രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുകയും വേണം.
പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ മടിയാണ്. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
പ്രമേഹ രോഗികൾക്ക് കഴിക്കാൻ സാധിക്കുന്ന പഴങ്ങൾ
ബെറി
സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
ആപ്പിള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം.
സിട്രസ്
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. ഇവയില്‍ കലോറിയും കാര്‍ബോയും കുറവുമാണ്.
കിവി
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഗ്ലൈസെമിക് സൂചിക കുറഞ്ഞ കിവി സഹായിക്കും.
അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ അവക്കാഡോ കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.
പിയർ
നാരുകള്‍ ധാരാളം അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികൾക്ക് പിയർ ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
പീച്ച്
തനതായ രുചിയും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാൽ, പീച്ച് പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച ഒരു പഴമാണ്. മാത്രമല്ല, പീച്ചില്‍ കലോറി താരതമ്യേന കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ ഇവ കഴിക്കാം.
ചെറി
ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
മാതളം
ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും പ്രതിരോധശക്തിയേകുന്ന വിറ്റാമിൻ സിയും ഇവയില്‍ അടങ്ങിയിരിക്കുന്നു.
പേരയ്ക്ക
ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
പ്രമേഹമുള്ളവർ മധുരം ഒഴിവാക്കണമോ?
പ്രമേഹം വന്നാൽ ജീവിതത്തിൽ ഒരിക്കലും മധുരം കഴിക്കാൻ പാടില്ല എന്നതു തെറ്റായ ധാരണയാണ്. വല്ലപ്പോഴും മധുരം ഉപയോഗിക്കുന്നതിലും പ്രശ്നമില്ല. പഞ്ചസാര പോലെയുള്ള റിഫൈൻഡ് ഷുഗർ പെട്ടെന്നു ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂട്ടുകയും ചെയ്യും. അതുകൊണ്ടാണ് മധുരം ദിവസവും ഉപയോഗിക്കരുതെന്നു പറയുന്നത്.
തേൻ, ശർക്കര തുടങ്ങിയവയിലും മധുരം ഉണ്ട്. മാത്രമല്ല, തേനിൽ പഞ്ചസാരയെക്കാൾ കുറച്ചു കൂടുതൽ അന്നജം അടങ്ങിയിട്ടുണ്ട്. ഏതു മധുരമായാലും അത് എത്ര അളവിൽ കഴിക്കുന്നു എന്നതാണു പ്രധാനം. തേനായാലും ശർക്കരയായാലും സുരക്ഷിതമല്ലെന്നർഥം.
പ്രതിദിനം 100 ഗ്രാം പഴവർഗം പ്രമേഹരോഗി കഴിക്കണമെന്നു നിർദേശമുണ്ട്. ഏതു പഴവർഗം വേണമെങ്കിലും ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഓരോ പഴവർഗങ്ങളിലും അടങ്ങിയിട്ടുള്ള അന്നജത്തിന്റെ അളവിൽ വ്യത്യാസമുണ്ട്. ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. 100 ഗ്രാമിൽ കൂടരുതെന്നു മാത്രം. എന്നാൽ മധുരമേറിയ ഈന്തപ്പഴം പോലുള്ളവ കഴിക്കുമ്പോൾ രണ്ടോ മൂന്നോ എണ്ണത്തിൽ നിർത്തണം.