ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യ തലസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾക്കു താമസത്തിനായി ചെലവായത് 1,37,650(1.37 ലക്ഷം) രൂപ. ഈ വർഷം ഫെബ്രുവരി എട്ടിന് ഡൽഹിയിൽ നടത്തിയ സമരത്തിൻ്റെ ചെലവുകൾ സംബന്ധിച്ച കണക്കുകൾ പുറത്തായിരിക്കുന്നത്. വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണറുടെ ഓഫിസ് നൽകയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ വിനീത് തോമസ് ഉന്നയിച്ച ചോദ്യങ്ങൾക്കാണ് അധികൃതർ മറുപടി നൽകിയിരിക്കുന്നത്.
സമരത്തിന് ആകെ ചെലവായ തുക എത്ര, ജന്തർമന്തിറിൽ ഒരുക്കിയ സമരപ്പന്തലിന് എത്ര രൂപയായി തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി നൽകിയിട്ടില്ല. സമരത്തിൽ പങ്കെടുക്കുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിമാനക്കൂലി സ്വന്തം ചെലവിൽ എടുക്കുമെന്നായിരുന്നു സർക്കാർ വാദം.
കേന്ദ്രസഹായങ്ങൾ ഉറപ്പാക്കാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ച എ.സമ്പത്ത്, കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതല വഹിച്ചിരുന്ന വേണു രാജാമണി, ഇപ്പോഴത്തെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് എന്നിവരുടെ പ്രവർത്തനം മൂലം സംസ്ഥാന സർക്കാരിനുണ്ടായ സാമ്പത്തിക നേട്ടങ്ങൾ എന്തെല്ലാം എന്ന ചോദ്യത്തിനും അധികൃതർ മറുപടി നൽകിയില്ല. ‘ലഭ്യമല്ല’ എന്നാണ് കേരള ഹൗസ് ചോദ്യത്തോട് പ്രതികരിച്ചത്. കേരളത്തിന് അർഹമായ സാമ്പത്തിക സഹായം മൂന്ന് പേരുടെ നിയമനം വഴി ലഭിച്ചോ അതിന്റെ രേഖകൾ ഓഫിസിലുണ്ടോയെന്ന ചോദ്യത്തിനും ‘ലഭ്യമല്ല’ എന്ന മറുപടി നൽകി.
76 ലക്ഷത്തോളം രൂപയാണ് കെവി തോമസിൻ്റയും എ സമ്പത്തിൻ്റെയും പ്രവർത്തനങ്ങൾക്കായി ചെലവാക്കിയത്. ,വേണു രാജാമണിയുടെ ഓഫിസ് സംബന്ധമായ വിശദാംശങ്ങൾ അപേക്ഷകന് കൈമാറാൻ അപേക്ഷ കേരളഹൗസിലെ കൺട്രോളർ ഓഫിസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് കൈമാറി. 48. 41 ലക്ഷം (48,41,007) രൂപയാണ് സമ്പത്തിനായി 2019 ആഗസ്റ്റ് മുതൽ 2021 ഫെബ്രുവരി വരെ ചെലവാക്കിയിരിക്കുന്ന തുക. കെവി തോമസിന് വേണ്ടി 28.87 ലക്ഷം (28,87,539) രൂപയാണ് 2023 ജനുവരി മുതൽ 2024 ജനുവരി വരെ ചെലവായ തുക.
ഡോ.എ.സമ്പത്തിന്റെ ചെലവ് (2019 ആഗസ്റ്റ് – 2021 ഫെബ്രുവരി)
- ∙വേതനവും ആനുകൂല്യങ്ങളും – 14,20,994
- ∙പേഴ്‌സനൽ സ്റ്റാഫിന്റെ വേതനം – 23,03,497
- ∙യാത്രബത്ത – 8,51,952
- ഓഫിസ് ചെലവുകൾ – 99,142
- വാഹന ചെലവ് – 1,65,422
ആകെ -48,41,007 രൂപ
കെ.വി.തോമസിന്റെ ചെലവ് (2023 ജനുവരി- 2024 ജനുവരി)
- ∙പ്രത്യേക പ്രതിനിധിയുടെ ഹോണറേറിയം – 12,38,710
- ∙പേഴ്‌സനൽ സ്റ്റാഫിന്റെ വേതനം – 14,47,724
- ∙വിമാന യാത്രക്കൂലി – 1,49,350
- ∙വാഹനത്തിന് ഇന്ധനം നിറച്ചത് – 51,775
ആകെ -28,87,539 രൂപ
















