തിരുവനന്തപുരം: ഐസിയു പീഡനക്കേസില്‍ അതിജീവിതയെ പിന്തുണച്ച നഴ്സ് പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിച്ച് ഉത്തരവിറക്കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്. ഹൈക്കോടതിയുടെ അന്തിമവിധിയ്ക്ക് വിധേയമായാണ് നിയമനം.
പി.ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. പിന്നാലെയാണ് ഉത്തരവ് പുറത്തിറക്കിയത്. മെഡിക്കല്‍ കോളജില്‍ വിരമിക്കല്‍ മൂലമുണ്ടായ ഒഴിവിലേക്കാണ് നിയമനമെന്ന് ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും പി ബി അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമിക്കുമെന്നും അല്പ സമയം മുന്‍പ് മാധ്യമങ്ങളെ കാണവേ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ അന്തിമ വിധിയ്ക്ക് അനുസൃതമായായിരിക്കും സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
അനിതയ്ക്ക് കോഴിക്കോട്ട് തന്നെ പുനർ നിയമനം നൽകുമെന്ന് വ്യക്തമാക്കിയ മന്ത്രി നടപടികൾ എന്തുകൊണ്ട് വൈകിയെന്ന് ചോദ്യത്തിന് കൃത്യമായി മറുപടി പറഞ്ഞില്ല. പുനർ നിയമനം നൽകാൻ മാർച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടതാണെങ്കിലും തൻറെ ഓഫീസിൽ ഫയൽ എത്തിയത് ഇന്ന് മാത്രം എന്നായിരുന്നു മന്ത്രിയുടെ മറുപടി. സംശയമുള്ളവർക്ക് വിവരാവകാശ അപേക്ഷ നൽകാമെന്നായിരുന്നു മന്ത്രിയുടെ വിചിത്രവാദം.
മെഡിക്കല്‍ കോളജില്‍ പീഡനത്തിനിരയായ അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പി.ബി അനിതയെ സ്ഥലം മാറ്റിയത്. അനിതയുടെ സ്ഥലംമാറ്റവും അതേതുടര്‍ന്നുണ്ടായ പ്രതിഷേധവും വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ഇടപെടല്‍. അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും കോടതി ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് മെഡിക്കൽ കോളജിൽ അനിത സമരം ചെയ്തുവരികയായിരുന്നു.