കൊച്ചി: റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിന് കുറുകെ കെട്ടിയ കയർ കുരുങ്ങിയാണ് യാത്രക്കാരൻ മരണപ്പെട്ടത്. കൊച്ചിയിലാണ് സംഭവം. വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.
റോഡിൽ കെട്ടിയ വടം കഴുത്തിൽ കുരുങ്ങി റോഡിൽ തലയടിച്ചു വീണ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയർ കെട്ടിയിരുന്നത്. സംഭവത്തിൽ വിശദീകരണവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
തങ്ങൾ കൈ കാണിച്ചിട്ടും നിർത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണിയ്ക്ക് അപകടം സംഭവിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അപകടത്തിൽപ്പെട്ട മനോജിനെ ഉടൻ പോലീസുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. കുന്ദംകുളത്തും കാട്ടാക്കടയിലുമായി രണ്ട് പൊതുസമ്മേളനങ്ങളിലാണ് പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കാട്ടാക്കടയിൽ ഉൾപ്പെടെ ഗതാഗത നിയന്ത്രണവും ശക്തമാക്കിയിട്ടുണ്ട്. രാവിലെ 10 മണി മുതലാണ് കാട്ടാക്കടയിൽ ഗതാഗത നിയന്ത്രണമുള്ളത്.
കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടയ്‌ക്കും. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒന്നും കടത്തിവിടില്ല. കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരുവിധ പാർക്കിംഗും അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.