ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹൈക്കോടതിയിൽ ഹർജി നൽകി. തൻറ്റെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം. മദ്യകേസിൽ കൂടുതൽ സ്ഥലങ്ങളിൽ ഇ ഡി പരിശോധന വ്യാപിപ്പിക്കുകയാണ്.
നിലവിൽ കെ.കവിതയുടെ ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും എം എൽ എ ഗുലാം സിങ്ങിൻ്റെ വീട്ടിലുമാണ് ഇന്ന് പരിശോധന നടന്നത്. പാർട്ടിയുടെ ഗുജറാത്ത് ഇൻ ചാർജ്ജാണ് ഗുലാബ് യാദവ്.കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കേജ്രിവാള് പറഞ്ഞെന്ന കേസിലെ സാക്ഷി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇ ഡി ആയുധമാക്കുകയാണ്.
കെ കവിതയുടെ കസ്റ്റഡി ഈ മാസം 26 വരെ നീട്ടിയ സാഹചര്യത്തിൽ ഇരുവരയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ നടത്തും. ഇതിനിടെ പഞ്ചാബിലെ മദ്യനയത്തിലും ഇഡി അന്വേഷണം നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കില്ലെന്നും സർക്കാരിനെ ജയിലിനുള്ളിൽ നിന്ന് നയിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ‘ഞാൻ ദില്ലി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ല. ആവശ്യമെങ്കിൽ ഞാൻ സർക്കാരിനെ ജയിലിൽ നിന്ന് നയിക്കും’ അദ്ദേഹം പറഞ്ഞു.
ഡൽഹി കോടതിയിൽ മൂന്ന് മണിക്കൂർ നീണ്ട വാദത്തിന് ശേഷം പ്രത്യേക ജഡ്ജി കാവേരി ബവേജ കെജ്രിവാളിനെ മാർച്ച് 28 വരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) അപേക്ഷയിലാണ് കോടതി ഉത്തരവ്. മദ്യ അഴിമതിക്കേസിലെ പ്രധാന ഗൂഢാലോചനക്കാരൻ കെജ്രിവാളാണെന്ന് ഇഡി കോടതിയിൽ അറിയിച്ചു.
ഡൽഹി എക്സൈസ് നയം 2021-22 രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ‘സൗത്ത് ഗ്രൂപ്പിൽ’ നിന്ന് കെജ്രിവാളിന് കോടിക്കണക്കിന് രൂപ കിക്ക്ബാക്ക് ലഭിച്ചതായും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചു. അതേസമയം, ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്ന് കെജ്രിവാളിന് വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞു.