സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ ആരംഭിച്ചു. പ്രധാന മുന്നണികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ തിരക്കിലാണ്. കണ്ണൂർ കോഴിക്കോട് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ലോക്സഭാ മണ്ഡലമാണ് വടകര. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ നാദാപുരം, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങളും വടകരയിൽ ഉൾപ്പെടുന്നു.
സംസ്ഥാന ഭരണമുന്നണിയായ എൽഡിഎഫും യുഡിഎഫും തമ്മിലാണ് ഇവിടുത്തെ പ്രധാന മത്സരം. മണ്ഡലം പിടിക്കാൻ രണ്ട് സിറ്റിംഗ് എംഎൽഎമാരെയാണ് ഇരു മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് നഷ്ടപ്പെട്ട തങ്ങളുടെ കോട്ട തിരിച്ചുപിടിക്കാൻ മട്ടന്നൂർ എംഎൽഎയും മുൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ. ശൈലജയേയാണ് സിപിഎം കളത്തിലിറങ്ങിയിരിക്കുന്നത്.
തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിർത്താൻ കോൺഗ്രസിന് നിയോഗിച്ചിരിക്കുന്നത് പാലക്കാട് എംഎൽഎയായ ഷാഫി പറമ്പിലിനെയാണ്. ഇരു സ്ഥാനാർത്ഥികൾക്കും വെല്ലുവിളിഷയർത്താൻ ഭാരതീയ ജനത പാർട്ടി സ്ഥാനാർത്ഥി യുവ നേതാവായ പ്രഫുൽ കൃഷ്ണയെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കിയിരിക്കുന്നത്.
കേരളത്തിലെ ഒരു ലോക്സഭാ മണ്ഡലത്തിനും അവകാശപ്പെടാൻ കഴിയാത്ത ചരിത്രമുള്ള മണ്ഡമാണ് വടകര. സ്ത്രീ വോട്ടർമാർ കൂടുതലുള്ള മണ്ഡലം എന്ന പ്രത്യേകതകക്കൊപ്പം രണ്ടു വനിതകളെ ജയിപ്പിച്ച ഒരേയൊരു മണ്ഡലമെന്ന റെക്കോർഡും വടകരയ്ക്കാനുള്ളത്. എകെ പ്രേമജം, പി.സതീദേവി എന്നിവരാണ് മുമ്പ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുപ്പ് അങ്കം വിജയിച്ച് ലോക്സഭയിലെത്തിയവർ. ഇരുവരും സിപിഎം പ്രതിനിധികൾ. 1998ലും, 1999 ലും രണ്ട് തവണ എ.കെ. പ്രേമജവും 2004 ൽ പി. സതീദേവിയും വടകരയിൽ നിന്നും പാർലമെൻ്റിൽ എത്തി. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പിലാണ് ഇവിടെ നിന്നും വനിതകൾ ജയിച്ച് കയറിയത്.
രണ്ട് തവണയും കോൺഗ്രസിലെ പിഎം സുരേഷ്ബാബുവിനെയാണ് എകെ പ്രേമജം പരാജയപ്പെടുത്തിയത്. എന്നാൽ 2004ലെ തെരഞ്ഞെടുപ്പില്‍ രണ്ട് വനിതാ സ്ഥാനാർത്ഥികൾ തമ്മിലായിരുന്നു മണ്ഡലത്തിലെ പ്രധാന മത്സരം. കോൺഗ്രസിൻ്റെ എംടി പത്മയായിരുന്നു പി സതിദേവിയുടെ എതിർ സ്ഥാനാനാർത്ഥി.
ALSO READ: രണ്ടിലൊതുങ്ങിയ കോൺഗ്രസ്; 6 വനിതാരത്നങ്ങളെ ലോക്സഭയിലെത്തിച്ച ഇടതുപക്ഷം
ഫലം വന്നപ്പോൾ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് പി സതീദേവി വിജയിച്ചത്. 1,30,583 വോട്ടിന്റെ ഭൂരിപക്ഷമാണ് സതീദേവിക്ക് വടകര നൽകിയത്. സ്ത്രീ വോട്ടർമാർ നിർണായക ശക്തിയായ ഇത്തവണ കെ.കെ.ശൈലജ ഇവരുടെ പിൻഗാമിയാകുമോ എന്നതറിയാൻ തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വരും.
2019തെരഞ്ഞെടുപ്പ് ഫലം
2019ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. 82.48% പോളിംഗ് രേഖപ്പെടുത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കെ മുരളീധരൻ 84,663 വോട്ടുകൾക്ക് വിജയിച്ചാണ് ലോക് സഭയിലെത്തിയത്.മുരളീധരൻ 5,26,755 വോട്ടുകൾ നേടിയപ്പോൾ 4,42,092 വോട്ടുകൾ നേടി സിപിഎം സ്ഥാനാർത്ഥി പി ജയരാജൻ രണ്ടാം സ്ഥാനത്തെത്തി. ബിജെപി സ്ഥാനാർഥി വി.കെ. സജീവൻ 80128 വോട്ടുകളും നേടി.