക്കിൾ വരെയുള്ള ചിഹ്നങ്ങൾ മറ്റുള്ളവർക്ക് അനുവദിച്ചു. ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും നമുക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുക. അതിലേക്ക് എത്തരുത്- എ.കെ. ബാലൻ പറഞ്ഞു.
പ്രതിപക്ഷം പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയെന്ന് പറഞ്ഞ അദ്ദേഹം, ചതിയൻമാരുടെ പാർട്ടിയാണ് കോൺഗ്രസെന്നും ആരോപിച്ചു. പത്മജ പോയിട്ട് എന്തെല്ലാമാണ് പറയുന്നത്. കോൺഗ്രസ് എന്ന് പറയാൻ എന്ത് ധാർമികതയാണ് ഉള്ളത്. പാർട്ടിയുടെ മയ്യത്ത് ആയിരിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്ന് എകെ ബാലൻ പറഞ്ഞു.
രാജ്യത്ത് കൃത്രിമ വോട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ എ. കെ. ബാലൻ വോട്ടെണ്ണിയാൽ ഉദ്ദേശിച്ച ആളല്ല ജയിക്കുക എന്നും നരേന്ദ്ര മോദിയോട് അക്കാര്യത്തിൽ വിജയിക്കാൻ ലോകത്ത് ഒരാൾക്കും ആകില്ലെന്നും കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കാൻ ഉള്ളതാണ് ഇലക്ട്രൽ ബോണ്ട്. സ്വിറ്റ്സർലാൻഡിൽ പണം നിക്ഷേപിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് മോദി പറഞ്ഞു. എന്നാലിന്ന് രാജ്യത്ത് തന്നെ അത്തരം നിക്ഷേപം നടത്താൻ നിയമമുണ്ടാക്കി. ഇത്രയും വൃത്തികെട്ട മുഖമുള്ള സർക്കാർ ലോകത്ത് വേറെവിടെയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
















