ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർ ഒരുപോലെ കാത്തിരുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായെത്തിയ ‘ആടുജീവിതം’. ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്‌ത് ഒരാഴ്ച പിന്നിടുമ്പോൾ വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒരാഴ്ചയ്ക്കിടെ ചിത്രം ഇതുവരെ വാരിയത് 88 കോടി രൂപയാണ്. ഇതു വെറും സിനിമയല്ല സിനിമാ അനുഭവമാണ് എന്നാണ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയുന്നത്.
16 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ബ്ലെസി തന്റെ സ്വപ്‌നചിത്രം വെള്ളിത്തിരയിലെത്തിച്ചപ്പോൾ ബെന്യാമീന്റെ നോവൽ ആടുജീവിതത്തിന്റെ ചലച്ചിത്രാവിഷ്കാരം തന്നെയായിരുന്നു. ആടുജീവിതം സിനിമയുടെ പ്രാരംഭഘട്ടത്തില്‍ നജീബ് എന്ന കഥാപാത്രമായി പല നടന്മാരുടെയും പേര് ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു പേരായിരുന്നു തമിഴ് താരം ചിയാൻ വിക്രമിന്റേത്. ഇപ്പോഴിതാ ആടുജീവിതം തമിഴിൽ ചെയ്യാൻ ബ്ലെസ്സി തന്നെ സമീപിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി എത്തുന്ന ചിയാൻ വിക്രമിന്റെ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.
തമിഴില്‍ ലഭിക്കുന്ന റെമ്യൂണറേഷനും, ബജറ്റും മലയാളത്തില്‍ ഉണ്ടാകില്ലെന്നും, തന്നിലെ നടനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്റ്റുകള്‍ മലയാളത്തില്‍ നിന്ന് ലഭിക്കാറില്ലെന്നും താരം പറയുന്നു. ആടുജീവിതം തമിഴില്‍ ചെയ്യാന്‍ ബ്ലെസി തന്നെ സമീപിച്ചിരുന്നെന്നും, എന്നാല്‍ കഥാപശ്ചാത്തലം കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ചിത്രം തമിഴ്‌നാട്ടില്‍ വര്‍ക്കാകില്ലെന്നും വിക്രം പറഞ്ഞു. 12 വര്‍ഷം മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘തമിഴ് സിനിമയും മലയാള സിനിമയും മേക്കിങിന്റെ കാര്യത്തില്‍ വളരെ വ്യത്യാസമുള്ളവയാണ്. അവിടെ കിട്ടുന്ന റെമ്യൂണറേഷന്‍ ഇവിടെ കിട്ടില്ല. കൊമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്യുന്നതില്‍ ഇവിടെ പരിമിതികളുണ്ട് . അതുമാത്രമല്ല, എന്നിലെ നടനെ അത്ഭുതപ്പെടുത്തുന്ന സ്‌ക്രിപ്റ്റുകള്‍ എനിക്ക് മലയാളത്തില്‍ നിന്ന് കിട്ടാറില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആടുജീവിതം തമിഴില്‍ ചെയ്യാന്‍ ബ്ലെസി സാര്‍ എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആ നോവലിന്റെ കഥയും കഥാപശ്ചാത്തലവും കൂടുതല്‍ കണക്ടായിരിക്കുന്നത് കേരളത്തോടാണ്. ജോലിക്ക് വേണ്ടി ഗള്‍ഫിലേക്ക് പോകുന്നത് തമിഴ്‌നാട്ടിലെ പ്രേക്ഷകര്‍ക്ക് കണക്ടാകാത്ത സംഭവമാണ്. പക്ഷേ കേരളവും ഗള്‍ഫുമായി നല്ല കണക്ഷനുണ്ട്. ഗള്‍ഫ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കേരളവുമായുള്ള കണക്ഷനാണ് പലര്‍ക്കും ഓര്‍മ വരിക. ആ ഒരു കെമിസ്ട്രി തമിഴില്‍ വര്‍ക്കാകില്ല,’ വിക്രം പറഞ്ഞു.
ആദ്യനാളുകളിൽ തമിഴിൽനേരിട്ട പരാജയത്തെത്തുടർന്ന് മലയാളത്തിൽ നായകനായും പിന്നെ സഹനടനായും വരെ അഭിനയിച്ചായിരുന്നു സിനിമാരംഗത്തെ വിക്രമിന്റെ തുടക്കം. 1992 – ൽ പ്രശസ്തക്യാമറാമാൻ പി സി ശ്രീറാമിന്റെ സംവിധാനത്തിൻ കീഴിൽ മീരാ എന്ന ചിത്രത്തിലൂടെയാണ് വിക്രമിന്റെ പ്രധാനമായിട്ടും തുടക്കം കുറിച്ചത്. പ്രതീക്ഷിച്ച വിജയം ആ ചിത്രത്തിന് നേടാൻ സാധിച്ചില്ല. തുടർന്ന് പുതിയ മന്നർകൾ എന്ന ചിത്രത്തിലും നായകനായെങ്കിലും വിജയം അദ്ദേഹത്തെ തുണച്ചില്ല. അതിനെത്തുടർന്നാണ് അവസരങ്ങൾ തേടി മലയാളത്തിലേക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രൻ പോലെയുള്ള ചിത്രങ്ങളിലും ഉപനായകന്റെ വേഷത്തിലെത്തി. നടൻ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്‌ത ഇതാ ഒരു സ്നേഹഗാഥ വിജയകൃഷ്ണൻ സംവിധാനം ചെയ്‌ത മയൂരനൃത്തം എന്നീ രണ്ടു മലയാളചിത്രങ്ങളിൽ വിക്രം നായകനുമായി.
1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച സേതു എന്ന ചിത്രമാണ് വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങൾ വിക്രത്തിനു വൻ വിജയമാണ് നേടിക്കൊടുത്തത്.
പാ.രഞ്ജിത്ത് സംവിധാനം ചെയ്ത് കെ.ഇ.ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷയിലെ ചരിത്രപരമായ ആക്ഷൻ ഡ്രാമ ചിത്രം തങ്കലാനാണ് വിക്രത്തിന്റെതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ മാളവിക മോഹനൻ, പശുപതി, പാർവ്വതി തിരുവോത്ത്, ഡാനിയേൽ കാൽടാഗിറോൺ, ഹരികൃഷ്ണൻ അൻബുദുരൈ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. നായക നടനെന്ന നിലയിൽ വിക്രമിൻ്റെ 61-ാമത്തെ ചിത്രമാണിത്. ഏപ്രിലിൽ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.