കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് നൽകേണ്ട ഭക്ഷണങ്ങൾ സംബന്ധിച്ച് അമ്മമാർക്ക് എപ്പോഴും ടെൻഷൻ ആയിരിക്കും. ഏത് ഭക്ഷണമാണ് കുട്ടിയുടെ ആരോഗ്യത്തിന് നല്ലതെന്ന ചിന്തയായിരിക്കും എപ്പോഴും അമ്മമാരുടെ മനസിലുള്ളത്. കുട്ടികൾക്ക് എപ്പോഴും പോഷകസമൃദ്ധമായ ആഹാരം വേണം നൽകേണ്ടത്. ഇത് കുട്ടികളിലെ ഊർജനില മെച്ചപ്പെടുത്തും. രോഗങ്ങൾ അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനും പോഷക സമ്പന്നമായ ആഹാരങ്ങൾ നൽകണം.
പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിച്ചു കൊണ്ടായിരിക്കണം കുട്ടികൾ തങ്ങളുടെ ദിവസം ആരംഭിക്കേണ്ടത്. മുട്ട, പാൽ, തൈര്, ഗോതമ്പ്, ധാന്യങ്ങൾ എന്നിവയെല്ലാം കുട്ടികൾ കഴിക്കേണ്ടതുണ്ട്. സ്മൂത്തികൾ, സാൻഡ്‌വിച്ച് ബ്രെഡും പീനട്ട് ബട്ടറും, വെജിറ്റബിൾ സലാഡുകൾ എന്നിവയെല്ലാം കുട്ടികൾക്ക് പ്രഭാത ഭക്ഷണമായി നൽകാം.
കുട്ടികൾക്ക് ഫാസ്റ്റ് ഫുഡ് നൽകുന്നത് ഒഴിവാക്കാം. ഐസ്‌ക്രീം, ചോക്ലേറ്റുകൾ, മറ്റ് മധുര പലഹാരങ്ങൾ എന്നിവ ഒഴിവാക്കി പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കണം, പരിപ്പ്, ധാന്യവർഗങ്ങൾ, കിഴങ്ങു വർഗങ്ങൾ, നാരുകളുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ നൽകണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ബേക്കറി സാധനങ്ങളും പതിവായി നൽകുന്നതും നല്ലതല്ല. എല്ലാ ദിവസവും കുട്ടികളുടെ ഭക്ഷണത്തിൽ വൈവിധ്യമാർന്ന പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്താനും മാതാപിതാക്കൾ ശ്രദ്ധിക്കണം.
വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടാൻ നോക്കണം. പോഷക സമൃദ്ധമായ ഭക്ഷണത്തെ കുറിച്ച് മനസിലാക്കാൻ കുട്ടികളെ സഹായിക്കണം. ഭക്ഷണ സാധനങ്ങളിലുള്ള ലേബൽ വായിച്ച് പോഷക മൂല്യങ്ങളെ കുറിച്ച് മനസിലാക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. പച്ചക്കറികളും മറ്റ് ഔഷധസസ്യങ്ങളും നട്ടു വളർത്താനും കുട്ടികളെ ഒപ്പ കൂട്ടാം. ഇതിന്റെ പ്രധാന്യത്തെ കുറിച്ചും ഗുണങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും വേണം.