വാജ്പേയിയുടെ ജീവൻ രക്ഷിച്ച രാജീവ് ഗാന്ധി; മോദി നന്ദി പറയേണ്ടത് ആർക്ക്?; അപഹസിക്കാൻ വാ തുറക്കുന്നതിനിടയിൽ ചരിത്രം മറക്കുന്ന പ്രധാനമന്ത്രി

രേന്ദ്ര മോദി തൻ്റെ രാഷ്ട്രീയ ഗുരുവായിട്ടാണ് ബിജെപി നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന അടൽ ബിഹാരി വാജ്പേയിയേ ഉയർത്തിക്കാട്ടുന്നത്. അഞ്ച് വർഷത്തിൽ കൂടുതൽ തുടർച്ചയായി പദവിയിൽ തുടർന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായിരുന്നു വാജ്പേയ്. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിൽ എത്തിച്ചതും അദ്ദേഹമായിരുന്നു.

നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്‌പേയി

ഗുജറാത്ത് ഭൂകമ്പത്തേതുടർന്ന് ദുരന്താനന്തര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിലെ കെടുകാര്യസ്ഥതയും മറ്റ് ആരോപണങ്ങളേയും തുടർന്ന് കേശുഭായി പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചു. ഡൽഹിയിൽ നിറഞ്ഞു നിന്നിരുന്ന മോദി തനിക്ക് പാർലമെൻ്ററി രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഒഴിഞ്ഞു മാറിയെങ്കിലും വാജ്പേയ് വിട്ടില്ല.

അന്ന് ബിജെപിയിലെ രണ്ടാമൻ ലാൽ കൃഷ്ണ അദ്വാനിയെന്ന എൽകെ അദ്വാനിയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് വാജ്പേയ് അങ്ങനെയൊരു തീരുമാനമെടുക്കുന്നത്. 2001 ഒക്ടോബർ ഏഴിനു ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് പാർലമെൻ്ററി രാഷ്ട്രീയത്തിലെ മോദിയുടെ ശുക്രദശ തെളിയുന്നതും പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് നടന്നു കയറുന്നതും.

നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്‌പേയി, എൽകെ അദ്വാനി

ഇന്ത്യൻ പ്രധാനമന്ത്രി എന്ന സ്ഥാനലബ്ദിക്ക് കാരണക്കാരൻ യഥാർത്ഥത്തിൽ വാജ്പേയിരുന്നില്ലെന്ന് അദ്ദേഹത്തിൻ്റെ ഒരു വെളിപ്പെടുത്തൽ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെക്കുറിച്ച് അടൽ ബിഹാരി വാജ്‌പേയി നടത്തിയ വെളിപ്പെടുത്തലാണ് ഇവിടെ പ്രസക്തമാകുന്നത്. എത്രയോ തവണ രാജീവ് ഗാന്ധിയെ അപഹസിച്ച മോദിക്ക് അക്കാര്യം മറന്നു പോയിട്ടുണ്ടാവാം. രാഷ്ട്രീയ എതിരാളികളെ അപഹസിക്കാൻ മാത്രം പലപോഴും വാ തുറക്കാറുള്ള മോദിക്ക് ഒരു അപവാദമായിരുന്നു വാജ്പേയ്. 1971ലെ യുദ്ധകാലത്ത് ഇന്ദിരാഗാന്ധിയെ ശക്തിയുടെ ദുർഗ എന്ന് വിശേഷിപ്പിച്ച വാജ്പേയ് പിന്നീട് അവരുടെ മകനെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലും അപഹസിക്കലിൻ്റെ മോദിക്കാലത്ത് പ്രസക്തമാവുകയായിരുന്നു.

അടൽ ബിഹാരി വാജ്‌പേയി,രാജീവ് ഗാന്ധി

രാജീവ് ഗാന്ധി ഇല്ലായിരുന്നുവെങ്കിൽ താൻ ജീവിച്ചിരിക്കുമായിരുന്നില്ലെന്ന് വാജ്പേയ് ആദ്യം വെളിപ്പെടുത്തിയത് രാജീവ് കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു. കിഡ്‌നി സംബന്ധമായ അസുഖമുണ്ടെന്നറിഞ്ഞ രാജീവ് ഗാന്ധി തന്നെ ഇന്ത്യയുടെ യുഎൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തി അമേരിക്കയിലേക്ക് അയച്ചതും അവിടെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിത്തന്നതുമായ മനുഷ്യത്വത്തിൻ്റെ കഥയാണ് വാജ്‌പേയി അന്ന് വെളിപ്പെടുത്തിയത്.സകല മര്യാദകളും ലംഘിച്ച് കോൺഗ്രസ് നേതാക്കളെ ആക്ഷേപിച്ച് നരേന്ദ്രമോദിയുടെയും സംഘത്തിൻ്റെയും തെരഞ്ഞെടുപ്പ് പ്രസംഗങ്ങൾ മുന്നേറുമ്പോൾ ഈ വെളിപ്പെടുത്തലുകൾ വീണ്ടും പലതും ഓർമ്മയിലേക്ക് കൊണ്ടു വരുന്നു.

1985ലാണ് വാജ്പേയിയുടെ വെളിപ്പെടുത്തലിനാധാരമായ സംഭവം നടക്കുന്നത് നടക്കുന്നത്.184ലെ തെരഞ്ഞെടുപ്പിൽ 414 സീറ്റുകളുമായി ചരിത്ര വിജയം നേടി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി രാജ്യം ഭരിക്കുന്ന സമയം. അക്കാലത്ത് വാജ്‌പേയി പ്രതിപക്ഷ നിരയിലെ രാജീവിൻ്റെ ശക്തനായ എതിരാളിയായിരുന്ന കാലം . വാജ്‌പേയിക്ക് കിഡ്‌നി സംബന്ധമായ അസുഖമുണ്ടാകുന്നു. ഇതറിഞ്ഞ രാജീവ് വാജ്‌പേയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി.

ആ സമയത്ത് യുഎസിലേക്ക് പോകാനിരുന്ന ഐക്യരാഷ്ട്ര സഭയുടെ ( യുഎൻ ) ഇന്ത്യൻപ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്താമെന്നും, ഈ അവസരം ഉപയോഗപ്പെടുത്തി അമേരിക്കയിൽ ചികിത്സ തേടണമെന്നും രാജീവ് തൻ്റെ രാഷ്ട്രീയ എതിരാളിയോട് പറഞ്ഞു. രാജിവിൻ്റെ നിർദേശ പ്രകാരം യുഎൻ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി അമേരിക്കയിലെത്തിയ വാജ്‌പേയി ചികിത്സ പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി.

അടൽ ബിഹാരി വാജ്‌പേയി,രാജീവ് ഗാന്ധി

1991ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം, മാധ്യമപ്രവർത്തകനായ കരൺ താപ്പറിന് നൽകിയ അഭിമുഖത്തിലാണ് വാജ്‌പേയി ആദ്യം വെളിപ്പെടുത്തുന്നത്. രാജീവ് ഗാന്ധി ഇല്ലായിരുന്നെങ്കിൽ താൻ ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ലെന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഉലേക് എൻപിയുടെ ‘ദ ആൻടോൾഡ് വാജ്‌പേയി:പൊളിറ്റീഷ്യൻ ആൻ പാരഡോക്‌സ്’ എന്ന പുസ്തകത്തിലും ഈ സംഭവം വിവരിക്കുന്നുണ്ട്.

“രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം അടൽ ബിഹാരി വാജ്‌പേയി മറ്റൊരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. താൻ ജീവിച്ചിരിക്കാൻ കാരണം രാജീവ് ഗാന്ധിയാണെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നുഎങ്ങനെയോ രാജീവ് ജി അത് അറിഞ്ഞു. അവൻ എന്നെ വിളിച്ചു. ഐക്യരാഷ്ട്രസഭയിലേക്കുള്ള പ്രതിനിധി സംഘത്തിൽ എന്നെ ഉൾപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. ഞാൻ ഒരു പൂർണ്ണ അംഗമായി. എല്ലാ ചെലവുകളും സർക്കാർ വഹിച്ചിരുന്നു. പൂർണമായും സുഖം പ്രാപിച്ചാണ് ഞാൻ തിരിച്ചെത്തിയത് “- വാജ്പേയ് പറഞ്ഞു.

വാജ്പേയിയുടെ വാക്കുകൾ പ്രകാരം രാജീവ് ഗാന്ധിയുടെ ഇടപെടൽ കാരണമാണ് താൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് എന്നാണ്. അന്ന് രാജീവ് ഗാന്ധിയില്ലായിരുന്നെങ്കിൽ പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്കും നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായും അയയ്ക്കാൻ താൻ ഉണ്ടാവില്ലെന്ന് കൂടിയാണ് ആ വാക്കുകൾ അടയാളപ്പെടുത്തുന്നത്.

അടൽ ബിഹാരി വാജ്‌പേയിയുടെ വെളിപ്പെടുത്തൽ (വീഡിയോ)