2024 മാർച്ച് മാസത്തെ എസ്‌യുവി വിൽപ്പനയിൽ മുൻനിരയിലുള്ളത് മാരുതി ബ്രെസ. മൊത്തത്തിലുള്ള പ്രതിമാസ (MoM) വിൽപ്പന ഏകദേശം 6 ശതമാനം കുറഞ്ഞെങ്കിലും, കഴിഞ്ഞ മാസം 53,000 സബ്കോംപാക്ട് എസ്യുവികൾ രാജ്യത്ത് വിൽക്കപ്പെട്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ മാർച്ച് മാസം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട എസ്‌യുവികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ടാറ്റാ നെക്‌സോൺ ആണ്. 14058 ടാറ്റാ നെക്‌സോണുകൾ വിറ്റു. ഫെബ്രുവരിയിൽ ഇത് 14395 എണ്ണമായിരുന്നു.
പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഹ്യുണ്ടായ് വേദിയും നാലാം സ്ഥാനത്ത് കിയാ സോണറ്റും അഞ്ചാം സ്ഥാനത്ത് നിസാൻ മാഗ്നെറ്റുമാണ്. മഹീന്ദ്ര XUV300 ആറാം സ്ഥാനത്തുണ്ട്. റെനോ കിഗർ ഏഴാം സ്ഥാനത്താണ്. 1050 റെനോ കിഗർ വാഹനങ്ങളാണ് രാജ്യത്ത് വിറ്റത്.
പട്ടികയിൽ മുന്നിലാണെങ്കിലും ബ്രെസയ്ക്ക് പ്രതിമാസ വിൽപ്പനയിലെ വളർച്ചയിൽ 7 ശതമാനത്തിലധികം ഇടിവാണ് ബ്രെസയ്ക്ക് നേരിടേണ്ടി വന്നത്. എന്നാൽ മാർക്കറ്റ് ഷെയർ 27.64 ൽ എത്തിക്കാൻ ബ്രെസയ്ക്ക് കഴിഞ്ഞു. മാരുതി ബ്രെസയെ അപേക്ഷിച്ച് 2024 മാർച്ചിൽ ടാറ്റ നെക്സോണിന്റെ വിൽപ്പന 500 യൂണിറ്റുകൾ കുറഞ്ഞു. എന്നാൽ, പ്രതിമാസ വിൽപ്പനയിലെ വളർച്ചയിൽ 2.34 ശതമാനം ഇടിവ് മാത്രമാണുണ്ടായത്. മാർക്കറ്റ് ഷെയർ 26.59 ൽ എത്തി.
ഹ്യുണ്ടായ് വേദി 9614 കാറുകളാണ് മാർച്ച് മാസം വിറ്റത്. വിൽപ്പനയിലെ വളർച്ച 7.62 ശതമാനം ഉയർത്താനും ഹ്യുണ്ടായ് വേദിയ്ക്ക് കഴിഞ്ഞു. കിയ സോണറ്റ് 8750 വാഹനങ്ങളാണ് മാർച്ച് മാസത്തിൽ വിൽപ്പന നടത്തിയത്. വിൽപ്പന വളർച്ചയിൽ 3.86 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. നിസാൻ മാഗ്നെറ്റ് 2701 വാഹനങ്ങളും മഹീന്ദ്ര XUV300 2072 വാഹനങ്ങളും മാർച്ച് മാസം വിറ്റു. നിസാൻ മാഗ്നെറ്റിന്റെ വിൽപ്പന വളർച്ചാ നിരക്കിൽ 1.96 ശതമാനവും മഹീന്ദ്രയുടേതിൽ 50.87 ശതമാനം ഇടിവും രേഖപ്പെടുത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. റെനോ കിഗറിന്റെ വിൽപ്പന വളർച്ച 0.28 വർധിച്ചിട്ടുണ്ട്.