മന്ത്രി ഗണേശാ! ഡ്രൈവിംഗ് സീറ്റിലെ ചൂട് എത്രയാണെന്ന് അളന്നു നോക്കുമോ?: KSRTC ഡ്രൈവര്‍ അനുഭവിക്കുന്ന ദുരിതം മന്ത്രിക്കറിയുമോ ?: യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളുടെ ഒരുക്കണം, പക്ഷെ, ജീവനക്കാരുടെ ദുരിതം കാണാതെ പോകരുത്

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു. മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി.

ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഭകഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകളില്‍ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു.

വൃത്തിഹീനവും, ടോയ്‌ലറ്റ് സൗകര്യവും ഇല്ലാത്ത ഹോട്ടലുകളെ ലിസ്റ്റ് ചെയ്ത് ഒഴിവാക്കുകയും ചെയ്തു. പകരം ഹോട്ടലുകള്‍ കണ്ടെത്താന്‍ തീരുമാനിച്ചെങ്കിലും ഈ നടപടിയില്‍ വഴിവിട്ട ഇടപെടലുകള്‍ ഉണ്ടാകുമെന്ന സംശയം ബലപ്പെട്ടു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ പരിഷ്‌ക്കാരങ്ങള്‍. പുതിയ ഹോട്ടലുകള്‍ വരുന്നതോടെ നല്ല ഭക്ഷണവും, വൃത്തിയുള്ള ചുറ്റുപാടും, ടോയ്‌ലെറ്റ് സംവിധാനവും ഉണ്ടാകുമെന്ന ആശ്വാസം യാത്രക്കാര്‍ക്കുണ്ടാകും.

അതേസമയം, ബസ് ഓടിക്കുന്ന ഡ്രൈവര്‍ക്കും, കണ്ടക്ടര്‍ക്കും എന്തെങ്കിലും ആശ്വാസമോ ആുകൂല്യമോ നല്‍കുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടതല്ലേ. ഇത്രയും യാത്രക്കാരുമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ഇരിക്കുന്നത്, എഞ്ചിനില്‍ നിന്നു വരുന്ന ചൂടും ഇടുങ്ങിയ സ്ഥലത്തുമാണ്. നേരിട്ടടിക്കുന്ന വെയിലില്‍ നിന്നും രക്ഷനേടാന്‍ എന്താണുളളത്. അന്തരീക്ഷത്തിലെ ചൂടും എഞ്ചിനില്‍ നിന്നുണ്ടാകുന്ന ചൂടുമേറ്റ് ഒറ്റയിരുപ്പില്‍ കിലോമീറ്ററുകള്‍ ഡ്രൈവ് ചെയ്യേണ്ടി വരുന്ന ഡ്രൈവര്‍മാരുടെ അവസ്ഥയെ കുറിച്ച് മന്ത്രിയും പരിവാരങ്ങളും ചിന്തിച്ചു നോക്കണം.

എസിയുമിട്ട്, പുറകില്‍ ചാരിയിരുന്ന് കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റിയെന്നു വരില്ല, ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍. ബസ്റ്റാന്റിലെ പൈപ്പില്‍ നിന്നും എടുക്കുന്നതോ, വീട്ടില്‍ നിന്നും കൊണ്ടു വരുന്ന വെള്ളമോ കുപ്പിയിലുണ്ടാകും. ഒന്നു തൊണ്ടപോലും നനയ്ക്കാന്‍ കഴിയാതെ, തിരക്കുള്ള റോഡുകളില്‍ കൈ-മെയ് അഭ്യാസമാണ് ഡ്രൈവര്‍മാര്‍ നടത്തുന്നത്. ചുമയ്ക്കുമ്പോള്‍ ഉണ്ടാകുന്ന കഫം തുപ്പാന്‍ പോലും കഴിയാതെ മണിക്കൂറുകളോളം വായില്‍ വെയ്‌ക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ടാകുന്നുണ്ട്.

എവിടെയെങ്കിലും വണ്ടി ഒതുക്കുമ്പോഴാണ് കിട്ടുന്ന അല്‍പ്പം സമയത്തില്‍ കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്നതും, നടുവ് നിവര്‍ത്തുന്നതും. സീറ്റിനടിയില്‍ ഇരിക്കുന്ന കുപ്പിയിലെ വെള്ളം അപ്പോഴേക്കും എഞ്ചിന്റെ ചൂടേറ്റ് തിളച്ചിട്ടുണ്ടാകും. ആ വെള്ളമാണ് കൊടും ചൂടിലും ഇവര്‍ കുടിക്കുന്നതെന്ന് മന്ത്രിക്കറിയാമോ. പൊടിയും, പുകയും ശ്വസിച്ച് സ്റ്റിയറിംഗ് പിടിക്കുന്ന ഡ്രൈവര്‍മാരുടെ സീറ്റിനടുത്തുള്ള ഊഷ്മാവ് ഒന്ന് അളന്നു നോക്കിയാല്‍ മനസ്സിലാകും.

എത്ര ഡിഗ്രി ചൂടിലാണ് ഇവര്‍ ജോലി ചെയ്യുന്നതെന്ന്. കെ.എസ്.ആര്‍.ടി.സിയില്‍ ഏറ്റവും കൂടുതല്‍ ഹൃദയസ്തംഭന മരണങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവര്‍മാര്‍ക്കാണ്. അതെന്തു കൊണ്ടാണെന്ന് മനസ്സിലാകണണെങ്കില്‍ ഡ്രൈവര്‍മാരുടെ സീറ്റില്‍ അരമണിക്കൂര്‍ ഇരുന്ന് വളയം പിടിച്ചു നോക്കണം. യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയുടെ അതിഥികള്‍ തന്നെയാണ്. സംശയമില്ല. പക്ഷെ, അതിഥികളെ കൃത്യമായും സുരക്ഷിതമായും എത്തിക്കുന്ന ജീവനക്കാര്‍ക്കും വേണം പ്രാധാന്യം.

അത് നല്‍കുന്നുണ്ടോ എന്നാണ് പ്രധാന ചോദ്യം. ജീവനക്കാരുടെ സ്‌റ്റേ റൂമുകള്‍ മന്ത്രി കണ്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ അത്തരം ഒരു സ്‌റ്റേ റൂമില്‍ ഒരു രാത്രി കിടന്നു നോക്കണം. ഇത്, ചലഞ്ചൊന്നുമല്ല, മനസ്സിലാക്കാന്‍ വേണ്ടിയാണ്. യാത്രക്കാര്‍ക്കു വേണ്ടി ഹോട്ടലുകളും, സ്‌നാക്‌സും, വെള്ളവും നല്‍കാന്‍ തീരുാനിച്ച മന്ത്രി അഭിനന്ദനം അര്‍ഹിക്കുമ്പോള്‍ തന്നെ, ജീവനക്കാരോട് കാണിക്കുന്ന നെറികേടിന് വിമര്‍ശനവും അര്‍ഹിക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി ഉയര്‍ച്ചയിലേക്കെത്തണമെങ്കില്‍ സംതൃപ്തിയോടെ ജോലിചെയ്യുന്ന ജീവനക്കാരുണ്ടാകണം. നല്ല ചുറ്റു പാടുണ്ടാകണം. കൃത്യമായി ജോലി ചെയ്യാനും ചെയ്യിക്കാനും കഴിയണം. ഇതൊക്കെ കൊണ്ടുവരാന്‍ ഗണേഷ്‌കുമാറിന് കഴിയുമെന്നു തന്നെയാണ് വിശ്വാസം. ജീവനക്കാരുടെ പ്രശ്‌നങ്ങളെ ആദ്യം അഭിമുഖീകരിക്കുകയും അത് പരിഹരിക്കുകയും ചെയ്താല്‍ കെ.എസ്.ആര്‍.ടി.സിയിലെ പകുതി പ്രശ്‌നം മാറി എന്നാണ് അര്‍ത്ഥം.