ആറ്റിങ്ങല്‍: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഇന്ന് എറണാകുളത്ത് ചേര്‍ന്ന എന്‍സിപി സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. ആറ്റിങ്ങലില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അഡ്വക്കേറ്റ് സെയ്ഫുദ്ദീനും പാലക്കാട് അഡ്വക്കേറ്റ് മുഹമ്മദും ആയിരിക്കും മത്സരിക്കുക. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുളള നേതാക്കളാണ് ഇരുവരും.
ആറ്റിങ്ങലിലും പാലക്കാടും ആര് ജയിക്കണമെന്ന് തീരുമാനിക്കാനുള്ള നിര്‍ണായക ശക്തിയായി എന്‍സിപി മാറുമെന്നുറപ്പാണ്. എന്‍സിപി രൂപീകൃതമായ കാലഘട്ടം മുതല്‍ എല്‍ഡിഎഫിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. എന്‍സിപി കേരളഘടകം എല്ഡിഎഫിനൊപ്പമായിരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാൽ, എൻസിപി യെ എൽഡിഎഫിൽ നിന്നും പുറത്താക്കാത്ത സാഹചര്യത്തിൽ എൽഡിഎഫ് അനുകൂല നിലപാടെടുക്കുമെന്ന പ്രതീക്ഷയിൽ തുടരുകയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ ക്ക് ഒപ്പമാണെന്ന കാരണത്താല്‍ എന്‍സിപി കേരളഘടകത്തെ മാറ്റി നിര്‍ത്തുന്ന നിലപാടാണ് എല്‍ഡിഎഫ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. എല്‍ഡിഎഫ് നേതൃത്വത്തില്‍ നിന്ന് അനുകൂല തീരുമാനം വരാത്ത സാഹചര്യത്തിലാണ് ഒറ്റക്ക് മത്സരിക്കാന്‍ എന്‍സിപി തീരുമാനിച്ചിട്ടുള്ളത്.
എന്‍സിപി യില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് തൃശ്ശൂരില്‍ പ്രത്യേക യോഗം ചേരുകയും എന്‍ഡിഎ ക്ക് ഒപ്പമാണ് എന്‍സിപി എന്ന തരത്തില്‍ വാര്‍ത്ത നല്‍കുകയും ചെയ്ത റോയി വാരിക്കാട്ടിന്റെ നടപടിയെ യോഗം അപലപിച്ചു. പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്ത റോയി വാരിക്കാട്ടും ഏതാനും ആളുകളുമായി കൂടിച്ചേര്‍ന്ന് സംസ്ഥാന പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിക്കുകയായിരുന്നു. പാര്‍ട്ടിയുടെ ദേശീയ നേതൃത്വമാണ് സംസ്ഥാന പ്രസിഡന്റിനെ നിയമിക്കുന്നത്. ഇതറിയാമായിരുന്നിട്ടും റോയി വാരിക്കാട്ട് ജനങ്ങളെയും എന്‍ഡിഎ സഖ്യത്തെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരിക്കുന്നതിനായി ദേശീയ വർക്കിങ് പ്രസിഡണ്ട് ശ്രീ പ്രഫുൽ പട്ടേൽ ഇന്ന് പത്ര പ്രസ്താവന നൽകിയിട്ടുണ്ട്.
പാര്‍ട്ടിയുടെ ലെറ്റര്‍ഹെഡ് വ്യാജമായി നിര്‍മ്മിച്ച് പത്രക്കുറിപ്പ് ഇറക്കിയവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. എന്‍സിപി, എന്‍ഡിഎ യുടെ ഭാഗമാണെന്ന തരത്തില്‍ പത്രപ്രസ്താവന നടത്തുന്ന ഇത്തരം നിഗൂഢശക്തികളെ എന്‍ഡിഎ നേതൃത്വം തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ കെ.സുരേന്ദ്രന് കത്തയച്ചിട്ടുണ്ട്. കെ കെ ഷംസുദ്ദീനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കെ എ ജബ്ബാറിനെ സംസ്ഥാന ട്രഷററായും സംസ്ഥാന കമ്മറ്റി തെരഞ്ഞെടുത്തു.