തിരുവനന്തപുരം: യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണനെയാണ് ഉള്ളൂർ പി.ടി. ചാക്കോ നഗറിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിനുള്ളിൽ നിന്നും മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകിട്ട് ആറരയോടെ അഭിരാമി ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെ തുടർന്ന് അമ്മ വീട്ടുടമസ്ഥനായ ബൈജുവിനെ ഫോണിൽ വിളിക്കുകയായിരുന്നു. ബൈജുവും ഭാര്യയും ഏറെ നേരം വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്നു ജനൽ ചില്ല് തകർത്ത് നടത്തിയ പരിശോധനയിലാണ് കട്ടിലിൽ ബോധരഹിതയായിക്കിടക്കുന്ന അഭിരാമിയെ കണ്ടെത്തിയത്. കയ്യിൽ സിറിഞ്ച് പിടിച്ചിട്ടുണ്ടായിരുന്നു.
മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ച് അഭിരാമിയെ ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാൽ നേരത്തെ മരണം സംഭവിച്ചെന്ന് മെഡിക്കൽ കോളേജ് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു . ഇന്ന് വൈകിട്ട് മുംബൈയിലുള്ള ഭർത്താവ് പ്രതീഷ് രഘുവിനെ അഭിരാമി വിളിച്ചിരുന്നു. നാളെ കൊല്ലത്തുള്ള ഭർത്താവിൻ്റെ വീട്ടിലേക്ക് അഭിരാമി എത്തുമെന്ന് അറിയിച്ചതുമാണ്.
എന്നാൽ പിന്നീട് എന്താണ് സംഭവിച്ചതിനെപ്പറ്റി ആർക്കുമറിയില്ല.അഞ്ച് മാസം മുൻപായിരുന്നു പ്രതീഷുമായുള്ള അഭിരാമിയുടെ വിവാഹം. യുവ ഡോക്ടർ ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമല്ല. മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.