ഇന്ത്യക്കാർ ശൗചാലയത്തിന് തുറസായ സ്ഥലം ഉപയോഗിക്കുന്നവരാണെന്നും അതുകോട് കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർക്കുവേണ്ടി കനേഡിയൻ മുനിസിപ്പാലിറ്റികൾ തുറസായ സ്ഥലങ്ങൾ ശൗചാലയങ്ങളായി ഉപയോഗിക്കരുതെന്ന് ഹിന്ദിയിൽ പരസ്യങ്ങൾ നൽകിയെന്ന അവകാശവാദത്തോടെ ഒരു പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്താണ് കാനഡയിൽ നിന്നും പ്രചരിക്കുന്ന ഈ വാർത്തയുടെ സത്യാവസ്ഥ എന്ന് പരിശോധിക്കാം?
പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നതനുസരിച്ച് “ ഇന്ത്യൻ ജനസംഖ്യ കൂടുതലുള്ള കനേഡിയൻ നഗരങ്ങളിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ ഇന്ത്യക്കാരോട് തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പാർക്കുകളിലും ബീച്ചുകളിലും ഹിന്ദിയിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും ശുചിമുറി സൗകര്യമില്ലാത്തതിനാൽ അവർ തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യുന്നത് അവിടെ സാധാരണമാണ്… എന്നതാണ് പോസ്റ്റ്.
ഈ പോസ്റ്റിന്റെ യാഥാർഥ്യം അന്വേഷിച്ചപ്പോൾ ലഭിച്ചത് സ്റ്റോക്ക് ഇമേജ് വെബ്‌സൈറ്റായ ഷട്ടർസ്റ്റോക്കിൽ വൈറൽ പോസ്റ്റിലെ ചിത്രത്തോട് സാമ്യമുള്ള ഒരു ചിത്രമാണ്. ഷട്ടർസ്റ്റോക്ക് പറയുന്നതനുസരിച്ച്, ‘ബീച്ചുകൾ ടോയ്‌ലറ്റുകളല്ല’ (“Beaches are not toilets”) എന്ന അടിക്കുറിപ്പിനൊപ്പമാണ് മെയ് 1, 2018-ലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രചരിക്കുന്ന ചിത്രവും ഷട്ടർസ്റ്റോക്കിൽ നിന്നും ലഭിച്ച ചിത്രവും താരതമ്യം ചെയ്തു നോക്കുമ്പോൾ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന മനുഷ്യന്റെ മുഖം മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നതായി കണ്ടത്. മാത്രവുമല്ല, ഷട്ടർസ്റ്റോക്ക് ചിത്രത്തിൽ ‘ഗ്യേ എൻഫതാവോ’ (Gyae Ennfatawo) എന്ന വാചകം കൊടുത്തിട്ടുണ്ട്. ഈ വാചകത്തിനു പകരം വൈറൽ ചിത്രത്തിൽ തുറസ്സായസ്ഥലത് മലമൂത്രവിസർജ്ജനം ചെയ്യുന്നത് നിർത്തുക എന്ന് ഹിന്ദിയിൽ നൽകിയിരിക്കുന്നതും കാണാം.
2018-ൽ പ്രസിദ്ധീകരിച്ച വിവിധ മാധ്യമ റിപ്പോർട്ടുകളിലും ഇതേ ഷട്ടർസ്റ്റോക്ക് ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിസിനസ് ഘാന എന്ന മാധ്യമം റിപ്പോർട് ചെയ്യുന്നതനുസരിച്ച്, കാനഡയും ഐക്യരാഷ്ട്രസഭയും ധനസഹായം നൽകുന്ന ഒരു പൊതുജനാരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായിരുന്നു ഈ പരസ്യബോർഡുകൾ. പരസ്യബോർഡുകളിൽ ഘാന സർക്കാരിൻ്റെയും യുണിസെഫിൻ്റെയും ലോഗോകൾക്കൊപ്പം കാനഡ ഗവൺമെൻ്റിൻ്റെയും ലോഗോ കാണാം. ആഫ്രിക്കൻ രാജ്യത്ത് പൊതുസ്ഥലത്തു മലമൂത്രവിസർജനം ചെയ്യുന്നത് ഇല്ലാതാക്കാൻ 2012 മുതൽ കാനഡ യുനിസെഫുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം.
ഘാനയുടെ ഏറ്റവും പ്രധാനപ്പെട്ട വികസന വെല്ലുവിളികളിലൊന്നായ ഈ പൊതുജനാരോഗ്യ ശുചിത്വ പദ്ധതിക്ക് ധനസഹായം നൽകാൻ കനേഡിയൻ സർക്കാർ ഏകദേശം 850,000 ഡോളർ നൽകിയതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. ഈ ചിത്രങ്ങൾ ഘാനയിലും കാനഡയിലും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
ഘന ഒരു ആഫ്രിക്കൻ രാജ്യമാണ്. ഘനയുടെ തലസ്ഥാനമാണ് അക്ര. ഇതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്. കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് വേണ്ടി, കനേഡിയൻ സർക്കാർ തുടങ്ങിയ കാമ്പെയ്‌നിന്റെ പരസ്യബോർഡ് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണ്. 2018ൽ ഘാനയിൽ പൊതുജനാരോഗ്യ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ബോർഡിലെ ചിത്രങ്ങൾ എഡിറ്റ് ചെയ്തു മാറ്റം വരുത്തിയാണ് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്.