തിരുവനന്തപുരം: മൂന്നാമൂഴം എന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പരാജയം മണക്കുന്ന ഒരാളുടെ ജല്പനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മോദിക്കും ബിജെപിക്കും മൂന്നാമൂഴം ഒരു കാരണവശാലും നൽകില്ലെന്ന് ഇന്ത്യയിലെ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞു. ആ വിധിയെഴുത്തിൽ സവിശേഷമായ ഒരു പങ്ക് കേരളത്തിൽ നിന്നുണ്ടാകും. മുഴുവൻ ഇടതുപക്ഷ സ്ഥാനാർത്ഥികളും വൻ വിജയം നേടുമെന്ന് കെയുഡബ്ല്യുജെ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ ബിനോയ് വിശ്വം പറഞ്ഞു.
ഇടതുപക്ഷ എംപിമാരായിരിക്കും ലോക്സഭയിൽ രാഷ്ട്രീയ ഗതി നിർണയിക്കാൻ പോകുന്ന ഘടകം. രാജ്യത്ത് മാറ്റം കൊണ്ടുവരാൻ പോകുന്നത് എൽഡിഎഫ് എംപിമാരായിരിക്കും. ഇവിടെ നിന്ന് വിജയിച്ച് പോയാൽ ആർക്കുവേണ്ടി കൈപൊക്കുമെന്ന ചോദ്യത്തിലൂടെ ഇടതുപക്ഷത്തിന്റെ ഉത്തരം മുട്ടിച്ചുവെന്നാണ് ചിലർ ധരിക്കുന്നത്. ആർഎസ്എസ്-ബിജെപി സംഘത്തെ ചെറുക്കാൻ വേണ്ടിയാണ് എൽഡിഎഫ് പ്രതിനിധികൾ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് തൂക്ക് പാർലമെന്റ് ഉണ്ടായാൽ അഡാനിമാർ ചാക്ക് നിറയെ പണവുമായി എംപിമാരെ സമീപിക്കും. കോടിക്കണക്കിന് പണം നൽകുന്ന പ്രലോഭനത്തെ അതിജീവിക്കാൻ കഴിയുന്ന എത്ര പേരുണ്ട് ഇന്ന് കോൺഗ്രസിൽ? ഇഡിയും ഐടിയും റവന്യു ഇന്റലിജൻസും വാതിലിൽ മുട്ടുമ്പോൾ മുട്ട് കൂട്ടിയിടിക്കാതെ ആ രാത്രിയെ മറികടക്കാൻ സാധിക്കുന്നവരും ആ പാർട്ടിയിലില്ല. ഗാന്ധിജിയുടെ പാർട്ടിയിൽ നിന്ന് ഗോഡ്‌സെയുടെ പാർട്ടിയിലേക്ക് പോകാൻ ഒരു മടിയുമില്ലാതായി. രാവിലെ 10.30ന് കോൺഗ്രസിന്റെ യോഗത്തിൽ പങ്കെടുത്ത നേതാക്കളും എംഎൽഎമാരും 11 മണിക്ക് ബിജെപിയാകുന്നു. കോൺഗ്രസിന്റെ ഗതികെട്ട അവസ്ഥയിൽ സന്തോഷിക്കുന്നില്ലെങ്കിലും യാഥാർത്ഥ്യം അതാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഉൾപ്പെടെ ഉറച്ചുനിൽക്കുമെന്ന് ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകൾ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ബാബ്‌റി മസ്ജിദ് മുസ്ലിങ്ങൾ തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതായിരുന്നുവെന്നും, ഇസ്രയേലും ഹമാസും തുല്യരാണെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ കോൺഗ്രസിന്റേതാണോ എന്ന് ആ പാർട്ടി വ്യക്തമാക്കണം. ആർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്നും, തോന്നിയാൽ താൻ ബിജെപിയിൽ പോകുമെന്നും പറഞ്ഞയാളാണ് കണ്ണൂരിലെ സ്ഥാനാർത്ഥി. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് വലിയ ദൂരമില്ലെന്നാണ് ഇതെല്ലാം തെളിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ നയങ്ങളോട് വിയോജിപ്പുള്ള ഒരുപാടുപേർ കോൺഗ്രസിലുണ്ട്. അവർ ഇത്തവണ വോട്ട് ചെയ്യാൻ പോകുന്നത് ഇടതുപക്ഷത്തിനായിരിക്കും. ആരാണ് തങ്ങളെ സംരക്ഷിക്കുന്നതെന്ന് മതന്യൂനപക്ഷങ്ങൾ തിരിച്ചറിയുന്നുണ്ട്. മതേതര മനസുള്ള ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഇടതുപക്ഷത്തോടൊപ്പം അണിനിരക്കും. രാജ്യത്തെ വലിയ പണക്കാരനാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി. നേരായി നേടിയ സമ്പത്താണെങ്കിൽ ആ പണത്തിന്റെ കണക്ക് എല്ലാം പറയേണ്ടതല്ലേ. സത്യവാങ്മൂലത്തിൽ നൽകിയ കണക്ക് സത്യമല്ലെന്ന ആരോപണത്തിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല.
കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പറയുന്നത് കോൺഗ്രസ്-ബിജെപി ചങ്ങാത്തം മറച്ചുപിടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് കോൺഗ്രസ് നേതാക്കളുടെ ദൂരക്കാഴ്ചയില്ലായ്മയാണ് കാണിക്കുന്നത്. ആർഎസ്എസാണ് മുഖ്യ എതിരാളിയെങ്കിൽ അവരുള്ളിടത്താണ് മത്സരിക്കേണ്ടത്. മൂക്കിനപ്പുറം കാണാൻ കഴിയാത്തവരായി കോൺഗ്രസ് നേതാക്കൾ മാറിയെന്നും ബിനോയ് വിശ്വം പറഞ്ഞു.