കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് പോകുന്നവരെ അനുഗമിക്കുന്ന വളന്റിയര്‍മാര്‍ (ഖാദിമുല്‍ ഹുജ്ജാജ്) ഇരുനൂറ് പേര്‍ക്ക് ഒരാള്‍ എന്ന രീതിയില്‍ പുനഃക്രമീകരിച്ചു. നേരത്തേ ഇത് മുന്നൂറ് പേര്‍ക്ക് ഒരാള്‍ എന്ന അനുപാതത്തിലായിരുന്നു. യാത്രയിലുടനീളം തീര്‍ഥാടകര്‍ക്ക് പരമാവധി സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ഇതുസംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അറിയിപ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചു.
സംസ്ഥാനത്തുനിന്ന് ഹജ്ജിനു പോകുന്നവരില്‍ ഭൂരിഭാഗം പേരും വനിതകളും പ്രായംകൂടിയവരുമായതിനാല്‍ വളന്റിയര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം എട്ടിന് മുംബൈയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഇക്കാര്യം ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം.
read more : പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിച്ചതിലൂടെ കേന്ദ്ര സർക്കാർ നേടിയത് 16,507 കോടി രൂപ
മുന്നൂറ് പേര്‍ക്ക് ഒരാള്‍ എന്ന അനുപാതത്തില്‍ കഴിഞ്ഞ വര്‍ഷം 29 പേരാണ് സംസ്ഥാനത്തുനിന്ന് വളന്റിയര്‍മാരായി പോയത്. ഈ വര്‍ഷം 17,603 തീർഥാടകര്‍ക്കാണ് ഇതുവരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ചത്. വളന്റിയര്‍മാരുടെ എണ്ണം പുനഃക്രമീകരിച്ചതോടെ ഇത്തവണ എണ്‍പതില്‍പരം വളന്റിയര്‍മാര്‍ തീർഥാടകരെ അനുഗമിച്ചേക്കും.