മലയാള സംഗീത രംഗത്തിനു തിലകം ചാർത്തിയ അന്തരിച്ച സംഗീതജ്ഞൻ കെ.ജി ജയന് ആദരാഞ്ജലികളർപ്പിച്ച് മലയാള സംഗീതലോകം. വളരെ വേദനയോടെയാണ് ജയന്റെ മരണത്തെക്കുറിച്ച് പ്രമുഖർ പ്രതികരിച്ചത്. മലയാള സംഗീത കുലപതികളിൽ ഒരാൾ കൂടി ഓർമയാകുന്നതോടെ വലിയ നഷ്ടമാണ് സിനിമ–ഭക്തിഗാനമേഖലകളിൽ ഉണ്ടാകുന്നത്. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയത്.
വലിയ വേദനയോടെയാണ് ജയൻ സാറിന്റെ വിയോഗവാർത്ത ശ്രവിച്ചത്. ഏറ്റവും മികവുള്ള കർണാട്ടിക് സംഗീതജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരുപാട് ഭക്തിഗാനങ്ങളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
കെ. എസ് ചിത്ര
മലയാളസംഗീത ശാഖ ഒരുകാലത്ത് ഭക്തിസാന്ദ്രമായ സംഗീതം കൊണ്ട് അടക്കി വാണിരുന്ന സഹോദരങ്ങളായിരുന്ന ജയവിജയന്മാരിൽ ജയൻ മാഷും നമ്മെ വിട്ടു പിരിഞ്ഞു പോയിരിക്കുകയാണ്… എന്റെ പ്രിയപ്പെട്ട സഹോദര തുല്യനായ മലയാളികളുടെ പ്രിയ നടൻ മനോജ് കെ ജയന്റെ പിതാവ് കൂടിയായ ജയൻമാഷിന് കണ്ണീരിൽ കുതിർന്ന പ്രണാമം
ശരത്
വളരെ സങ്കടകരമായ വാർത്തയാണ്. ശബരിമലയിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. എനിക്ക് വളരെ പ്രിയപ്പെട്ട സംഗീതജ്ഞനാണ്, സുഹൃത്താണ്. ഭക്തിഗാനമേഖലയിൽ അദ്ദേഹത്തിന് അഗാധപാണ്ഡിത്യമുണ്ടായിരുന്നു. ആദരാഞ്ജലികൾ.
കൈതപ്രം
ചെമ്പൈ ഗ്രാമത്തിൽ 13 വയസിൽ ഞാൻ കൂടെ മൃദംഗം വായിച്ച അനുഭവം മുതൽ രണ്ട് വർഷം മുൻപേ വായിച്ച കച്ചേരി വരെ.. അത്രയുമേറെ എന്നെ ഇഷ്ടപ്പെട്ട കലാകാരൻ.. എന്റെ മൃദംഗ ധ്വനിയെ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവ വേദിയിൽ വെച്ചുപോലും പുകഴ്ത്തിയ സംഗീതജ്ഞൻ.. എത്രയെത്ര കച്ചേരികൾ.. എന്റെ ഗാനരചനയെന്നതു കൊണ്ടു മാത്രം അവശനായിരുന്നപ്പോഴും സുലളിതത്തിൽ ഒരു ഗാനം ഈണമിട്ട് പാടി അനുഗ്രഹിച്ച സൻമനസ്..ഇനിയുമുണ്ടേറെ. മരണമില്ലാത്ത സ്മരണകൾ ..ചെമ്പൈ ശിഷ്യനും സംഗീതജ്ഞനും സംഗീത സംവിധായകനുമായ പത്മശ്രീ കെ.ജി ജയന് ആദരാഞ്ജലികൾ.
കുഴൽമന്നം ജി രാമകൃഷ്ണൻ
ആയിരക്കണക്കിന് ഭക്തി ഗാനങ്ങൾക്കും സിനിമാ ഗാനങ്ങൾക്കും ഈണം നൽകിയ മുതിർന്ന സംഗീതജ്ഞൻ കെ.ജി ജയന് പ്രണാമം.ആസ്വാദകരുടെയും ആരാധകരുടെയും ഹൃദയങ്ങളിലേക്ക് മറക്കാനാവത്ത അനുഭൂതികൾ പകർന്നു നൽകിയ സംഗീതജ്ഞൻ വയലിൻ വായനയിലും കർണ്ണാടക സംഗീതത്തിലും തന്റേതായ പ്രാഗത്ഭ്യം തെളിയിച്ചതുകൊണ്ടാണ് രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ശ്രേഷ്ഠ കലാകാരന് പ്രണാമം.
രമേശ് ചെന്നിത്തല
നക്ഷത്രദീപങ്ങൾ…. പൊലിഞ്ഞു. മലയാളത്തിന്റെ പാരമ്പര്യമറിഞ്ഞുകൊണ്ട് എത്രയെത്ര പാട്ടുകൾ… ഭക്തിയുടെ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ നിറകുടം. പ്രിയപ്പെട്ട സംഗീതജ്ഞൻ ശ്രീ കെ ജി ജയൻ അന്തരിച്ചു.
മധുപാൽ
ഇന്നു രാവിലെ തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു ജയന്റെ അന്ത്യം. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപാട് മികച്ച ഗാനങ്ങൾ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. പ്രശസ്‌ത സിനിമാ താരം മനോജ് കെ.ജയൻ മകനാണ്.
Read also: പ്രശസ്ത സംഗീതജ്ഞന്‍ കെ. ജി. ജയന്‍ അന്തരിച്ചു