‘എടാ മോനെ…’എന്ന ഒരൊറ്റ ഡയലോഗുകൊണ്ട് തിയറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായെത്തിയ ‘ആവേശം’. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു ആവേശം എന്ന പേരിൽ ചിത്രമൊരുക്കുന്നു എന്ന വാർത്ത പുറത്തുവന്നപ്പോൾ തുടങ്ങിയ പ്രേക്ഷക പ്രതീക്ഷയാണ്. പേരിലെ ആവേശം ഒട്ടും കുറയ്ക്കാതെയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
തിരശ്ശീലയ്ക്ക് പിന്നിലും മുന്നിലും വലിയ താരസാന്നിധ്യവുമായാണ് ആവേശം എത്തിയത്. ഏറ്റവും ചുരുക്കി പറയുകയാണെങ്കിൽ രംഗൻ അഥവാ രംഗണ്ണൻ എന്ന റൗഡിയുടെ കഥയാണ് ആവേശം. ബംഗളൂരുവിലെ ഒരു കോളേജിൽ പഠിക്കാനെത്തുന്ന മൂന്ന് മലയാളി വിദ്യാർത്ഥികളുടെ ഒരു പ്രശ്നത്തിൽ രംഗൻ ഇടപെടുന്നതും തുടർന്നുനടക്കുന്ന സംഘർഷഭരിതമായ സംഭവവികാസങ്ങളുമാണ് ആവേശത്തിന്റെ ആകെത്തുക. കോളേജ് മുറ്റത്ത് തുടങ്ങുന്ന പ്രശ്നങ്ങൾ വിദ്യാർത്ഥികളുടെ വ്യക്തിജീവിതത്തിലേക്കും പടരുന്നതോടെയാണ് ചിത്രം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നത്.
ആദ്യാവസാനം എന്റർടെയിൻമെന്റ് എന്നതാണ് ആവേശം മുന്നോട്ടുവെയ്ക്കുന്ന വസ്തുത. കോളേജ് ഹോസ്റ്റലിലെ ചെറിയ തമാശകളുമായി മുന്നേറുന്ന ചിത്രം കൂടുതൽ വർണാഭമാകുന്നതും ആവേശോജ്വലമാകുന്നതും രംഗണ്ണന്റെയും കൂട്ടരുടേയും രംഗപ്രവേശനത്തോടെയാണ്. ആരാണ് രംഗൻ? എന്താണയാളുടെ പശ്ചാത്തലം? ആരാണ് അയാളുടെ എതിരാളികൾ എന്നെല്ലാം പറഞ്ഞുകൊണ്ടാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇതിനിടയിലൂടെ വിദ്യാർത്ഥികളായ മൂവർ സംഘത്തിലെ രംഗന്റെ ഇടപെടലുകളും ചിത്രം ചർച്ചചെയ്യുന്നു.
പതിവ് ശൈലികൾ വിട്ടുമാറ്റിപ്പിടിച്ച് രംഗണ്ണനായുള്ള ഫഹദിന്റെ പ്രകടനമാണ് രണ്ടുമണിക്കൂർ നാല്പത് മിനിറ്റുള്ള ചിത്രത്തിന്റെ ഹൈലൈറ്റ്. കന്നഡ കലർന്ന മലയാളം സംസാരിക്കുന്ന രംഗണ്ണനായി ഫഹദ് നിറഞ്ഞാടുകയാണ് ചിത്രത്തിൽ. ഫഹദിനെ ഇതുവരെ കാണാത്ത സ്വാഗിലും സ്ക്രീൻപ്രസൻസിലും അവതരിപ്പിക്കുന്നതിൽ ജിത്തു മാധവൻ വിജയിച്ചിട്ടുണ്ട്. ഇതിന് പിൻബലമേകുന്നത് സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തലസംഗീതംകൂടിയാണ്. രംഗന്റെ വിശ്വസ്തനായ അമ്പാനായി സജിൻ ഗോപു പ്രേക്ഷകരെ ചിരിപ്പിച്ച് കയ്യടി നേടുന്നുണ്ട്. മാസും കോമഡിയും ഒരുപോലെ വഴങ്ങുന്നയാളാണ് താനെന്ന് സജിൻ ഗോപു അടിവരയിട്ടുറപ്പിക്കുന്നു.
മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ് എന്നിവരടങ്ങുന്ന മൂവർസംഘവും ആദ്യചിത്രമാണെന്ന തോന്നലുണ്ടാക്കാത്തവിധം കഥാപാത്രങ്ങൾ ഭംഗിയാക്കി. തങ്കം മോഹൻ അവതരിപ്പിച്ച അമ്മ വേഷം എടുത്തുപറയേണ്ടതാണ്. ഈ കഥാപാത്രം രംഗന്റെ മനസിലുണ്ടാക്കുന്ന സ്വാധീനം ഏറെയാണ്. രംഗനും ഈ അമ്മ കഥാപാത്രവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ ഒരേ സമയം ചിരിയും ചിന്തയും നിറയ്ക്കുന്നതാണ്. ഒരുപക്ഷേ രംഗനൊപ്പം പ്രേക്ഷകർക്കൊപ്പം കൂടുന്ന കഥാപാത്രംകൂടിയാവും ഇത്. മൻസൂർ അലി ഖാൻ, പ്രമോദ് വെളിയനാട്, ആശിഷ് വിദ്യാർത്ഥി, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Read also: ഫീൽ ഗുഡ്: ഇമോഷണലി കണക്റ്റഡ്: സൗഹൃദങ്ങളുടെ രസക്കൂട്ടുമായി ‘വർഷങ്ങൾക്കുശേഷം’ റിവ്യൂ