ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറന്നിരുന്നതായി റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂയോര്‍ക്കില്‍ നിന്നും മുംബൈയിലേക്കുള്ള 116 നമ്പര്‍ വിമാനവും മുംബൈ-ലണ്ടന്‍ 131 നമ്പര്‍ എയര്‍ ഇന്ത്യ വിമാനവുമാണ് ഏപ്രില്‍ 13, 14 തീയതികളില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും മുകളിലൂടെ പറന്നതെന്ന് ഫ്‌ളൈറ്റ് റഡാര്‍ 24ന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് മുന്നൂറോളം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണിത്.
അതേസമയം യാത്രക്കാരുടെ സുരക്ഷയ്ക്കു തന്നെയാണ് പ്രഥമ പരിഗണനയെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. ഏപ്രില്‍ 13ന് ഇറാന്റെ വ്യോമമേഖലയില്‍ പറക്കുന്നതിനു യാതൊരു നിയന്ത്രണവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ല. വിവിധ സുരക്ഷാ ഏജന്‍സികളുമായി നിരന്തരം ബന്ധപ്പെട്ടാണ് സര്‍വീസുകള്‍ ക്രമീകരിക്കുന്നതെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
മലേഷ്യ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേയ്‌സ് എന്നീ കമ്പനികളും ഏപ്രില്‍ 13ന് ഇറാന്റെ വ്യോമമേഖലയിലൂടെ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ചില കമ്പനികള്‍ ശനിയാഴ്ചയ്ക്കു ശേഷം റൂട്ട് മാറ്റിയാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ തന്നെ ഏപ്രില്‍ 13ന് ചില സര്‍വീസുകളില്‍ മാറ്റം വരുത്തിയിരുന്നു. കൊച്ചി-ലണ്ടന്‍ 149 നമ്പര്‍ വിമാനവും ഡല്‍ഹി-ഫ്രാങ്ക്ഫര്‍ട്ട് 121 വിമാനവും അഫ്ഗാനിസ്ഥാന്‍ വഴിയാണ് സര്‍വീസ് നടത്തിയത്.
Read also: ജമ്മു കശ്മീരിൽ ഝലം നദിയിൽ ബോട്ട് മറിഞ്ഞു: നിരവധിപേരെ കാണാതായി