സോളമന്റെ തേനീച്ചകളല്ല, ട്രാന്‍സ് ടവറിലെ തേനീച്ചകള്‍: ചെറുതും വലുതുമായി 20 കൂടുകള്‍

ക്രെയില്‍ വെച്ചു പിടിച്ച് റോഡു പണിക്കാര്‍

‘സോളമന്റെ തേനീച്ചകള്‍’ എന്നൊരു സിനിമ ഇറങ്ങിയിരുന്നു. അതില്‍ തേനീച്ചകളായി സങ്കല്‍പ്പിച്ചത് രണ്ട് വനിതാ താരങ്ങളെയാണ്. രണ്ടുപേരും മിടുക്കികള്‍. പക്ഷെ, ഒരു കൊലപാതകം ചെയ്തതു കൊണ്ട് കേസന്വേഷിക്കാന്‍ വരുന്ന പോലീസ് ഉദ്യോസ്ഥന്റെ മുമ്പില്‍ തേനീച്ചകള്‍ വെറും ഈച്ചകളായി മാറി. എന്നാല്‍, സോളമന്റെ തേനീച്ചകളെപ്പോലെയല്ല, വഴുതക്കാട് വിമന്‍സ് കോളേജിന് എതിര്‍വശത്തുള്ള ട്രാന്‍സ് ടവറില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകള്‍.

പിടിച്ചാലും പിടിച്ചില്ലെങ്കിലും ശൗര്യമുള്ളവരാണ്. റാണി തേനീച്ചയ്‌ക്കൊപ്പം വര്‍ഷങ്ങള്‍ക്കു മുമ്പേ വഴുക്കാടെത്തിയവര്‍ ട്രാന്‍സ് ടവറിന്റെ തുഞ്ചത്തായി കൂടു കെട്ടി. കഴിഞ്ഞ ദിവസം സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി റോഡു പണിക്കെത്തിയ തൊഴിലാളികള്‍ തേന്‍കൂട് കണ്ട് ഞെട്ടി. ഒന്നും രണ്ടുമല്ല, 20ഓളം കൂടുകളാണ് തൂങ്ങിക്കിടക്കുന്നത്. ഇതില്‍ നാലെണ്ണം വമ്പന്‍ തേന്‍ കൂടുകളാണ്.

മറ്റുള്ളവ ചെറുതും. സ്വസ്ഥവും സമാധാനവുമായി തേന്‍ ശേഖരിച്ച് തേന്‍ കൂടിനെ വലുതാക്കിയ തേനീച്ചകളെ ഭപ്പെടുത്തിക്കൊണ്ട് റോഡു പണിക്കാര്‍ തേനെടുക്കാന്‍ തീരുമാനിച്ചതോടെ  കാഴ്ചക്കാരും ഒപ്പംകൂടി.വഴുതക്കാട് റോഡ് പൂര്‍ണ്ണായും അടച്ചിട്ടതോടെ യാത്രക്കാരും കുറവാണ്. കുത്തിക്കുഴിച്ച് നാശക്കോട്ടയാക്കിയ റോഡില്‍ തെരുവുനായ്ക്കള്‍ പോലും ഇല്ലാത്ത അവസ്ഥ. ആകെയുള്ളത് റോഡു പണിക്കാരും പിന്നെ, പൊടിയടിച്ചു നരച്ച കടകളും മാത്രം.

ട്രാന്‍സ് ടവറിന്റെ മുന്‍ ഭാഗം ഒരു ഗ്ലാസ് ടവറാണ്. ഗ്ലാസ് ടവറിന്റെ മുകളില്‍ കയറി പിടിക്കാന്‍ കഴിയാത്തതു കൊണ്ട് റോഡു പണിക്കായി എത്തിച്ച ക്രെയിന്‍ കൊണ്ടായിരുന്നു തേനെടുക്കല്‍ മഹാമഹം നടന്നത്. ക്രെയിന്‍ ഉയര്‍ത്തി, അതിലെ ഇരുമ്പു പെട്ടിയിലേക്ക് തേന്‍കൂട് കയറ്റാനായിരുന്നു പദ്ധതി. മണിക്കൂറുകളോളം ശ്രമിച്ചിട്ടും തേന്‍കൂട് പൊട്ടിച്ചെടുക്കാന്‍ സാധിച്ചില്ല.

എന്നാല്‍, ക്രെയിന്‍ ഉയര്‍ത്തുമ്പോള്‍ അതില്‍ തൂക്കിയിരിക്കുന്ന ഇരുമ്പു പെട്ടി ക്രെയിനില്‍ തട്ടി വലിയ ശ്ബം ഉണ്ടായി. ഇതു കേട്ട് തേനീച്ചകള്‍ ഭയന്നു. കൂടുവിട്ട് കൂട്ടത്തോടെ പറക്കാന്‍ തുടങ്ങി. തേനെടുക്കാന്‍ കാഴ്ച്ചക്കാരായി നിന്നവരെല്ലാം നാലുപാടും ഓടുകയും ചെയ്തു. പക്ഷെ, വളറെ ഉയരത്തില്‍ കൂടു കൂട്ടിയതു കൊണ്ട് തേനീച്ചയുടെ ആക്രമണം താഴേയ്‌ക്കെത്തിയില്ല എന്നത് ആശ്വാസമായി.

എന്നാല്‍, ആദ്യത്തെ കൂടു പൊളിച്ചതോടെ കൂടു നഷ്ടപ്പെട്ട തേനീച്ചകള്‍ താഴത്തേക്കു പറന്നു തുടങ്ങി. ട്രാന്‍സ് ടവറിനടുത്തുള്ള കലാഭവന്‍ തിയറ്ററിലേക്കും, അടുത്തുള്ള കെട്ടിടങ്ങളിലേക്കും അവ ഇരച്ചു കയറി. മീറ്ററുകള്‍ ദൂരെയുള്ള കെട്ടിടങ്ങളില്‍ വരെ തേനീച്ചകള്‍ എത്തിയെന്നാണ് കേട്ടത്. റോഡു പണി നടക്കുന്നതിനാല്‍ യാത്രക്കാരും വാഹനങ്ങളും ഇല്ലാത്തത് വലിയ അപകടം ഒഴിവാക്കിയെന്നു തന്നെ പറയേണ്ടി വരും.

മാത്രമല്ല, റോഡു പണിക്കാര്‍ തേനെടുക്കാന്‍ തീരുമാനിച്ചത്, വൈകിട്ട് ആറു മണിക്കു ശേഷമാണ്. വിമന്‍സ് കോളേജ് അടച്ചിരുന്നതും ആശ്വാസമായി. ക്രെയിനിന്റെ സഹായത്തോടെ തന്നെ എല്ലാ തേനീച്ചക്കൂടും നാലഞ്ചു മണിക്കൂറു കൊണ്ട് തൊഴിലാളികള്‍ പറിച്ചെടുത്തു. ഇതോടെ കൂടു നഷ്ടപ്പെട്ട എല്ലാ തേനീച്ചകളും പരക്കം പാഞ്ഞു തുടങ്ങി. പലര്‍ക്കും തേനീച്ചയുടെ കുത്തു കിട്ടി.

ഓഫീസുകളില്‍ ഇരുന്നവര്‍ക്കു വരെ കുത്തു കിട്ടിയിട്ടുണ്ട്. തേനെടുത്ത തൊഴിലാളികള്‍ക്ക് കുത്തു കിട്ടിയില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. എന്തായാലും കാട്ടില്‍ നിന്നും ശേഖരിക്കുന്ന തേന്‍പോലെ സിറ്റിയില്‍ നിന്നും തേന്‍ ശേഖരിച്ച റോഡുപണിക്കാര്‍ സൂപ്പറാണെന്നാണ് ട്രാന്‍സ് ടവറിലെ സെക്യൂരിറ്റി പറയുന്നത്. ‘

ഒരു കുത്തുപോലും കിട്ടാതെ തേനീച്ചക്കൂട് ഇളക്കിയെടുത്തു കളഞ്ഞല്ലോ, എത്ര വര്‍ഷമായി തേനീച്ചക്കൂട് അവിടിരിക്കുന്നു. ആര്‍ക്കും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, എങ്ങാനും തേനീച്ചകള്‍ ആക്രമിച്ചാലോ എന്ന ഭയവും ഉണ്ടായിരുന്നു. ഇതിപ്പോ രണ്ടും സാധ്യമായി. ആക്രമിക്കുമോയെന്ന ഭയവും മാറി, തേനും കിട്ടി’ എന്നാണ് സെക്യൂരിട്ടി ചേട്ടന്‍മാരുടെ അഭിപ്രായം.

ട്രാന്‍സ് ടവറില്‍ നിരവധി ഷോപ്പുകളും സ്ഥാപനങ്ങളുമുണ്ട്. ഇവിടെ എത്തുന്നവര്‍ക്ക് തേനീച്ചക്കൂട് വലിയ ഭയമുണ്ടാക്കിയിരുന്നു. കൂടെല്ലാം പോയെങ്കിലും പിന്നെയും പഴയ കൂടിരുന്ന ഭാഗത്ത് കൂടുകെട്ടുകയാണ് തേനീച്ചകള്‍. മഴക്കാടും മരക്കാടുകളും വിട്ട് കോണ്‍ക്രീറ്റ് കാടുകളിലേക്ക് ഇറങ്ങി കൂടുകൂട്ടുന്ന തേനീച്ചകള്‍ സെക്രട്ടേറിയറ്റിന് സമീപത്തെ നബാര്‍ഡിന്റെ കെട്ടിടത്തിലും കൂടു കൂട്ടിയിട്ടുണ്ട്.

സെന്‍ട്രല്‍ സ്റ്റേഡിയത്തിനു പുറകിലെ സെന്‍ട്രല്‍ എക്‌സൈസ്‌കെട്ടിടത്തിലും കൂടുവെച്ചിട്ടുണ്ട്. അങ്ങനെ തലസ്ഥാന നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍, ഉയരം കൂടിയ കെട്ടിടങ്ങളിലെല്ലാം തേനീച്ചകള്‍ കൂടുകൂട്ടിയിട്ടുണ്ട്. അത് കാണാന്‍ വലിയ കൗതുകമാണെങ്കിലും അവയുടെ ആക്രമണം മരണം വരെ ഉണ്ടാക്കുന്നതാണ്.

Latest News