തിരുവനന്തപുരം: സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. തൃശൂർ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്കോറും നേടിയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയത്. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ പുതിയതും പുന:അംഗീകാരവും ഉൾപ്പെടെ ആകെ 143 സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരം. ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ താലൂക്ക്, ജില്ലാ ആശുപത്രികളിൽ കൂടി ഗുണനിലവാരം ഉറപ്പാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനത്ത് ആകെ 175 ആശുപത്രികൾക്ക് എൻ.ക്യു.എ.എസ്. അംഗീകാരവും 76 ആശുപത്രികൾക്ക് പുന:അംഗീകാരവും നേടിയെടുക്കാനായി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 116 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളതെന്നും മന്ത്രി വിശദമാക്കി.
8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ.ക്യു.എ.എസ്. അംഗീകാരത്തിന് 3 വർഷത്തെ കാലാവധിയാണുളളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻ.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ആശുപത്രികളുടെ കൂടുതൽ വികസനത്തിന് ഈ തുക സഹായിക്കുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.