ഇപ്പോഴല്ല പണ്ടു മുതൽ ലോകത്തിന്റെ സംസ്ക്കാരത്തിൽ ഉള്ള ഒന്നാണ് ടാറ്റു, എന്നതിനെ പച്ച കുത്തൽ എന്ന് പറയും. ഇന്ന് ഒരുപാടു പേര് ടാറ്റു ചെയ്യുന്നുണ്ട്. എന്നാൽ ടാറ്റു ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് എന്തെല്ലാമാണെന്ന് നോക്കാം.
എന്താണ് ടാറ്റൂ?
ചർമ്മത്തിന്റെ മുകളിലെ പാളിയിലേക്ക് സൂചിയിലൂടെ പിഗ്മെന്റുകൾ ഉപയോഗിച്ച് ചിത്രങ്ങളോ സിമ്പലുകളോ വരച്ചു ചേർക്കുന്നതാണിത്. ഇതിന് പ്രത്യേകം മെഷീനുകൾ ഉണ്ടായിരിക്കും. മെഷീനുപയോഗിച്ച് അതിലെ സൂചികൾ വഴി മഷി ശരീരത്തിൽ പഞ്ച് ചെയ്യുന്നു.
ഇത് ശരീരത്തിൽ സ്ഥിരമായി നിലനിൽക്കും. ചെറിയ വേദനയും കുറഞ്ഞ അളവിലുള്ള രക്തസ്രാവവും ടാറ്റു ചെയ്യുമ്പോൾ സർവസാധാരണയാണ്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന, വിദഗ്ധരായവരെക്കൊണ്ട് മാത്രം ചെയ്യിക്കണം. ടാറ്റൂ ചെയ്യാൻ ലൈസൻസ്ഡ് കേന്ദ്രങ്ങളെ സമീപിക്കുന്നതാണ് നല്ലത് (മിക്കയിടത്തും ലൈസൻസ് ഒരു സങ്കൽപമാണ്).കാശ് കുറവുമതിയെന്നു കണ്ട്, പാതവക്കിൽനിന്നും മറ്റും ചെയ്താൽ പണി കൂടെപ്പോരും.
ടാറ്റൂ ചെയ്യുന്ന ഭാഗം അണുവിമുക്തമാക്കിയെന്നും ഉറപ്പാക്കണം. അത്യാവശ്യം കാര്യമായിത്തന്നെ ടാറ്റൂ ചെയ്യാനാണ് താൽപര്യമെങ്കിൽ ഒരു ത്വക്‌രോഗ വിദഗ്ധനെക്കണ്ട് ആശങ്കകൾ പരിഹരിച്ചിട്ട് ആകാം. ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന സൂചികൾ, നിറങ്ങൾ, ലോഷൻ എന്നിവയെല്ലാം കൃത്യമായ ഗുണമേന്മയുള്ളതാണെന്ന് ഉറപ്പാക്കണം.
ടാറ്റൂ കലാകാരന്റെ വൈദഗ്ധ്യവും പ്രധാനം. ഇതിൽ വിട്ടുവീഴ്ച വരുത്തിയാൽ തകരാറിലാവുക സ്വന്തം ആരോഗ്യംതന്നെ. അലർജിയും അണുബാധയും ത്വക്‌രോഗങ്ങളും മുതൽ ഹെപ്പറ്റൈറ്റിസ് ബി–സി, എച്ച്ഐവി വരെ ആ ലിസ്റ്റിലുണ്ട്.ടാറ്റൂ ചെയ്യുന്നതിനുള്ള സൂചിയും മറ്റും ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗിക്കുന്ന വസ്തുക്കൾ അണുവിമുക്തമാണെന്നും ഉറപ്പാക്കണം. സൂചി പോലെ വില്ലനാവുന്ന മറ്റൊരാളാണ് ചിത്രപ്പണിക്ക് ഉപയോഗിക്കുന്ന മഷി. ടാറ്റൂ ചെയ്യുന്നതിനു മുൻപ് ടെസ്റ്റ് ഡോസ് എടുക്കുന്നതു നന്ന്.
എന്തെല്ലാം ശ്രദ്ധിക്കണം?
ടാറ്റൂ ചെയ്യുന്നതിനു മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്നവരെങ്കിൽ, ടാറ്റു ചെയ്യുന്നതിനു മുൻപ് അതെല്ലാം മാറ്റിവയ്ക്കണം.
ഏതെങ്കിലും തരത്തിലുള്ള അലർജി ഉള്ളവരെങ്കിൽ, ടാറ്റൂ ചെയ്യുന്നയാളോട് അതു കൃത്യമായി പറയണം.പ്രമേഹം പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ മുറിവുണങ്ങാനുള്ള പ്രയാസം അറിയാമല്ലോ? മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗബാധിതർ, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർ ടാറ്റൂ പരീക്ഷണം ഒഴിവാക്കണം. തീരുമാനം മറിച്ചെങ്കിൽ നിർബന്ധമായും വിദഗ്ധ ഡോക്ടറെ കാണണം.
ടാറ്റൂ ചെയ്ത ഭാഗം വൃത്തിയായി സൂക്ഷിക്കുക. ആ ഭാഗത്ത് അണുബാധയുണ്ടാകരുത്. വെയിലേൽക്കുയും ചെയ്യരുത്. അണുബാധയുണ്ടായാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. രക്തദാന സമയത്ത്, ടാറ്റൂ ചെയ്തവരുടെ രക്തം കുറഞ്ഞതു 3 മാസത്തേക്ക് സ്വീകരിക്കാറില്ല.
ടാറ്റൂ എന്നതു പൂർണമായും അണുവിമുക്തമാക്കി ചെയ്യേണ്ടതാണ്. വഴിവക്കിലും മറ്റും ചെയ്യുമ്പോൾ പല അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
മോശം സാഹചര്യത്തിൽ ചെയ്യുമ്പോൾ ഹെപ്പറ്റൈറ്റിസ് ബി, ക്ഷയം, കുഷ്ഠം, എച്ച്ഐവി പോലുള്ള രോഗങ്ങൾ പടരാം. രോഗബാധയുള്ള വ്യക്തിക്ക് ടാറ്റൂ ചെയ്തശേഷം, അണുവിമുക്തമാക്കാത്ത ഉപകരണങ്ങൾ അടുത്തയാളിൽ ഉപയോഗിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. കുട്ടികൾ കഴിയുന്നതും ടാറ്റൂ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വെള്ളപ്പാണ്ട് പോലുള്ള കാര്യങ്ങളിൽ മെഡിക്കൽ ടാറ്റൂ ചെയ്യുമ്പോൾ അതിനു കൃത്യമായ മാർഗനിർദേശമുണ്ട്. അത്തരത്തിലേ ചെയ്യാറുള്ളു.
ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണം
ടാറ്റു ചെയ്യാൻ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്സ് കൺട്രോൾ ബ്യൂറോയുടെ അംഗീകാരം വേണം. ഡിസ്പോസിബിൾ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താൻ പാടുള്ളൂ. കൂടാതെ ഇവ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുകയും വേണം.
ചർമത്തിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ
ടാറ്റു ചെയ്താലുള്ള അനന്തരഫലങ്ങൾ എല്ലാവർക്കും ഒരു പോലെയല്ല. ചിലർക്ക് അലർജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ചിലരിൽ അണുബാധയുണ്ടാവുന്നതായും കാണുന്നു. ചിലർക്ക് ഇതിന്റെ മഷി പൊള്ളലുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ ചില ത്വക്ക് രോഗങ്ങളും കാണപ്പെടുന്നുണ്ട്. വർഷങ്ങൾ കഴിഞ്ഞാലും ശരീരത്തിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നതായി റിപ്പോർട്ടുകളുണ്ട്. ഗ്രാനുലോമ എന്ന് പറയുന്ന ഒരു തരം വീക്കം ടാറ്റൂ ചെയ്ത ഭാഗങ്ങളിൽ കാണാം. കൂടാതെ ചില രോഗങ്ങൾ ഉള്ള വ്യക്തിയിൽ ടാറ്റു ചെയ്ത ശേഷം മറ്റൊരാൾക്ക് ചെയ്യുമ്പോൾ രോഗം പടരാനുള്ള സാധ്യതയും കൂടുതലാണ്.
യാതൊരു മുൻകരുതലും മാനദണ്ഡങ്ങളുമില്ലാതെ പച്ചകുത്തുന്നത് മൂലമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള പ്രധാന കാരണം. അണുബാധയുമായി നിരവധി പേർ ആശുപത്രികളിലെത്തി തുടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് പച്ചകുത്തൽ നിരീക്ഷിച്ചു തുടങ്ങിയത്.