ടെൽ അവീവ്: അടുത്ത 24 മണിക്കൂറിനുള്ളിൽ ഇസ്രയേലിനെ ഇറാൻ ആക്രമിച്ചേക്കാമെന്ന് റിപ്പോർട്ട്. ഡമാസ്‌കസിലെ ഇറാൻ എംബസി ബോംബിട്ട് തകർത്തതിനു തക്കതായ മറുപടി നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഇറാൻ വിലയിരുത്തുകയാണെന്നു ഇറാൻ നേതൃത്വത്തെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.
യുഎസിന്റെയും മറ്റു ഇന്റലിജൻസ് അവലോകനങ്ങളും വിലയിരുത്തുന്നത് ഞായറാഴ്ച തന്നെ ഇറാൻ തിരച്ചടിക്കാനുള്ള സാധ്യതകളാണ്. ഇതൊരുപക്ഷെ യുദ്ധത്തിലേക്കു നയിച്ചേക്കാമെന്നും കരുതുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇസ്രയേലിനു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡ്രോണുകളും മിസൈലുകളുമായിരിക്കും ഇറാന്റെ ആയുധങ്ങൾ. സംഘർഷമുണ്ടായാൽ ഇസ്രയേലിന് ഒപ്പം നിൽക്കുമെന്നു വ്യക്തമാക്കിയ യുഎസ് യുദ്ധക്കപ്പലുൾപ്പടെയുള്ള കൂടുതൽ യുദ്ധോപകരണങ്ങളുമായി ഇസ്രയേലിനൊപ്പം പ്രതിരോധത്തിനു തയാറായിക്കഴിഞ്ഞതായാണു വിവരം.
ഇറാനുമായി ബന്ധപ്പെടാനും യുഎസ് ശ്രമിക്കുന്നുണ്ട്. സംഘർഷം ലഘൂകരിക്കാൻ ഇറാനോട് ആവശ്യപ്പെടാൻ സൗദി അറേബ്യ, യുഎഇ, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരോടു യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിൽനിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസ് സെൻട്രൽ കമാൻഡ് ജനറൽ മൈക്കിൾ കുരുവിളയെ ഇസ്രയേലിലേക്കും ബൈഡൻ അയച്ചിട്ടുണ്ട്.
Read also: ഇറാൻ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിച്ചേക്കും; ഇസ്രയേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക