സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണം ആരാധകർ ഏറെ ഞെട്ടലോടെയാണ് കേട്ടത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ബിഷ്ണോയ് സംഘവുമായി ബന്ധമുള്ള പിടികിട്ടാപ്പുള്ളിയായ ഹരിയാന സ്വദേശി വിശാലാണ് ബൈക്കിലെത്തി വെടിവെപ്പ് നടത്തിയതിൽ ഒരാളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേർക്കാണ് ആക്രമണം നടന്നത്. അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്നു. ജയിലിൽ ക്കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാൻ. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയി പറയുന്നത്.
ബിഷ്‌ണോയി വിഭാഗം കൃഷ്ണമൃഗത്തെ പരിപാവനമായാണ് കരുതുന്നത്. ഇവർ കൃഷ്ണമൃഗത്തെ കണക്കാക്കുന്നത് തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനർജ്ജന്മമായാണ്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും വലിയ പാപമായി അവർ കണക്കാക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളിൽ പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനും ബിഷ്ണോയികൾ ഇടപെടാറുണ്ട്.
1998-ൽ സൽമാൻ ഖാൻ രാജസ്ഥാനിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ സൽമാൻ ഖാൻ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിയത്. 1998 ഒക്ടോബർ 2 നാണ് സൽമാനെതിരേ ബിഷ്ണോയി വിഭാഗത്തിലുള്ള ഒരാൾ പോലീസിൽ പരാതി നൽകുന്ന്. കൃത്യം പത്ത് ദിവസത്തിന് ശേഷം സൽമാൻ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. ലോറൻസ് ബിഷ്ണോയ്ക്ക് വെറും അഞ്ച് വയസ്സുമാത്രമായിരുന്നു ഈ സംഭവവികാസങ്ങൾ നടക്കുമ്പോൾ പ്രായം.
കൃഷ്ണമൃഗ വേട്ട കേസിൽ ഇരുപത് വർഷങ്ങൾക്കിപ്പുറം 2018 ൽ സൽമാൻ ഖാൻ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം അഞ്ച് വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ജോധ്പൂർ കോടതി സൽമാന് ശിക്ഷ വിധിച്ചത്. പിന്നീട് സൽമാന് ജാമ്യം ലഭിക്കുകയും ചെയ്തു.
കൃഷ്ണമൃഗത്തെ കൊന്നതിന് താൻ സൽമാനോട് പകരം വീട്ടുമെന്ന് ലോറൻസ് ഭീഷണിപ്പെടുത്തി കൊണ്ടേയിരുന്നു. ഇത് ഇയാൾ പരസ്യമായിപലയിടത്തും പറയുകയും ചെയ്തു. ഈ പകയുടെ ഭാഗമായാണ് ഇയാൾ സൽമാൻ ഖാന്റെ വസതിയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള താരമാണ് സൽമാൻ ഖാൻ. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പോലീസ് സൽമാൻ ഖാന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയത്.