മുംബൈ: ലിവിങ് പങ്കാളിയേയും മകനേയും കൊലപ്പെടുത്തി യുവാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം ഉണ്ടായത്. സച്ചിൻ വിനോദ്കുമാർ റൗട്ട് എന്ന യുവാവാണ് തന്റെ പങ്കാളിയേയും മകനേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. നസ്നിൻ, മകൻ യുഗ് എന്നിവരെയാണ് സച്ചിൻ കൊലപ്പെടുത്തിയത്.
ഹോട്ടൽ മുറിയിൽ ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടത്. ഉടൻ തന്നെ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സച്ചിൻ വിനോദ് കുമാറിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നസ്നിന്റെ മൃതദേഹം തലയ്ക്ക് പരിക്കേറ്റ നിലയിലും കണ്ടെത്തി. ഇവരുടെ മൃതദേഹത്തിന്റെ സമീപത്ത് രക്തക്കറകളുള്ള ചുറ്റികയും കണ്ടെത്തി.
യുഗിന്റെ ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയെ കൊന്നതിന് ശേഷം പങ്കാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ട്രക്ക് ഡ്രൈവറായ സച്ചിൻ വിനോദ്കുമാർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പോലീസ് അറിയിച്ചു.