അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യാൻ പറ്റിയ സമയമാണ് ഏപ്രിൽ മാസം. പരീക്ഷയൊക്കെ കഴിഞ്ഞ് സ്‌കൂൾ അടച്ച് കുട്ടികൾ വീട്ടിലിരിക്കുന്ന ഈ സമയമാണ് കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ ഏറ്റവും മികച്ചത്. എന്നാൽ, അവധിക്കാല യാത്ര പ്ലാൻ ചെയ്യുമ്പോൾ എവിടേക്കാണ് പോകേണ്ടതെന്ന സംശയം പലർക്കുമുണ്ടാകാറുണ്ട്. ഈ ഏപ്രിൽ മാസം ഇന്ത്യയിൽ സന്ദർശിക്കാൻ കഴിയുന്ന മികച്ച 15 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
1. മണാലി
ഏപ്രിലിൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് മണാലി. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലാണ് മണാലി സ്ഥിതി ചെയ്യുന്നത്. മണാലിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാൻ ഏറ്റവും അനുയോജ്യം ഏപ്രിൽ മാസമാണ്. ഇന്ത്യയുടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഏപ്രിൽ മാസം വലിയ ചൂട് ആയിരിക്കും അനുഭവപ്പെടുന്നത്. എന്നാൽ മണാലിയിലെ സുഖമുള്ള കാലാവസ്ഥ സഞ്ചാരികളെ കൂടുതൽ കംഫർട്ട് ആക്കും. ഹിഡിംബ ദേവി ക്ഷേത്രം, റോഹ്താങ് ചുരം, ജോഗിനി വെള്ളച്ചാട്ടം, സോളാങ് താഴ്‌വര, മനു ക്ഷേത്രം, മാൾ റോഡ്, ബുദ്ധ വിഹാരങ്ങൾ എന്നിവയാണ് മണാലിയിൽ സന്ദർശിക്കാനുള്ള പ്രധാന സ്ഥലങ്ങൾ. പാരാഗ്ലൈഡിംഗ്, ക്യാമ്പിംഗ്, ട്രക്കിംഗ്, ഹൈക്കിംഗ്, ഫിഷിംഗ്, ഷോപ്പിംഗ്, സിപ്ലൈനിംഗ് തുടങ്ങിയവ ചെയ്യാനുള്ള അവസരവും മണാലിയിലുണ്ട്.
2. ജിഭി, ഹിമാചൽപ്രദേശ്
ഹിമാചൽ പ്രദേശിലെ ബഞ്ചാർ താഴ്വരയിൽ തീർത്ഥനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ജിഭി. പ്രകൃതിരമണീയമായ സ്ഥലമാണിത്. പർവതശിഖരങ്ങൾ, പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, ട്രെക്കിംഗ് പാതകൾ, ട്രീ ഹൗസുകൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
3. കസൗലി, ഹിമാചൽ പ്രദേശ്
ഹിമാചൽ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കസൗലി. ചരിത്രപരമായ കെട്ടിടങ്ങൾക്കും ശാന്തമായ പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കസൗലി വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയാൽ അനുഗ്രഹീതമാണ്. ഗിൽബെർട്ട് ട്രയൽ, മങ്കി പോയിന്റ്, സൺറൈസ് പോയിന്റ്, സൺസെറ്റ് പോയിന്റ്, ക്രൈസ്റ്റ് ചർച്ച്, കസൗലി ബ്രൂവറി എന്നിവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
4. ഋഷികേശ്, ഉത്തരാഖണ്ഡ്
ഏപ്രിലിൽ ഇന്ത്യയിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഋഷികേശ്. ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങൾ, യോഗ ആശ്രമങ്ങൾ, ഗംഗാ ആരതി, കഫേകൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ സ്ഥലം.
ഋഷികേശിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു സാഹസിക വിനോദമാണ് ബംഗീ ജമ്പിംഗ്. ഗംഗാ നദിയിലെ വൈറ്റ് വാട്ടർ റാഫ്റ്റിംഗും ബംഗീ ജമ്പിംഗും വളരെ പ്രസിദ്ധമാണ്.
5. ഗോകർണം, കർണാടക
ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഗോകർണം. ബീച്ചുകൾ, സാഹസിക ജല കായിക വിനോദങ്ങൾ, പവിത്രമായ ക്ഷേത്രങ്ങൾ, രസകരമായ ട്രെക്കിംഗ് പാതകൾ എന്നിവ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. ട്രക്കിംഗ്, ബനാന ബോട്ട് സവാരി, സർഫിംഗ്, പാരാസെയിലിംഗ്, നീന്തൽ, ക്യാമ്പിംഗ്, പാഡിൽ ബോട്ടുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.
6. കസോൾ – ഹിമാചൽ പ്രദേശ്
ഇന്ത്യയിലെ മിനി ഇസ്രായേൽ എന്നറിയപ്പെടുന്ന പ്രദേശമാണ് കസോൾ. ഏറ്റവും മനോഹരമായ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ഇവിടം. ഹിമാചൽ പ്രദേശിലെ പാർവതി താഴ്‌വരയിലാണ് കസോൾ സ്ഥിതി ചെയ്യുന്നത്. ട്രക്കിംഗ്, ഹൈക്കിംഗ്, ട്രൗട്ട് ഫിഷിംഗ്, പക്ഷി നിരീക്ഷണം, ക്യാമ്പിംഗ്, കഫേ ഹോപ്പിംഗ് തുടങ്ങിയവയെല്ലാം ഇവിടെ ആസ്വദിക്കാൻ കഴിയും.
7. നുബ്ര വാലി, ലഡാക്ക്
മനോഹരമായ പ്രകൃതിദൃശ്യങ്ങൾ, ബുദ്ധവിഹാരങ്ങൾ, ബാക്ട്രിയൻ ഒട്ടകങ്ങൾ എന്നിവയ്ക്ക് പേരുകേട്ട പ്രദേശമാണ് നുബ്രാ വാലി. ഡിസ്‌കിറ്റ് ഗോമ്പ, പനാമിക് വില്ലേജ്, ഹണ്ടർ സാൻഡ് ഡ്യൂൺസ്, സാംസ്റ്റാൻലിംഗ് മൊണാസ്ട്രി, ബാക്ട്രിയൻ ക്യാമൽ സഫാരി തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണീയത.
8. തവാങ്, അരുണാചൽ പ്രദേശ്
ബുദ്ധവിഹാരങ്ങൾക്ക് പേരുകേട്ട സ്ഥലമാണിത്. അരുണാചൽ പ്രദേശിലെ ഏറ്റവും ചെറിയ ജില്ല കൂടിയാണിത്. തവാങ് ആശ്രമം, ബാപ് ടെങ് കാങ് വെള്ളച്ചാട്ടം, ഗോറിച്ചൻ കൊടുമുടി, സെല പാസ്, മാധുരി തടാകം, നുറനാങ് വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കാൻ ഏറ്റവും മികച്ച സ്ഥലങ്ങൾ.
9. കലിംപോങ്, പശ്ചിമ ബംഗാൾ
പുരാതന ബുദ്ധ വിഹാരങ്ങൾ, പള്ളികൾ, പുഷ്പ വിപണി എന്നിവയ്ക്ക് പേരുകേട്ട പ്രദേശമാണിത്. ഓർക്കിഡുകളും ഹിമാലയൻ പൂക്കളും ഉൾപ്പെടെ വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെ ശേഖരമാണ് കാലിംപോങ്ങിലെ പ്രശസ്തമായ പുഷ്പ വിപണി. ഡർപിൻ ദാരാ ഹിൽ, ഡിയോലോ ഹിൽ, കാക്ടസ് നഴ്‌സറി, ടീസ്റ്റ ബസാർ, മോർഗൻ ഹൗസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ.
10. കശ്മീർ
ഒരിക്കലെങ്കിലും എല്ലാവരും സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ് കശ്മീർ. ഭൂമിയിലെ സ്വർഗം എന്നാണ് കശ്മീർ അറിയപ്പെടുന്നത്. ഗുൽമാർഗ്, ശ്രീനഗർ, പഹൽഗാം, സോൻമാർഗ്, പട്‌നിടോപ്പ്, പുൽവാമ തുടങ്ങി നിരവധി ടൂറിസ്റ്റ് സ്‌പോട്ടുകൾ ഇവിടെയുണ്ട്.
11. ഊട്ടി, തമിഴ്‌നാട്
രാജ്യത്തെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ഊട്ടി. തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയാൽ നിറഞ്ഞതാണ് ഈ മനോഹരമായ പ്രദേശം. തണുത്ത കാലാവസ്ഥയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഊട്ടി ടോയ് ട്രെയിനിലെ സവാരിയാണ് പ്രധാന ആകർഷണം.
12. മൂന്നാർ, കേരളം
പ്രകൃതി സ്‌നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും പോകാൻ പറ്റിയ സ്ഥലമാണ് മൂന്നാർ. ചിന്നാർ വന്യജീവി സങ്കേതം, ഇരവികുളം നാഷണൽ പാർക്ക്, തട്ടേക്കാട് പക്ഷി സങ്കേതം, ആനമുടി കൊടുമുടി, ലക്കം വെള്ളച്ചാട്ടം, എക്കോ പോയിന്റ് തുടങ്ങിയ സ്ഥലങ്ങളെല്ലാം സന്ദർശിക്കാം.
13. ദേവികുളം, കേരളം
സമുദ്രനിരപ്പിൽ നിന്ന് 1800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ദേവികുളം, മൂന്നാറിനടുത്തുള്ള (18 കിലോമീറ്റർ) ചെറുതും മനോഹരവുമായ ഒരു ഹിൽസ്റ്റേഷനാണിത്. പ്രദേശവാസികൾക്കിടയിൽ വളരെ പവിത്രമായി കണക്കാക്കപ്പെടുന്ന സീതാദേവി തടാകത്തിന് പേരുകേട്ടതാണ് ഈ സ്ഥലം. സീതാദേവി കുളിച്ച തടാകമാണിതെന്നാണ് ഐതീഹ്യം. കീഴാർകുത്ത് വെള്ളച്ചാട്ടം, ചൊക്രമുടി കൊടുമുടി, ബ്ലോസം ഇന്റർനാഷണൽ പാർക്ക്, തൂവാനം വെള്ളച്ചാട്ടം തുടങ്ങിയവയും ദേവികുളത്തെത്തിയാൽ ആസ്വദിക്കാം.
14. ആൻഡമാൻ നിക്കോബാർ ദ്വീപ്
ലോകത്തുള്ള ആരെയും ആകർഷിക്കുന്ന സ്ഥലമാണ് ആൻഡമാൻ നിക്കോബാർ. സ്‌കൂബ ഡൈവിംഗ്, സ്‌നോർക്കെലിംഗ് എന്നിവയ്ക്ക് പേരുകേട്ട സ്ഥലം. ഹാവ്ലോക്ക് ദ്വീപ് , നീൽ ദ്വീപ് , എലിഫന്റ് ബീച്ച്, ബാരൻ ഐലൻഡ്, രാധാനഗർ ബീച്ച് , ഡിജിലിപൂർ, വണ്ടൂർ ബീച്ച്, സെല്ലുലാർ ജയിൽ നാഷണൽ മെമ്മോറിയൽ, ബരാതംഗ് ദ്വീപ് എന്നിവയാണ് ഇവിടെ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങൾ.
15. ഖജ്ജിയാർ
ഡൽഹൗസിയിൽ നിന്ന് 24 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖജ്ജിയാർ ഇന്ത്യയുടെ മിനി സ്വിറ്റ്‌സർലൻഡ് എന്നാണ് അറിയപ്പെടുന്നത്. പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, നിബിഡ വനം, പുണ്യ ക്ഷേത്രങ്ങൾ, സാഹസിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഈ സ്ഥലം പേരുകേട്ടതാണ്. ഖജ്ജി നാഗ് ക്ഷേത്രം, കാലടോപ്പ് വന്യജീവി സങ്കേതം, ഖജ്ജിയാർ തടാകം, പഞ്ച് പാണ്ഡവ് മരം, ദൈൻകുണ്ഡ് കൊടുമുടി തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ കണ്ടിരിക്കേണ്ടത്.