കോട്ടയം: ഗുരുവായൂർ– മധുര പാസഞ്ചറിൽ യാത്രക്കാരനെ പാമ്പ് കടിച്ച സംഭവത്തിൽ കോച്ചിൽ ദ്വാരം കണ്ടെത്തിയതായി യാത്രക്കാർ അധികൃതരെ അറിയിച്ചു. കടിയേറ്റ യാത്രക്കാരൻ ഇരുന്നിരുന്ന സീറ്റിന് സമീപമാണു ദ്വാരം കണ്ടെത്തിയതെന്നാണു റെയിൽവേ റിപ്പോർട്ടിൽ പറയുന്നത്. ഇവിടെ പാമ്പ് ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ട്. കൂടാതെ ട്രെയിനിൽ പാമ്പുമായി ആരെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ എന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ട്രെയിൻ എൻജിനിൽ നിന്ന് ആറാമതുള്ള ജനറൽ കോച്ചിലെ യാത്രക്കാരനെയാണു പാമ്പ് കടിച്ചത്.
ഇന്നു രാവിലെ പത്തോടെയാണു ഗുരുവായൂർ– മധുര പാസഞ്ചറിൽ യാത്രക്കാരനെ പിറവം റോഡ്– ഏറ്റുമാനൂർ സ്റ്റേഷനുകൾക്ക് ഇടയിലുള്ള യാത്രസമയത്തു പാമ്പ് കടിച്ചത്. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ പരിശോധന നടത്തിയ ശേഷം കോച്ച് അടച്ചു പൂട്ടി. യാത്രക്കാരെ ഈ കോച്ചിൽ നിന്നു മാറ്റി. തെങ്കാശി ശങ്കരംകോവിൽ ചിന്നക്കോവിലകംകുളം സ്വദേശി കാർത്തിക് സുബ്രഹ്മണ്യനാണു (21) പാമ്പ് കടിയേറ്റത്.