ന്യൂഡൽഹി: വനിതാ സംവരണ നിയമം, പുതിയ ക്രിമിനൽ നിയമം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളുമായി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക ബിജെപി പുറത്തിറക്കി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയിൽ റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ച് വർഷവും സൗജന്യമായി നൽകും, ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, ഇന്ത്യയെ രാജ്യന്തര നിർമാണ ഹബ്ബാക്കും എന്നീ വാഗ്ദാനങ്ങളും ബിജെപി മുന്നോട്ടുവയ്ക്കുന്നു. ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ ചേർന്നാണു പ്രകടനപത്രിക പുറത്തിറക്കിയത്.
ബിജെപിയുടെ പ്രകടനപത്രിക ഊന്നല്‍ നല്‍കുന്നത് വികസിത ഭാരതത്തിന്റെ നാല് തൂണുകള്‍ക്കാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്യാന്‍ (GYAN)- ഗരീബ് (പാവപ്പെട്ടവര്‍), യുവ (യുവജനങ്ങള്‍), അന്നദാത (കൃഷിക്കാര്‍), നാരി (സ്ത്രീകള്‍) എന്നിവര്‍ക്കാണ് ബിജെപിയുടെ പ്രകടനപത്രിക പ്രാമുഖ്യം നല്‍കുന്നതെന്ന് മോദി പറഞ്ഞു.