കോട്ടയം :പാർട്ടിയിൽ പുലഭ്യം കേട്ട് തുടരുന്നതിനേക്കാൾ നല്ലത് രാജിവെക്കുന്നതാണെന്ന് സജി മഞ്ഞക്കടമ്പിൽ. പാർട്ടിയിൽ നേരിടുന്ന അപമാനത്തെ പറ്റി പാർട്ടി ചെയർമാൻ പി. ജെ ജോസഫിനോട് പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം കാണാൻ അദ്ദേഹം തയ്യാറായില്ലെന്നും സജി മഞ്ഞക്കടമ്പിൽ കൂട്ടിച്ചേർത്തു.
മാണി വിഭാഗത്തിൽ നിന്നും പാർട്ടിയിൽ വന്ന തനിക്ക് അപമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. സ്ഥാനമാനങ്ങൾ വേണ്ട എന്ന് ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ജില്ലാ പ്രസിഡന്റ് സ്ഥാനം അടിച്ചേൽപ്പിച്ചതാണെന്നും 2020 മുതൽ ഞാൻ കോട്ടയം ജില്ലാ പ്രസിഡണ്ട് ആണെന്നും സജി പറഞ്ഞു. എന്നാൽ മറ്റു ജില്ലകളിലെ പ്രസിഡണ്ടുമാർ യുഡിഎഫിന്റെ കൺവീനർ,ചെയർമാനോ ആകുമ്പോൾ തന്നെ മാത്രം മാറ്റി അപമാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാണി ഗ്രൂപ്പ് ആണെന്ന് പറഞ്ഞ് തനിക്ക് സീറ്റ് നിഷേധിച്ചത് മോൻസ് ജോസഫ് ആണെന്നും മോന്‍സ്ജോസഫ് കളിച്ച ട്രാപ്പിൽ പാർട്ടി ചെയർമാൻ വീഴുകയായിരുന്നു എന്നും സജി പറഞ്ഞു.
കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സീറ്റ് തർക്കത്തെ തുടർന്ന് ഏതാനും ദിവസങ്ങൾ മുമ്പാണ് സജി മഞ്ഞക്കടമ്പിൽ പാർട്ടിയിൽ നിന്നും രാജിവച്ചത്.