തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളി ജീവനക്കാരുടെ മോചിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അടിയന്തര ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.
കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിനാണ് മുഖ്യമന്ത്രി കത്തയച്ചത്. ഇന്ത്യാക്കാരുടെ മോചനത്തിനായുള്ള അടിയന്തര ഇടപെടൽ വേണമെന്നും കുടുംബങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
25 ജീവനക്കാരാണ് ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലുള്ളത്. ഇതിൽ 17 ഇന്ത്യക്കാരുണ്ട്. നാലു മലയാളികളാണ് ആകെയുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. ഫിലിപ്പൈൻസ്, പാകിസ്താൻ, റഷ്യ, എസ്‌തോണിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും കപ്പലിലുണ്ട്.
ഇസ്രയേൽ ശതകോടീശ്വരൻ ഇയാൽ ഓഫറിന്റെ സൊഡിയാക് ഗ്രൂപ്പിന്റെ ഭാഗമായ സൊഡിയാക് മാരിടൈം കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലാണ് കഴിഞ്ഞ ദിവസം ഇറാൻ പിടിച്ചെടുത്തത്. ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിൽ വെച്ചായിരുന്നു സംഭവം.