കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെത്തിക്കാൻ ശ്രമം. കിണറിന്റെ ഒരു ഭാഗം ഇടിച്ച് സ്വയം രക്ഷപ്പെടാൻ ആന ശ്രമിക്കുന്നുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. പുലർച്ചെ രണ്ടു മണിയോടെയാണ് ആന കിണറ്റിൽ വീണത്.
ആനയുടെ ശരീരത്തിലാകെ പരുക്കുകളുണ്ട്. കൊമ്പുകൊണ്ടും തുമ്പിക്കൈ കൊണ്ടും കിണറിന്റെ ഒരു ഭാഗം ആന ഇടിച്ചിട്ടു. കിണറ്റിൽ വീണ ആനയ്ക്ക് അക്രമ സ്വഭാവം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവം നടന്ന മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണെന്നും ഇതിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.
ആനയെ ഇവിടെ നിന്ന് മാറ്റുകയാണെങ്കിൽ പ്രദേശത്ത് തുറന്നുവിടരുതെന്നും വേറെ എവിടേക്കെങ്കിലും മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 12ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണത്. അതിനാൽ ഇത് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉറപ്പ് വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read also: പാലക്കാട് ട്രെയിനിടിച്ച ആനയുടെ നില ഗുരുതരം: രണ്ടു പിൻകാലുകളും ചലിക്കുന്നില്ല