കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വീറും വാശിയുമുള്ള പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ആലപ്പുഴ. സിപിഎമ്മിൻ്റെ സിറ്റിംഗ് എംപി എ.എം.ആരിഫും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തമ്മിലാണ് പ്രധാന പോരാട്ടം. ഇതിനിടയിലേക്കാണ് ജയസാധ്യതയില്ലെങ്കിലും ബിജെപിയുടെ വനിതാ മുഖവുമായ ശോഭാ സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയായി രംഗത്ത് എത്തിയത്. ശോഭ ആലപ്പുഴയിൽ കാലുകുത്തിയതിന് ശേഷം ഇടതുമുന്നണി സ്ഥാനാർത്ഥിയേക്കാൾ തുടർച്ചയായി കടന്നാക്രമിക്കുന്നത് കെസി വേണുഗോപാലിനെയാണ്. അതിന് ചില കാരണങ്ങൾ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
നിലവിൽ ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലമാണ് ആലപ്പുഴ. അവിടേക്ക് ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കി അവരോട് സംസ്ഥാന നേതൃത്വം പക തീർക്കുകയാണ് എന്ന വിമർശനം ബിജെപിക്കുള്ളിൽ തന്നെ ശക്തമാണ്. അവിടെ ശോഭ ജയിക്കില്ലെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെങ്കിലും അവിടെ മറ്റൊരാൾ ജയിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ആഗ്രഹിക്കുന്നുണ്ട്. അത് മറ്റാരുമല്ല യുഡിഎഫ് സ്ഥാനാർത്ഥി കെസി വേണുഗോപാലാണ്.
ആലപ്പുഴയിൽ കെസി ജയിച്ചാൽ ഒഴിവു വരുന്ന രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് കണ്ണുവച്ചാണ് ദേശീയ നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരം സംസ്ഥാന നേതൃത്വം കെസിയെ വിജയിപ്പിക്കാൻ കരുക്കൾ നീക്കുന്നത്. നിലവിൽ രാജസ്ഥാനിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ട സാഹചര്യത്തിൽ അവിടെ നിന്നും ഒരു ബിജെപി എംപിയെ പാർലമെൻ്റിൽ എത്തിക്കാം എന്നാണ് ബിജെപി കണക്കുകൂട്ടൽ എന്നാണ് ലഭിക്കുന്ന സൂചനകൾ.
അതിനാൽ ഇടതു സ്ഥാനാർത്ഥി ആരിഫിൻ്റെ പരാജയം ഉറപ്പാക്കാനാണ് നിലവിൽ മണ്ഡലത്തിൽ ബിജെപി പ്രർത്തിക്കുന്നതെന്ന് ആലപ്പുഴയിലെ ബിജെപി കേന്ദ്രങ്ങൾ തന്നെ പറയുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിൻ്റെ അതിമോഹത്തെ ഇല്ലാതാക്കാൻ അരയും തലയും മുറുക്കി ശോഭ ഇറങ്ങിയിരിക്കുന്നത്. കെസിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും സംസ്ഥാന നേതൃത്വത്തിൻ്റെയും ഒപ്പം ദേശീയ നേതൃത്വത്തിൻ്റെയും ദുഷ്ടലാക്ക് പൊളിക്കാൻ വേണ്ടിയാണ്.
ALSO READ: ആലപ്പുഴയിൽ ‘കൈ’ പിടിച്ച് ബിജെപി; കെസിക്ക് ബലിയാടായി ശോഭ; ആരിഫ് അതിജീവിക്കണമെങ്കിൽ സാധ്യത ഇങ്ങനെ
അലപ്പുഴയിൽ വേണുഗോപാൽ ജയിച്ചാൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് കേരളത്തിൽ നിന്നും ഒരാളെ പരിഗണിക്കാമെന്ന് ദേശീയ നേതൃത്വം ഉറപ്പുകൊടുത്തതായിട്ടാണ് ലഭിക്കുന്ന വിവരം. അതിനാൽ ശോഭയ്ക്ക് കിട്ടേണ്ട ഓരോ വോട്ടും കെസിക്ക് വീഴാൻ വേണ്ടിയുള്ള പരിശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ തവണ കെ.എസ്.രാധകൃഷ്ണൻ പെട്ടിയിലാക്കിയ ബിജെപി വോട്ടുകൾ ഇക്കുറി കെ.സിക്ക് അനുകൂലമായി മറിക്കുമെന്നും ചില ബിജെപി കേന്ദ്രങ്ങൾ സൂചന നൽകുന്നു.
അതിൻ്റെ ഭാഗമായിട്ടാണ് ബിജെപി ജില്ലാ അധ്യക്ഷനടക്കം ശോഭയുടെ പ്രചരണത്തിൽ നിന്നും പിന്നാക്കം നിൽക്കുന്നതെന്ന് ഒരുവിഭാഗം പാർട്ടി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിലെ പ്രമുഖ മത്സരിക്കുമ്പോൾ സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന മാവേലിക്കരയിൽ ജില്ലാ പ്രസിഡൻ്റ് പെറ്റു കിടക്കുന്നതിന് പിന്നിൽ ഈ ഗൂഢലക്ഷ്യമാണെന്നാണ് അവർ ആരോപിക്കുന്നത്.
ആലപ്പുഴയിൽ കെ.സി. വിജയിച്ചാൽ ജയിക്കുന്നത് ബിജെപിയാണ് എന്നതാണ് മറ്റൊരു വസ്തുതയെന്ന വിലയിരുത്തലുമുണ്ട്. നിലവിൽ രാജ്യസഭയിൽ എൻഡിഎ മുന്നണിക്ക് മൂന്ന് സീറ്റുകളാണ് ഭൂരിപക്ഷത്തിന് ആവശ്യമായുള്ളത്. കെ.സി.യുടെ സ്ഥാനാർത്ഥിത്വം വഴി ഒരു ചിലവുമില്ലാതെ അത് രണ്ടായി കുറയ്ക്കാനുള്ള അവസരമാണ് നിലവിൽ ആലപ്പുഴയിൽ കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയിൽ നിന്നും കെ.സി വേണുഗോപാൽ വിജയിക്കേണ്ടത് ബിജെപി ദേശീയ നേതൃത്വത്തിൻ്റെ ആവശ്യമായി മാറിയിരിക്കുന്നത്.
മുമ്പും കെ.സി.വേണുഗോപാൽ ബിജെപിക്കും കോൺഗ്രസിൻ്റെയും ഇടയിലുള്ള പാലമാണെന്ന ആരോപണം കോൺഗ്രസുകാർക്കിടയിൽ തന്നെ ശക്തമായിരുന്നു. രാഹുൽ ഗാന്ധിക്ക് അനാവശ്യമായ ഉപദേശങ്ങൾ നൽകി വഴി തെറ്റിച്ച് വിടുന്നതും കെസിയാണെന്നുമായിരുന്നു പാർട്ടിക്കുള്ളിലെ അടക്കം പറച്ചിൽ. വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നിലും കെ.സി.യുടെ ബുദ്ധിയായിരുന്നുവെന്നും വിമർശനമുണ്ടായിരുന്നു .
ഇത് വഴി ബിജെപിക്ക് ഒരു സ്വാധീനവുമില്ലാത്ത കേരളത്തിൽ നേട്ടമുണ്ടാക്കാനായി. എന്നാൽ കുടുംബ മണ്ഡലമായ അമേത്തിയിൽ ഉൾപ്പെടെ രാഹുലും കോൺഗ്രസും വടക്കേ ഇന്ത്യയിൽ തോറ്റമ്പി. കഴിഞ്ഞ തവണ കോൺഗ്രസിനെ 50 ൽ ഒതുക്കിയതും ബിജെപിയെ ഒറ്റയ്ക്ക് 300 കടത്തിയതും വേണുഗോപാലാണ് എന്ന വിമർശനങ്ങളുണ്ടായിരുന്നു.
ദേശീയ തലത്തിൽ കോൺഗ്രസ് മൂന്നക്കം പോലും കടക്കാത്തത് മാത്രമല്ല കെസിയുടെ പാർട്ടിക്കുള്ളിലെ വിമർശകർ ചൂണ്ടിക്കാട്ടുന്നത്. കെസി സംഘടനാ ചുമതലയുടെ ജനറൽ സെക്രട്ടറി പദവിയിലിരുന്ന് നേരിട്ട് തെരഞ്ഞെടുപ്പ് പ്രചരണവും പ്രവർത്തനവും ഏകോപിപ്പിച്ച രണ്ട് ഇടങ്ങളിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായിട്ടും ബിജെപി സർക്കാരുണ്ടാക്കി.
ALSO READ: ആരിഫിന് എതിരാളിയാര്? കെസി മത്സരിച്ചാലുള്ള തിരിച്ചടി ഭയന്ന് കോൺഗ്രസ്
2017ൽ ഗോവയില്‍ 40ല്‍ 17 സീറ്റ് നേടിയ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപി സർക്കാരുണ്ടാക്കിയതും അവർ ചൂണ്ടിക്കാട്ടുന്നു. 2017ൽ മണിപ്പൂരിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും അവർ പറയുന്നു. 28 സീറ്റ് നേടിയ കോണ്‍ഗ്രസിനെ വിട്ടാണ് 21 നേടിയ ബിജെപി സര്‍ക്കാരുണ്ടാക്കിയത്. അതുപോലെ ആലപ്പുഴയിലും മത്സരത്തിനൊടുവിൽ വിജയിച്ചില്ലെങ്കിലും നേട്ടമുണ്ടാക്കാമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൻ്റെ, ഒപ്പം സംസ്ഥാന നേതൃത്വത്തിൻ്റേയും കണക്കുകൂട്ടൽ.