സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പ്; മൂന്ന് പേർ കസ്റ്റഡിയിൽ

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിലാതെന്നാണ് റിപ്പോർട്ട്. കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

ബിഷ്‌ണോയ് സംഘവുമായി ബന്ധമുള്ള പിടികിട്ടാപ്പുള്ളിയായ ഹരിയാന സ്വദേശി വിശാലാണ് ബൈക്കിലെത്തി വെടിവെപ്പ് നടത്തിയതിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിശാലിനൊപ്പം ബൈക്കിലുണ്ടായിരുന്ന രണ്ടാം പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. മുംബൈയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നതിൽ രണ്ടു പേരുടെ ചിത്രങ്ങൾ മുംബൈ പോലീസ് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്ക് സൽമാന്റെ വസതിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ നിന്നും കണ്ടെടുത്തുകയും ചെയ്തിരുന്നു.

ഞായറാഴ്ച പുലർച്ചെ സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേർക്കാണ് ആക്രമണം നടന്നത്. അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നു.

വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള താരമാണ് സൽമാൻ ഖാൻ. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പോലീസ് സൽമാൻ ഖാന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയത്. ജയിലിൽക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്‌ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്‌ണോയി പറയുന്നത്.