ന്യൂഡൽഹി; യുപിഎ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മുംബൈ ഭീകരാക്രമണത്തിന് ശേഷം യുപിഎ സർക്കാർ പാക്കിസ്ഥാന് തക്കതായ തിരിച്ചടി നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചടിക്കണം എന്നായിരുന്നു പൊതുവികാരം, എന്നാൽ നീണ്ട ചർച്ചകൾക്ക് ശേഷം അത് വേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണങ്ങൾക്ക് ഉടൻ മറുപടി നൽകിയില്ലെങ്കിൽ ഭാവിയിൽ ഇത്തരം ആക്രമണങ്ങളെ എങ്ങനെയാണ് തടയാൻ കഴിയുക. 2014 മുതൽ കേന്ദ്ര സർക്കാർ അതിർത്തി കടന്നുള്ള ഭീകരവാദം നേരിടുന്നതിൽ നയം മാറ്റം കൊണ്ടുവന്നു. ഭീകരർ നിയമം നോക്കാതെ ആക്രമിക്കുന്നു, അപ്പോൾ തിരിച്ചും അതുപോലെ മറുപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭീകരവാദികൾ കളിക്കുന്നത് ഒരു നിയമവും അനുസരിച്ചല്ല. അതിനാൽ തന്നെ ഭീകരവാദികൾക്കുള്ള ഉത്തരത്തിനും നിയമങ്ങളൊന്നും ഉണ്ടാകില്ല. 1947ൽ പാക്കിസ്ഥാനിൽ നിന്നുള്ള ആളുകൾ കശ്മീരിൽ വന്ന് ആക്രമണം നടത്തി. അത് തീവ്രവാദമായിരുന്നു. നഗരങ്ങളും ഗ്രാമങ്ങളും കത്തിച്ചു. അവർ വലിയ തോതിൽ ആളുകളെ കൊല്ലുകയായിരുന്നുവെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.