“ഇത്തവണ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടും’… ഇത് പറയുന്നത് മറ്റാരുമല്ല, മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ ആണെന്നാണ് പറയുന്നത്.
വയനാട്ടിൽ രാഹുൽ ഗാന്ധി അടക്കം പരാജയപ്പെടും പ്രകടന പത്രിക വെറും പ്രഹസനം മാത്രം, തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും, CAA എന്ന വാക്ക് പോലും പ്രകടന പത്രികയിൽ ഇല്ല” എന്നെഴുതിയ ഫേസ്ബുക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ രാഹുൽ ഗാന്ധിക്കെതിരെ പരാമർശം നടത്തിയെന്ന തരത്തിലാണ് ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
എന്താണ് ഈ പോസ്റ്റിന്റെ യാഥാർഥ്യം എന്ന പരിശോധിക്കാം.
പ്രചരിക്കുന്ന പോസ്റ്റിൽ അവകാശപ്പെടുന്നതുപോലെ വിഎം സുധീരൻ രാഹുൽ ഗാന്ധിക്കെതിരെയോ കോൺഗ്രെസ്സിനെതിരെയോ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടോ എന്നത് തന്നെയാണല്ലോ ഈ അവസരത്തിൽ പരിശോധിക്കേണ്ടത്.
എന്നാൽ അത്തരം പരാമർശങ്ങളൊന്നും വിഎം സുധീരന്റെ ഭാഗത്തുനിന്നും ഉണ്ടായതായി കണ്ടെത്താൻ സാധിച്ചിട്ടില്ല. മാത്രമല്ല, രാഹുൽ ഗാന്ധിക്കെതിരെ വിഎം സുധീരൻ എന്തെങ്കിലും പരാമർശം നടത്തിയിരുന്നുവെങ്കിൽ അത് തീർച്ചയായും വലിയ വാർത്തയും ചർച്ചയുമൊക്കെ ആകുമായിരുന്നു. എന്നാൽ അങ്ങനെയും ഒന്നും സംഭവിച്ചിട്ടില്ല.
ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ‘സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കള്ളപ്രചരണം: ഡി.ജി.പി.ക്ക് പരാതി നല്‍കി’ എന്ന തലകെട്ടോടെ കൊടുത്തിരിക്കുന്ന ഒരു വാർത്ത ശ്രദ്ധയിൽപെട്ടു. വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിൽ വിഎം സുധീരന്റെ പേരിൽ സമഹൂമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരായി പരാതി നൽകി എന്നാണ് വാർത്തയിൽ പറയുന്നത്.
തന്റെ പേരിൽ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിഎം സുധീരൻ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിലൂടെ വ്യക്തമാക്കിയിട്ടുലതയും കണ്ടെത്തി.
“കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതിനും, മഹത്തായ കോൺഗ്രസ് പ്രസ്ഥാനത്തിന് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിനും വ്യക്തിപരമായി എന്നെ തേജോവധം ചെയ്യുന്നതിനും വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് റെഡ് ആർമി എന്ന പേരിലും മറ്റു പല പേരുകളിലുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്..” എന്നാണ് ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് വിഎം സുധീരൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കൂടാതെ ഇത്തരമൊരു പ്രസ്താവന തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടിട്ടുള്ളതായും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിലുള്ളതെന്നും, ഇരുപതിൽ ഇരുപത് സീറ്റും നേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാർട്ടി മാറുന്നത് അധാർമികമാണെന്നും വിഎം സുധീരൻ പറഞ്ഞിട്ടുള്ളതാണ് വാർത്തകൾ വന്നിട്ടുണ്ട്.
ഇതോടെ ലഭ്യമായ വിവരങ്ങളിൽ നിന്നും തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും തിരിച്ചടിയുണ്ടാകുമെന്നും പരാജയപ്പെടുമെന്നും വിഎം സുധീരൻ പറഞ്ഞുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ യാഥാർഥ്യമല്ലയെന്നും, അത്തരം പ്രസ്താവനകൾ അദ്ദേഹം നടത്തിയിട്ടില്ലായെന്നും വ്യക്തമാണ്.