സംസ്ഥാനത്ത് ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചിരിക്കുകയാണ്. ആലപ്പുഴയിലെ രാത്രി കാഴ്ചകൾക്കും ചൂടൻ കട്ടൻ ചായ രുചികൊപ്പവും അന്വേഷണം ന്യൂസ് സംഘം നടത്തിയ ജന പ്രതികരണത്തിലേക്ക്.
പുറത്തെ പൊള്ളുന്ന ചൂട് ഒന്നും വക വെക്കാതെയാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പ്രചരണ രംഗത്തുള്ളത്. യുഡിഎഫും എൽഡിഎഫും നേരിട്ട് ഏറ്റുമുട്ടുന്ന ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ വനിതാ സാനിധ്യം അറിയിച്ച് എൻ ഡി എ പടക്കളത്തിൽ ഉണ്ട്.
സിറ്റിംഗ് എം പി എ എം ആരിഫ് തന്നെയാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസ് സംഘടനക്കാര് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് യുഡിഎഫ് സ്ഥാനാർത്ഥി. ശോഭാ സുരേന്ദ്രനെ വനിതാമുഖമായി അവതരിപ്പിച്ചുകൊണ്ട് മത്സരം രംഗത്ത് എൻഡിഎയും ഉണ്ട്.
ജനങ്ങളുടെ സമ്മിശ്ര പ്രതികരണങ്ങൾക്കപ്പുറത്തേക്ക് മുന്നണികൾ തമ്മിൽ മുട്ടൻ ഫൈറ്റ് തന്നെയാണ് ആലപ്പുഴയിൽ നടക്കുന്നത്. മണ്ഡലത്തിൽ എ എം ആരിഫ് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ തന്നെയാണ് എൽഡിഎഫ് പ്രധാനമായും ഉയർത്തി കാണിക്കുക. പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിന്റെ ഉദാസീനത വെടിയണമെന്ന പ്രചരണവും എൽഡിഎഫ് ചൂണ്ടികാണിക്കുന്നുണ്ട്. രാജസ്ഥാനിൽ നിന്നും രാജ്യസഭ എം പിയായ കെ സി വേണുഗോപാൽ കേരളത്തിൽ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപിയുടെ ബി ടീം ആയാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആ ർ നാസർ ‘അന്വേഷണം’ന്യൂസിനോട് പ്രതികരിച്ചത്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ ഇടതുപക്ഷത്തിനെതിരെ കെസി വേണുഗോപാൽ മത്സരിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലത്തിൽ യൂത്ത് ഐക്കൺ ട്രെൻഡ് എ എം ആരിഫിനാണ്. അത് കൊണ്ട് തന്നെ കന്നി വോട്ടർമാർ ആരിഫിനെ തുണക്കും എന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ.
ജന്മംകൊണ്ട് കണ്ണൂർകാരനായ കെ സി വേണുഗോപാൽ കർമ്മം കൊണ്ട് ആലപ്പുഴക്കാരനുമാണ്. ആലപ്പുഴയിൽ മൂന്ന് വട്ടം നിയമസഭാ സാമാജികനായി വിജയിച്ച ചരിത്രമാണ് കെസി വേണുഗോപാലിനുള്ളത്. സ്ത്രീ വോട്ടർമാരുടെ ശക്തമായ സ്വാധീനം കെ സികൊപ്പം ഉണ്ടെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. കെ സിയുടെ സൗമ്യത പരമാവധി വോട്ടാക്കി മാറ്റുക എന്നത് തന്നെയാണ് യുഡിഎഫ് ശ്രമിക്കുക.
സ്ത്രീ പോരാട്ടത്തിന്റെ പ്രതീകമായ ശോഭ സുരേന്ദ്രൻ ആണ് ഈ കുറി എൻഡിഎ സ്ഥാനാർത്ഥിയായി ആലപ്പുഴയിൽ നിന്ന് ജനവിധി തേടുന്നത്. ഒരുവട്ടം അവസരം തരൂ എന്ന പ്രചരണ രീതിയാണ് ബിജെപിക്ക്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒരു ലക്ഷത്തിൽ പരം വോട്ടുകൾ നിലനിർത്തുകയും മണ്ഡലത്തിൽ ബിജെപിയുടെ ഭൂരിപക്ഷമുയർത്തുകയുംചെയ്യേണ്ട വലിയ ഉത്തരവാദിത്തമാണ് ബിജെപിക്കും ശോഭാസുരേന്ദ്രനും ഉള്ളത്.
മുസ്ലിം സ്വാധീനമുള്ള മണ്ഡലത്തിൽ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങൾ ശോഭക്ക് വിനയായി തീരുമോ എന്ന് കണ്ടറിഞ്ഞു കാണേണ്ടതാണ്.