ചണ്ഡീഗഡ്: പൊതുപണം ഉപയോഗിച്ച് പാരീസിലേക്ക് ആഡംബര യാത്ര നടത്തി ചണ്ഡിഗഡിലെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ. ഓഡിറ്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. ബിസിനസ് ക്ലാസ് ടിക്കറ്റുകൾ, ആഡംബര ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയവയെല്ലാം ചെയ്തിരിക്കുന്നത് പൊതുപണം ഉപയോഗിച്ച ആണെന്നാണ് കണ്ടെത്തൽ. 2015 ലാണ് മുതിർന്ന മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർ ഈ യാത്ര നടത്തിയത്. വിജയ് ദേവ്, അനുരാഗ് അഗർവാൾ, വിക്രം ദേവദത്ത് തുടങ്ങിയവർക്കെതിരെയുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത്.
2015ൽ, ചണ്ഡീഗഢിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ സ്വിസ്-ഫ്രഞ്ച് ആർക്കിടെക്റ്റിലെ കോർബ്യൂസിയറുടെ 50-ാം വാർഷികത്തോടനുബന്ധിച്ചുള്ള മീറ്റിംഗിലേക്ക് പാരീസിലെ ഫൗണ്ടേഷൻ ലെ കോർബുസിയറിൽ നിന്ന് ചണ്ഡീഗഡ് ഭരണകൂടത്തിന് ക്ഷണം ലഭിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി നാല് പേരെ ഭരണകൂടം നാമനിർദ്ദേശം ചെയ്തു. വിജയ് ദേവ്, വിക്രം ദേവ് ദത്ത്, അനുരാഗ് അഗർവാൾ എന്നിവർ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. പിന്നീട് ഇവർ പരസ്പരം യാത്രയ്ക്ക് അനുമതി നൽകി.
ഛണ്ഡീഗഢിലെ ചീഫ് ആർക്കിടെക്റ്റ് എന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ദേശിച്ചായിരുന്നു ക്ഷണം, എന്നാൽ പകരം മൂന്ന് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർ പാരീസിലേക്ക് പോകുകയായിരുന്നു. ചണ്ഡിഗഡ് ഭരണകൂടത്തിന്റെ ചെലവിലായിരുന്നു ഉദ്യോഗസ്ഥരുടെ യാത്ര. സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അനുമതിയില്ലാതെ അഞ്ച് ദിവസത്തിൽ കൂടുതൽ വിദേശ യാത്രയ്ക്ക് അനുമതി നൽകരുതെന്ന ചട്ടവും ഉദ്യോഗസ്ഥർ മറികടന്നുവെന്നാണ് കണ്ടെത്തൽ. ഏഴു ദിവസമായിരുന്നു ഈ യാത്ര. യാതൊരു അനുമതിയുമില്ലാതെ ഉദ്യോഗസ്ഥർ എങ്ങനെയാണ് ഒരു ദിവസത്തെ പര്യടനം ഏഴു ദിവസത്തേക്ക് ദീർഘിപ്പിച്ചതെന്ന ചോദ്യവും ഓഡിറ്റ് റിപ്പോർട്ട് മുന്നോട്ടുവെയ്ക്കുന്നു.
യാത്രയ്ക്ക് വേണ്ടി വിജയ് ദേവിന് 6.5 ലക്ഷം രൂപയും അനുരാഗ് അഗർവാളിന് 5.6 ലക്ഷം രൂപയും വിക്രം ദേവ് ദത്തിന് 5.7 ലക്ഷം രൂപയും അനുവദിച്ചിരുന്നുവെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. 18 ലക്ഷം രൂപയായിരുന്നു യാത്രക്കായി അനുവദിച്ചത്. എന്നാൽ, ചെലവ് 25 ലക്ഷം കവിയുകയായിരുന്നു. തുടക്കത്തിൽ അനുവദിച്ച തുകയേക്കാൾ 40 ശതമാനം കൂടുതൽലായിരുന്നു ഇത്. യാത്ര കഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷം, ഉദ്യോഗസ്ഥർ പരസ്പര സഹകരണത്തോടെ ഈ ചെലവുകളുടെ കണക്കുകൾ ക്ലിയർ ചെയ്യുകയായിരുന്നു.