പാലക്കാട്: മലമ്പുഴയിൽ കൊട്ടേക്കാടിന് സമീപം റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പരുക്കേറ്റ ആനയുടെ നില ഗുരുതരമായി തുടരുന്നു. ആനയുടെ രണ്ടു പിൻകാലുകളും ചലിക്കുന്നില്ല. ജീവൻ നിലനിർത്താനുള്ള മരുന്നുകൾ മാത്രമാണ് നിലവിൽ ആനയ്ക്കു നൽകുന്നത്. രാത്രിയില്‍ കുടിവെള്ളം തേടി ജനവാസമേഖലയില്‍ ഇറങ്ങിയ പിടിയാന തിരികെ ട്രാക്ക് മറികടന്ന് വനത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
ആനയുടെ കാലിൻ്റെ കുഴ തെറ്റിയതാകാമെന്ന് നിഗമനം. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വനത്തിൽ താത്ക്കാലിക സൗകര്യമൊരുക്കിയാണ് ആനയെ നിരീക്ഷിക്കുന്നത്. വിദഗ്ധ ചികിത്സ നൽകി വരുകയാണെന്നും ചീഫ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.
വിഷയത്തിൽ പരാതിയുമായി ആന പ്രേമിസംഘം രംഗത്തെത്തി. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്നാണ് ആരോപണം. ആനയെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകണമായിരുന്നെന്നും വനം വകുപ്പ് ജിപി എന്തുകൊണ്ട് വിഷയത്തിൽ ഇടപെടുന്നില്ലെന്നുമാണ് ആക്ഷേപം.
ആനപ്രേമിസംഘം വനം മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകി. ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. ആനയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എന്നാൽ ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്‍റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ല. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരുക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍.
Read also: എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞു; വാതക ചോര്‍ച്ച തടയാൻ ശ്രമം; ഗതാഗത നിയന്ത്രണം