കുവൈറ്റ്സിറ്റി: ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍അഹമ്മദ് അസ്സബാഹിനെ കുവൈറ്റ് അമീര്‍ ഷെയ്ഖ് മിശ്അല്‍ അഹ്മദ് ജാബിര്‍ അസ്സബാഹ് പ്രധാനമന്ത്രിയായി നിയമിച്ചു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
കുവൈറ്റിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ് ഷെയ്ഖ് അഹമ്മദ്. 2021 മുതല്‍ ക്രൗണ്‍സ് പ്രിന്‍സ് കോടതിയുടെ തലവനായി സേവനമനുഷ്ഠിച്ചു. 2009-ല്‍ ഷെയ്ഖ് അഹമ്മദ് എണ്ണ മന്ത്രിയും വാര്‍ത്താവിതരണ മന്ത്രിയുമായി നിയമിതനായി. രണ്ട് വര്‍ഷം ഈ പദവി വഹിച്ചിരുന്നു. 2005 മുതല്‍ 2007 വരെ ആരോഗ്യ മന്ത്രിയായും 1999 മുതല്‍ 2006 വരെ ഗതാഗത മന്ത്രിയായും 2003 മുതല്‍ 2005 വരെ ആസൂത്രണ മന്ത്രിയും ഭരണ വികസന കാര്യ സഹമന്ത്രിയും 1999 ലും 2001 ലും ധനമന്ത്രിയായും സേവനമനുഷ്ഠിച്ചു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ കുവൈറ്റ് മന്ത്രിസഭ ഏപ്രില്‍ ആദ്യത്തില്‍ രാജിവെച്ചിരുന്നു. പ്രധാനമന്ത്രി ഡോ. മുഹമ്മദ് സബാഹ് സാലിം അസ്സബാഹ് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിശ്അല്‍ അഹമ്മദ് ജാബിര്‍ അസ്സബാഹിനാണ് രാജിക്കത്ത് കൈമാറിയത്.
ജനുവരി നാലിനാണ് ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് സലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്. പുതിയ ഗവണ്‍മെന്റ് അധികാരമേല്‍ക്കുന്നത് വരെ മന്ത്രിസഭ തുടരും.