ഗുണ്ടാ രംഗനായി ഫഹദ് ഫാസിൽ നിറഞ്ഞാടിയ ചിത്രമാണ് ആവേശം. മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളിൽ കളക്ഷൻ നേടുകയാണ് ചിത്രം. കണ്ടിറങ്ങിയവരെല്ലാം തന്നെ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് നടത്തുന്നത്. രംഗൻ എന്ന കഥാപാത്രത്തെ ഫഹദ് വളരെ മികച്ച രീതിയിൽ തന്നെയാണ് അവതരിപ്പിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്. ഫഹദിന്റെ അഭിനയം ഗംഭീരമാണെന്നും ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച അപ്പിയറൻസ് ആണ് ചിത്രത്തിൽ ഫഹദിനുള്ളതെന്നുമാണ് സിനിമ കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്.
ഒരു എന്റർടൈൻമെന്റ് സിനിമ എന്ന നിലയിലാണ് ആവേശത്തിനു ഇത്രയും ജനസ്വീകാര്യത ലഭിക്കുന്നത്. യുവാക്കളെയാണ് സിനിമ കൂടുതൽ ആകർഷിക്കുന്നത്. ബംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉടനീളം ഉണ്ട്. ചിത്രത്തിൽ ഫഹദ് പറയുന്ന ‘എടാ മോനെ’ എന്ന ഡയലോഗും ഇതിനോടകം വൈറലായി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകളിൽ നിന്ന് തന്നെ ഈ ഡയലോഗ് ആരാധകരുടെ മനസ്സിൽ പതിഞ്ഞു കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ അഭിനയിച്ച പുതിയ അഭിനേതാക്കളും ഫഹദിനോടൊപ്പം ഗംഭീര പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയായ രംഗന്റെയും കഥ പറയുന്ന ചിത്രം ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരിൽ ആവേശം ജനിപ്പിക്കുന്നു.
മികച്ച ഇന്റർവെൽ ബ്ലോക്കും ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. രംഗണ്ണനും പിള്ളാരും ഡബിൾ സ്‌ട്രോങ്ങ് അല്ല ത്രിബിൾ സ്‌ട്രോങ്ങ് ആണെന്നും ഫഹദ് ഫാസിലിന്റെ ആറാട്ടാണ് ചിത്രത്തിൽ കാണാൻ കഴിയുന്നതെന്നും ചില പ്രേക്ഷകർ പറയുന്നു. ബംഗളൂരുവിലെ ഒരു കോളേജിൽ പഠിക്കാൻ എത്തുന്ന മൂന്ന് മലയാളി വിദ്യാർഥികൾക്ക് ഒരു പ്രശ്‌നം ഉണ്ടാവുകയും ഈ പ്രശ്‌നത്തിൽ രംഗൻ ഇടപെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. പിന്നീടങ്ങോട്ട് ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളാണ് ആവേശം എന്ന ചിത്രത്തിൽ കാണാൻ കഴിയുക. കോളേജിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ വിദ്യാർത്ഥികളുടെ വ്യക്തി ജീവിതത്തിലേക്കും ബാധിക്കുന്നതോടെയാണ് ചിത്രത്തിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. രംഗണ്ണന്റെയും കൂട്ടാളികളുടെയും വരവോടെ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരും.
കന്നട കലർന്ന മലയാളമാണ് ഫഹദ് ചിത്രത്തിൽ സംസാരിക്കുന്നത്. ഫഹദിനെ ഇതുവരെ കാണാത്ത സ്‌ക്രീൻ പ്രസൻസിലാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ വിഷുക്കാലത്ത് തിയേറ്ററുകളിൽ നിറഞ്ഞാടാൻ ആവേശം എന്ന ചിത്രത്തിന് കഴിയുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.
രോമാഞ്ചം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. അൻവർ റഷീദും ഫഹദ് ഫാസിലും ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെയും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, മൻസൂർ അലി ഖാൻ, ഹിപ്പ്സ്റ്റർ, മിഥുൻ ജയശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രോമാഞ്ചം എന്ന ചിത്രത്തിലൂടെ സുപരിചിതനായ സജിൻ ഗോപു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.
സമിർ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. വിവേക് ഹർഷനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സുഷിൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.