ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്പാദ്യ പദ്ധതികളെ സമാനമായ മറ്റ് രീതികളിൽ നിന്നും വ്യത്യസ്തവും സവിശേഷവുമാക്കുന്നത്. സർക്കാർ പിന്തുണയുള്ള ഇത്തരം നിക്ഷേപങ്ങളിലൂടെ നിക്ഷേപകർക്ക് അവരുടെ ഹ്രസ്വാ-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കുന്നു.
ഇത്തരത്തിൽ ആളുകൾക്ക് ഏറെ ഉപകാരപ്പെടുന്ന പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് റെക്കറിംഗ് ഡെപ്പോസിറ്റ് (ആർഡി) അഥവ പോസ്റ്റ് ഓഫീസ് സേവിംഗ്സ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്. കുറഞ്ഞ നിരക്കിൽ വരെ നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്ന പദ്ധതിയിലും ഉയർന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാം.
ജൂൺ 30ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 6.7 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപകർക്ക് ലഭിക്കുന്നത്. 100 രൂപയാണ് പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ പരിധി. ഉയർന്ന നിക്ഷേപ പരിധി ബാധകമല്ലാത്ത ആർഡിയുടെ മെച്വൂരിറ്റി കാലയളവ് അഞ്ച് വർഷമാണ്. നിബന്ധനകളോടെ മൂന്ന് വർഷത്തിന് ശേഷം പ്രീമെച്വൂരിറ്റി പിൻവലിക്കലും സാധ്യമാണ്. 5000 മുതൽ 20000 രൂപ വരെ നിക്ഷേപിച്ച് 14 ലക്ഷത്തിന് മുകളിൽ സമ്പാദിക്കാൻ ആർഡി നിക്ഷേപത്തിലൂടെ സാധിക്കും.
പണമായും ചെക്കായും ആദ്യ അടവ് അടച്ച് പോസ്റ്റ് ഓഫീസ് ആർഡി അക്കൗണ്ട് തുറക്കാൻ സാധിക്കും. ആദ്യ രണ്ടാഴ്ചയിലോ 16-ാം ദിവസത്തിനും മാസത്തിലെ അവസാന പ്രവൃത്തി ദിവസത്തിനും ഇടയിലോ അക്കൗണ്ട് തുറന്നാൽ, ഓരോ മാസവും 15-ാം തീയതിക്കുള്ളിൽ തുടർന്നുള്ള നിക്ഷേപങ്ങൾ നടത്തേണ്ടതുണ്ട്. ഇത്തരത്തിൽ ആരംഭിക്കുന്ന അക്കൗണ്ട് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസ് ബ്രാഞ്ചിൽ ഒരു നിശ്ചിത അപേക്ഷാ ഫോം സമർപ്പിച്ച് തുറന്ന തീയതി മുതൽ മൂന്ന് വർഷം പൂർത്തിയാകുമ്പോൾ പിൻവലിക്കാൻ സാധിക്കും. എന്നാൽ നിബന്ധനകൾക്ക് വിധേയമായിരിക്കും പിൻവലിക്കൽ. അതേസമയം, മെച്വൂരിറ്റി കാലയളവിന് ശേഷം അഞ്ച് വർഷത്തേക്കുകൂടി നിക്ഷേപം നിലനിർത്താനും സാധിക്കും.
5000 രൂപയാണ് നിങ്ങൾ പ്രതിമാസം ആർഡിയിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ മൂന്ന് വർഷമാകുമ്പോൾ നിലവിലത്തെ പലിശ നിരക്കിൽ 67,492 രൂപ റിട്ടേൺസിനത്തിൽ ലഭിക്കുന്നു. നാലാം വർഷം ഇത് 70,192 രൂപയും അഞ്ച് വർഷത്തെ മെച്വൂരിറ്റി കാലയളവ് പൂർത്തിയാക്കുന്ന ഘട്ടത്തിൽ 3,56,829 രൂപയും നിക്ഷേപകന് റിട്ടേൺസായി ലഭിക്കുന്നു.
നിങ്ങളുടെ പ്രതിമാസം നിക്ഷേപം 12,000 രൂപയാണെങ്കിൽ മൂന്നാം വർഷം 1,61,980 രൂപയും നാലാം വർഷത്തിൽ 1,68,460 രൂപയും ലഭിക്കുന്നു. എന്നാൽ മെച്വൂരിറ്റി കാലയളവ് പൂർത്തിയാക്കുന്ന ഘട്ടത്തിൽ അതായത് അഞ്ചാം വർഷത്തിന് ശേഷം 8,56,390 രൂപയായിരിക്കും നിങ്ങളുടെ റിട്ടേൺസ്.
20,000 രൂപ പ്രതിമാസം നിക്ഷേപം നടത്താൻ സാധിക്കുന്നവർക്ക് മൂന്ന് വർഷത്തിന് ശേഷം 2,69,967 രൂപ ലഭിക്കുന്നു. നാല് വർഷം പൂർത്തിയാക്കിയാൽ 2,80,766 രൂപയും അഞ്ചാം വർഷത്തിൽ 14,27,317 രൂപയും കിട്ടും.